ADVERTISEMENT
ശാന്തസാന്ദ്രമാകട്ടെ തീർഥാടനകാലം മണ്ഡലകാലത്തെ പവിത്രമായി സ്വാഗതം ചെയ്യാം ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും തീരുമാനം പറയാതെ സുപ്രീം കോടതി അനിശ്ചിതകാലത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. മതപരമായ വിഷയങ്ങൾക്കായി ഭാവിയിൽ രൂപീകരിച്ചേക്കാവുന്ന ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കായി ശബരിമലയെക്കുറിച്ചുള്ളതുൾപ്പെടെ എട്ടു ചോദ്യങ്ങൾ കോടതി മുന്നോട്ടുവച്ചിട്ടുമുണ്ട്. ഇക്കാര്യത്തിൽ അന്തിമതീർപ്പിനായി കാത്തിരിക്കുകയാണു കേരളം. പ്രാർഥനയുടെ നിറവിൽ, നാളെ ശബരിമല നട തുറക്കുകയാണ്. മണ്ഡലവ്രതമെടുത്തു ഭക്തലക്ഷങ്ങൾ ഒഴുകിത്തുടങ്ങുകയായി; ശരണവഴികൾ ഭക്തിമുഖരിതമാവുകയായി. ഈ മണ്ഡലകാലത്തിന്റെ ശാന്തിക്കും സമാധാനത്തിനും ഒരു കാരണവശാലും ഭംഗം വരാത്ത വിധത്തിലുള്ള അന്തരീക്ഷമുണ്ടാക്കാനായി സർക്കാരും സമൂഹവും രാഷ്ട്രീയകക്ഷികളും കൈകോർക്കണമെന്നാണ് ഈ സവിശേഷസാഹചര്യം ആവശ്യപ്പെടുന്നത്. ജന്മാന്തരപുണ്യം നൽകുന്ന അയ്യപ്പദർശനം തേടിയെത്തുന്നവർക്കു മുന്നിൽ പരമപവിത്രമായ ശബരിമല നട തുറക്കുമ്പോൾ ആരുടെ മനസ്സിലും ഒരു കാലുഷ്യവും ഉണ്ടായിക്കൂടാ. അയ്യപ്പന്റെ ദർശനപുണ്യംകൊണ്ടു മനസ്സു നിറയ്ക്കാൻ തീർഥാടകർക്കായി എല്ലാ സൗകര്യങ്ങളും സർക്കാരും ദേവസ്വവും പൊതുസമൂഹം തന്നെയും പതിവായി ഒരുക്കിവയ്ക്കാറുണ്ട്. പക്ഷേ, കഴിഞ്ഞ വർഷം കലുഷ സാഹചര്യവും വിവാദങ്ങളും കണ്ട് കേരളത്തിന്റെ ഹൃദയം മുറിപ്പെട്ടിരുന്നു. അതുവരെ സങ്കൽപിക്കാൻപോലുമാവാത്ത സംഭവങ്ങൾ അവിടെ ഉണ്ടായപ്പോൾ, ശബരിമലയെ സ്നേഹിക്കുന്ന, ആദരിക്കുന്ന, പരിപാവനമായി കാണുന്നവർക്കൊക്കെയും അതു താങ്ങാനാവാത്ത സങ്കടമായി മാറുകയുണ്ടായി. അതുകൊണ്ടുതന്നെ, സമാന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ഇത്തവണ എല്ലാ തലങ്ങളിൽനിന്നും ഉണ്ടായേതീരൂ. ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന്, സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽനിന്നു കഴിഞ്ഞ വർഷമുണ്ടായ ഭൂരിപക്ഷവിധിയിൽനിന്നാണു തുടക്കം. ഇത്രത്തോളം സമ്മിശ്ര പ്രതികരണങ്ങളുണ്ടാക്കിയ ഒരു കോടതിവിധി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നു പറയാം. ഏറെക്കാലമായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുന്നതിൽ ആശങ്കപ്പെടുന്നവരും അന്നത്തെ കോടതിവിധിയെ സ്വാഗതം ചെയ്തവരും തുറന്ന മനസ്സോടെയാവണം ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ കാണേണ്ടത്. അന്തിമവിധി വരുന്നതുവരെ കാത്തിരിക്കാനുള്ള സൗമനസ്യമാണ് ബന്ധപ്പെട്ട എല്ലാവരിൽനിന്നും നമ്മുടെ നാട് പ്രതീക്ഷിക്കുന്നതും. ശബരിമലയുടെ ചിരപുരാതന സമാധാനത്തിന് ഒരുകാരണവശാലും കോട്ടം തട്ടിക്കൂടാ. മനസ്സിന്റെ നൈർമല്യവും വിശ്വാസദാർഢ്യവുമാവണം അയ്യപ്പസന്നിധിയിലേക്കു നമ്മെ നയിക്കേണ്ടത്. ശബരിമലയെ രാഷ്ട്രീയ സ്വാർഥലാഭങ്ങൾക്കുള്ള വേദിയാക്കാനും പാടില്ല. വിരുദ്ധചേരികളിലുള്ളവരെ തുറന്ന ആശയവിനിമയത്തിലൂടെയും ആത്മസംയമനത്തിലൂടെയും സമാധാനത്തിന്റെയും ശാന്തിയുടെയും വഴിയിലേക്കു നയിക്കാൻ നമ്മുടെ രാഷ്ട്രീയ – സാമൂഹിക നേതൃത്വങ്ങൾക്കാവണം. വിശ്വാസം എന്ന അതീവ വൈകാരികത നിറഞ്ഞതും അന്തർലീനവുമായ പവിത്രവികാരത്തെ കളങ്കപ്പെടുത്താതിരിക്കാനും അതിനെ മാനിക്കാനുമുള്ള ഹൃദയവിശാലതയാണ് വിശ്വാസികളല്ലാത്തവരിൽനിന്നുകൂടി കാലം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ വിവിധ അനിഷ്ടസംഭവങ്ങളുടെ പാഠം ഉൾക്കൊണ്ടുവേണം നാം മുന്നോട്ടുനീങ്ങേണ്ടത്. തെറ്റായ ഒരു കാൽവയ്പിനു നമ്മെ കാതങ്ങൾ പിന്നിലാക്കാൻ കഴിയുമെന്ന ബോധ്യം ഒപ്പമുണ്ടാവുകയും വേണം. കാലങ്ങളോളം തീർഥാടകർ മനസ്സിൽ സൂക്ഷിക്കേണ്ട സുകൃതദർശനം ശാന്തസാന്ദ്ര അന്തരീക്ഷത്തിലാവാൻ മനസ്സുവയ്ക്കേണ്ടതും അതിനായി കൈകോർക്കേണ്ടതും കേരളം ഒന്നാകെ തന്നെ. കഴിഞ്ഞ രണ്ടു പ്രളയങ്ങളുടെയും കാലത്തു നാം മാതൃകാപരമായി കാണിച്ച ഒരുമയും സാഹോദര്യവും തന്നെയാണ് ഇത്തരം ഘട്ടങ്ങളിലെല്ലാം കേരളത്തെ നയിക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com