sections
MORE

മണ്ഡലകാലം 4 ദിനങ്ങൾ മാത്രം അകലെ; ശബരിമലയിൽ ഒരുക്കം എന്തായി?

sabari6
സന്നിധാനത്തെ തിരുമുറ്റം കോൺക്രീറ്റ് ചെയ്ത് ടൈൽ പാകുന്ന ജോലികൾ ആരംഭിച്ചപ്പോൾ.
SHARE

∙ സന്നിധാനം 

സന്നിധാനത്തു ശ്രീകോവിലിന്റെ വടക്കേ വശത്ത് കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുന്നു. പുതിയ തറയോടു പാകും. 2 ദിവസം കൊണ്ട് പണി പൂർത്തിയാകും. 

പതിനെട്ടാം പടിക്ക് ഇരുവശത്തും പുതിയ ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ഭക്തർ വരിനിൽക്കുന്ന സ്ഥലത്തും പുതിയ ലൈറ്റ് വരും. ഇവിടെ കൈവരിയോടു ചേർന്ന് ഇരുമ്പുവേലിയും നിർമിച്ചിട്ടുണ്ട്. അരവണ വിതരണകേന്ദ്രത്തിൽ നിർമാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു. ഇവിടം 2 ദിവസത്തിനകം വൃത്തിയാക്കുമെന്ന് കരാറുകാർ. 

 മാളികപ്പുറത്തിന് എതിർവശത്തു മീഡിയ റൂമുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും ഇടിച്ചുനിരത്തി. കെട്ടിട അവശിഷ്ടങ്ങൾ നീക്കുന്നതേയുള്ളൂ. ഇവിടെയിനി ഭക്തർക്കു വിശ്രമിക്കാൻ സൗകര്യമൊരുക്കും. നിലവിലെ സാഹചര്യത്തിൽ നട തുറക്കും മുൻപു പണി പൂർത്തിയാകില്ല. 

 മരാമത്തു സമുച്ചയത്തിന് എതിർവശത്ത് 2 പുതിയ വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. ഇവിടെ വിരിവയ്ക്കാൻ സൗകര്യമൊരുക്കും. നിർമാണം തീർഥാടനത്തിനു മുൻപു പൂർത്തിയാകില്ല.  

ശുദ്ധജല വിതരണം

അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുദ്ധജലം വിതരണം ചെയ്യാൻ 40 കൗണ്ടറുകൾ തുറക്കും. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. സന്നിധാനത്ത് കുടിവെള്ളം കിട്ടുന്ന 283 ടാപ്പുകൾ സ്ഥാപിക്കും. ജല അതോറിറ്റിയുടെ കിയോസ്‌ക് നവീകരണം പമ്പ മുതൽ സന്നിധാനം വരെ നടക്കുന്നുണ്ട്.

മകരവിളക്ക് ലക്ഷ്യമാക്കി, കുന്നാറിൽനിന്നു 2.65 കോടി ലീറ്റർ ശുദ്ധജലമെത്തിച്ച് സന്നിധാനത്തു കരുതിവയ്ക്കും.

ശുചിമുറി

സന്നിധാനത്ത് 997 ശുചിമുറികൾ ഒരുക്കും. നടപടികൾ പൂർത്തിയായിട്ടില്ല. 

അന്നദാനം

ഒരു ദിവസം 30,000 പേർക്കു ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് സന്നിധാനത്തുള്ളത്. ഒരുസമയം 500 പേർക്കാണു ഭക്ഷണം നൽകുന്നത്. അന്നദാന മണ്ഡപത്തിന്റെ നിർമാണം  പുരോഗമിക്കുന്നു. 2 ദിവസത്തിനകം പൂർത്തിയാകും. 

