ADVERTISEMENT

രണ്ടു ശിഷ്യന്മാർ തങ്ങളുടെ ഗുരുക്കന്മാരുടെ കഴിവുകളെക്കുറിച്ചു വാദിക്കുകയാണ്. ഒന്നാമൻ: എന്റെ ഗുരു ധാരാളം അദ്ഭുതപ്രവൃത്തികൾ ചെയ്യും. അദ്ദേഹം വായുവിൽ എഴുതും, കിണറ്റിലെ വെള്ളം കുടിച്ചുവറ്റിക്കും. നിന്റെ ഗുരു എന്തൊക്കെ ചെയ്യും? രണ്ടാമൻ: എന്റെ ഗുരുവും അനേകം അതിശയകരമായ കാര്യങ്ങൾ ചെയ്യും. അദ്ദേഹം ക്ഷീണം വന്നാൽ അപ്പോഴേ കിടക്കും, കിടന്നാൽ അപ്പോൾത്തന്നെ ഉറങ്ങും. എപ്പോൾ വിശക്കുന്നോ, അപ്പോൾ ഭക്ഷണം കഴിക്കും. മാത്രമല്ല, അദ്ദേഹം ഉറങ്ങുമ്പോൾ ഉറങ്ങും, കഴിക്കുമ്പോൾ കഴിക്കും!

അസാധാരണവും അതിവിശിഷ്‌ടവുമായ ജീവിതത്തെ കണ്ടെത്താനാണ് എല്ലാവരുടെയും ശ്രമം. അദ്ഭുതപ്രവൃത്തികളും ആകർഷണതന്ത്രങ്ങളും കൊണ്ട് ആരാധകരെയും ആജ്‌ഞാനുവർത്തികളെയും സൃഷ്‌ടിച്ച്, സ്വയമൊരു പ്രതിഭാസമാകുന്നതിൽ പറഞ്ഞറിയിക്കാനാകാത്ത വൈകാരിക സുഖമുണ്ട്. അസാമാന്യ പ്രതിഭയും അതുല്യവ്യക്തിത്വവുമാണെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് ഓരോരുത്തരുടെയും ബയോഡേറ്റ പോലും. മെച്ചപ്പെട്ടതും മറ്റുള്ളവർക്കില്ലാത്തതുമായ എന്തൊക്കെയുണ്ട് എന്ന് അളന്നെടുത്താണ് തൊഴിലവസരങ്ങളുടെ വിതരണവും. സ്വാഭാവിക ജീവിതം അതിന്റെ സാധാരണ പ്രതലത്തിൽ ആസ്വാദ്യതയോടെ കൊണ്ടുനടക്കുക എന്നതാകും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.

ആർക്കുമില്ലാത്തതിന്റെയും ഒന്നുമില്ലാത്തതിന്റെയും അകർഷണീയതയെക്കാൾ, എല്ലാവർക്കുമുള്ളതിന്റെയും എപ്പോഴും ഉള്ളതിന്റെയും ആസ്വാദ്യതയായിരിക്കും ജീവിതത്തെ മനോഹരമാക്കുന്നത്. സ്വന്തം പരിസരത്തിന്റെ മേന്മയറിയാതെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വൈശിഷ്‌ട്യം വർണിക്കുന്നതിൽ എന്തർഥം? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com