മാലിന്യസംസ്‌കരണം

സന്നിധാനത്ത് 5 ലക്ഷം ലീറ്റർ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് ഉണ്ട്. എന്നാൽ, ഇതിനു കരാർ നൽകിയിട്ടില്ല. 200 കിലോഗ്രാം മാലിന്യം സംസ്‌കരിക്കാനുള്ള 2 ഇൻസിനറേറ്റർ സജ്ജം. 300 കിലോഗ്രാം ശേഷിയുള്ള ഇൻസിനറേറ്ററും തയാർ.

പ്രളയത്തിൽ തകർന്ന പമ്പയിലെ മാലിന്യസംസ്കരണ പ്ലാന്റ് അറ്റകുറ്റപ്പണി പൂർത്തിയാക്കി. 3.50 ലക്ഷം ലീറ്ററാണ് സംസ്‌കരണ ശേഷി. 

താമസസൗകര്യം

സന്നിധാനത്തെ അതിഥിമന്ദിരം, ഡോണർ ഹൗസുകൾ എന്നിവ ഓൺലൈൻ വഴി ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. 

http://travancoredevaswomboard.org/sabarimala/sabarimala-accommodation

∙ പമ്പ

പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള നടപ്പാതയിൽ മരക്കൂട്ടത്തിനു സമീപത്തെ ക്യൂ കോംപ്ലക്സിൽ മരച്ചില്ല വീണു വഴി മുടങ്ങിക്കിടക്കുന്നു.

മരക്കൂട്ടത്തും ചന്ദ്രാനന്ദൻ റോഡിലും മഴയിൽ ഒലിച്ചിറങ്ങിയ മൺകൂനകൾ ചെളിക്കുളമായി കിടക്കുകയാണ്. സാനിറ്റേഷൻ വിഭാഗത്തിന്റെ ജോലികൾ തുടങ്ങുമ്പോൾ തീർഥാടനപാത ഗതാഗതയോഗ്യമാകുമെന്നാണ് അറിയിപ്പ്.

sabari2
പ്രളയത്തിൽ മണ്ണു വന്നടിഞ്ഞ് ആഴം കുറഞ്ഞ പമ്പാനദിയിൽ മണ്ണു നീക്കം ചെയ്യുന്നു.

എന്നാൽ, ഇതുവരെ ജോലി എവിടെയും എത്തിയിട്ടില്ല. ത്രിവേണി പാലം കഴിഞ്ഞ് പ്രധാന നടപ്പന്തലിന്റെ ജോലികൾ പുരോഗമിക്കുന്നു. 

ശുദ്ധജലം 

പമ്പയിൽ ജല അതോറിറ്റിയുടെ കിയോസ്‌കുകൾ സ്ഥാപിച്ചു തുടങ്ങി. അതേസമയം, ത്രിവേണിയിൽ ദേവസ്വം ബോർഡിന്റെ 3 കിയോസ്‌കുകളുടെ പണി വനം വകുപ്പുമായുള്ള തർക്കത്തെത്തുടർന്നു നിർത്തിവച്ചു; പ്രശ്നം മുഖ്യമന്ത്രിയുടെ മുന്നിൽ. 

ശുചിമുറി

പമ്പയിൽ 290 ശുചിമുറികൾ നിർമിക്കും. പ്രളയത്തിൽ തകർന്ന ശുചിമുറികളിൽ ഉപയോഗിക്കാവുന്നവ അറ്റകുറ്റപ്പണി പൂർത്തിയാക്കി. 100 ബയോ ശുചിമുറികൾ സ്ഥിപിക്കുമെന്നാണ് അറിയിപ്പ്. ഇതിൽ പകുതിയെണ്ണം പമ്പയിൽ എത്തിച്ചിട്ടുണ്ട്.

ബാക്കിയുള്ളവ 2 ദിവസത്തിനകം എത്തിക്കും. വനിതകൾക്കായി 62 ശുചിമുറികൾ പ്രത്യേകം ഉണ്ടാക്കാനും പദ്ധതിയുണ്ട്. 

പ്രളയ ബാക്കി

തകർന്ന പമ്പയുടെ പുനരുദ്ധാരണം ഇനിയും പൂർത്തിയായിട്ടില്ല. ഹിൽടോപ്പിന് അടിവാരത്ത് പുഴയിലേക്ക് ഇടിഞ്ഞുവീണ സ്ഥലം സംരക്ഷിക്കാൻ മണൽചാക്കുകൾ അടുക്കി മതിലുയർത്തിയെങ്കിലും കഴിഞ്ഞ പ്രളയത്തിൽ മുഴുവൻ തകർന്നു.

പ്ലാസ്റ്റിക് ചാക്കുകൾ പമ്പയാറിൽ ചേർന്നു. ജലസേചന വകുപ്പാണു നവീകരണം നടത്തേണ്ടത്. പമ്പയിലെ തടയണയും നശിച്ച നിലയിലാണ്. പ്രളയത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും മണൽപ്പുറത്തുണ്ട്.

sabari3
മരക്കൂട്ടത്തിനും ശബരിപീഠത്തിനും മധ്യേയുള്ള ക്യൂ കോംപ്ലക്സിൽ വഴിമുടക്കി കിടക്കുന്ന മരച്ചില്ലകൾ.

ആറാട്ടുകടവിലും സമീപപ്രദേശങ്ങളിലും കുളിക്കുമ്പോൾ അപകട ഭീഷണിയുണ്ട്. കഴിഞ്ഞ സീസണിൽ ഒരു കുട്ടി ഇവിടെ മരണപ്പെട്ടിരുന്നു. 

പ്രധാനപാത നവീകരണം

നിലയ്ക്കൽ മുതൽ പമ്പ വരെ ടാറിങ് പുരോഗമിക്കുന്നു. തീർഥാടനത്തിനു മുൻപ് റോഡ് പണി പൂർത്തിയാകും. 

മണ്ണിടി‍ഞ്ഞു റോഡിന്റെ പകുതി ഇല്ലാതായ കമ്പകത്തുംവളവിൽ ഒരിടത്തു കരിങ്കൽകെട്ടിന്റെ ജോലികൾ 

പൂർത്തിയാവുന്നു. രണ്ടാമത്തെ സ്ഥലത്ത് പണി പകുതി ആയതേയുള്ളൂ. ഇവിടത്തെ ടാറിങ് പൂർത്തിയായ ശേഷമേ ഇലവുങ്കൽ കണമല റോഡിന്റെ ടാറിങ് തുടങ്ങൂ. ഇവിടെ, തീർഥാടനം തുടങ്ങും മുൻപ് ജോലി പൂർത്തിയാവാനിടയില്ല.  

∙ നിലയ്ക്കൽ

സ്വകാര്യ വാഹനങ്ങൾക്കു നിലയ്ക്കൽ വരെയേ സർവീസ് ന‍ടത്താനാകൂ. പാർക്കിങ് സൗകര്യം ഒരുക്കാൻ മരംമുറി തുടങ്ങിയിട്ടേയുള്ളൂ.

വിരിവയ്ക്കാൻ കഴിഞ്ഞ വർഷത്തെ അതേ സൗകര്യമാണ് ഇക്കുറിയും. 2 മണ്ഡപങ്ങളാണ് ഇവിടെയുള്ളത്. പ്രധാന ഇടത്താവളത്തിൽ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. 2000 വണ്ടികൾ കൂടി അധികമായി ഇടാനുള്ള സൗകര്യം ഒരുക്കിയാൽ നിലയ്ക്കലിലെ പാർക്കിങ് ശേഷി 11,000 ആയി ഉയരും. 

കുടിവെള്ളം

നിലയ്ക്കൽ 300 ജല കിയോസ്‌കുകൾ സ്ഥാപിക്കാനാണു തീരുമാനം. ജോലികൾ തുടങ്ങിയിട്ടേയുള്ളൂ. ചുക്കുവെള്ള വിതരണത്തിനും കൗണ്ടറുകൾ ഉണ്ടാകും.

ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ടാങ്കിൽ ദിവസേന 25 ലക്ഷം ലീറ്റർ വെള്ളം നിറച്ചുനൽകും. 50 ലക്ഷം ലീറ്റർ ശേഷിയുള്ള ടാങ്കിന്റെ പണി ആലോചനയിലുണ്ടെങ്കിലും ഈ തീർഥാടനകാലത്തു യാഥാർഥ്യമാകില്ല. 

ശുചിമുറി 

നിലയ്ക്കൽ 1095 ശുചിമുറികളും 60 കുളിമുറികളും സ്ഥാപിക്കും. ഇതിന്റെ ജോലികൾ തുടങ്ങി. 

അന്നദാനം

നിലയ്ക്കൽ 5000 പേർക്ക് അന്നദാനസൗകര്യം ഒരുക്കുമെന്നു ദേവസ്വം ബോർഡ് അറിയിച്ചു. 

താമസം

sabari5
മരക്കൂട്ടത്തു നിന്നു സന്നിധാനത്തേക്കുള്ള ചന്ദ്രാനന്ദൻ റോഡ് ചെളിക്കുളമായ നിലയിൽ.

നിലയ്ക്കലിൽ പൊലീസിനും മറ്റു സർക്കാർ ജീവനക്കാർക്കും താമസിക്കാൻ ബങ്കർ ബാരക്ക് പണി നടക്കുന്നു.1100 പൊലീസുകാർക്കു താമസസൗകര്യം ഉണ്ടാകും. 200 സർക്കാർ ജീവനക്കാർക്കും താമസിക്കാം.

വടശേരിക്കര ഇടത്താവളം

ഇവിടെ ശുചിമുറികൾ ലേലത്തിലെടുക്കാൻ കരാറുകാർ തയാറായില്ല. 76000 രൂപ ലേലത്തുകയും 19800 രൂപ ജിഎസ്ടിയുമാണ് ദേവസ്വം ബോർഡ് അടിസ്ഥാന വിലയിട്ടത്. എന്നാൽ, കഴി‍ഞ്ഞ വർഷം ഈ തുകയ്ക്കു ലേലം വിളിച്ച കരാറുകാർക്ക് ആകെ ലഭിച്ചത് 25000 രൂപയാണ്.

ഉയർന്ന തുകയ്ക്കു ലേലം വിളിക്കില്ലെന്ന് അവർ നിലപാടെടുത്തതോടെ 3 തവണ ലേലം മുടങ്ങിയിരുന്നു. 12 ശുചിമുറികൾ മാത്രമാണ് ഇപ്പോൾ ഉപയോഗയോഗ്യം.

∙ എരുമേലി

തീർഥാടന കാലത്തിനു മുന്നോടിയായി എരുമേലിയിൽ ഒരുക്കങ്ങൾ തകൃതിയിൽ. പക്ഷേ, കടകളും പാർക്കിങ് ഗ്രൗണ്ടുകളും ലേലത്തിൽ പിടിക്കാൻ വ്യാപാരികൾ തയാറാകുന്നില്ല.

ക്ഷേത്രങ്ങൾ ഒരുങ്ങുന്നു

എരുമേലി ധർമശാസ്താ ക്ഷേത്രം, കൊച്ചമ്പലം, പേട്ടക്കവലയിലെ ഗോപുരം, വലിയമ്പല ഗോപുരം, നടപ്പന്തൽ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നു. വലിയമ്പലത്തിനു മുന്നിലെ വലിയ തോട്ടിലെ മണ്ണു നീക്കം ചെയ്യുന്നു. തടയണ മുതൽ കൊരട്ടി വരെ രണ്ട് കിലോമീറ്റർ നീളത്തിൽ വലിയ തോട് ഇതോടൊപ്പം ശുചീകരിക്കുന്നു.

sabari7
എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു മുൻപിലെ വലിയ തോട്ടിലെ മണ്ണു നീക്കം ചെയ്യുന്നു.

വിശ്രമകേന്ദ്രങ്ങൾ തയാർ

വലിയമ്പലത്തിനു സമീപം മൂന്ന് ഷെൽറ്ററുകളിലായി ആയിരത്തിൽപ്പരം ആളുകൾക്കു വിരിവയ്ക്കാൻ സൗകര്യമുണ്ട്. എരുമേലി ഡിടിപിസിക്കു കീഴിലുള്ള പിൽഗ്രിം സെന്ററിൽ രണ്ട് ബ്ലോക്കുകളിലായി 160 പേർക്കു കിടക്കാനാവുന്ന ബർത്തുകളുണ്ട്. ഇതിനു പുറമേ, എട്ട് മുറികളുമുണ്ട്. ദേവസ്വത്തിനു കീഴിലുള്ള ശുചിമുറി ബ്ലോക്കുകളിലും അറ്റകുറ്റപ്പണി നടത്തി.

പാതകൾ ഒരുങ്ങി, പക്ഷേ...

വനംവകുപ്പിനു കീഴിലുള്ള വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാനനപാത സഞ്ചാര യോഗ്യമാക്കി. കാടു വെട്ടിത്തെളിച്ചു. പക്ഷേ, കാളകെട്ടി ഭാഗത്തു റോഡ് തകർന്നു കിടക്കുന്നു.

എരുമേലി–പമ്പ റോഡ് അറ്റകുറ്റപ്പണികൾ ഭാഗികം. കണമല മുതൽ പമ്പ വരെ പല ഭാഗവും തകർന്നുകിടക്കുന്നു. എരുമേലി–കാഞ്ഞിരപ്പള്ളി റോഡിൽ പട്ടിമറ്റം ഭാഗത്ത് ഗതാഗതനിയന്ത്രണം. വാഹനങ്ങൾ അഞ്ചിലിപ്പ വഴിയും കാരികുളം വഴിയും തിരിച്ചുവിടും. റോഡ് പ്രളയത്തിൽ തകർന്നതാണ്. എരുമേലി – മുണ്ടക്കയം റോഡ് ഗതാഗതയോഗ്യം.

ശുദ്ധജലം

എരുമേലി ടൗണിൽ ശുദ്ധജലം ലഭിക്കും. അയ്യപ്പഭക്തരുടെ യാത്രാവഴിയായ മുക്കൂട്ടുതറ, കണമല ഭാഗത്ത് ശുദ്ധജലവിതരണ പദ്ധതിയില്ല.

കെഎസ്ആർടിസി

sabari
മരാമത്തു കോംപ്ലക്സിന് എതിർവശത്ത് തീർഥാടകർക്കായി നിർമിക്കുന്ന വിശ്രമകേന്ദ്രം.

എരുമേലി കെഎസ്ആർടിസി ഡിപ്പോയ്ക്ക് പമ്പ സർവീസ് നടത്താൻ അധികമായി 10 ബസുകൾ വിട്ടുകൊടുക്കും. 16ന് ഇവ എത്തും. പാർക്കിങ്ങിന് ഡിപ്പോയോടു ചേർന്ന് സ്ഥലം വാടകയ്ക്കെടുത്തു.

വ്യാപാര സ്ഥാപനങ്ങൾ

56 കടകളിൽ ഇതുവരെ കേവലം 14 എണ്ണം മാത്രമേ ലേലത്തിൽ പോയിട്ടുള്ളൂ. കഴിഞ്ഞ സീസണിലെ നഷ്ടം മൂലം കച്ചവടക്കാർ വിട്ടുനിൽക്കുന്നു. ദേവസ്വം ബോർഡിന്റെ 5 പാർക്കിങ് ഗ്രൗണ്ടുകൾ ആരും എടുത്തിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA