sections
MORE

പാട്ടുമാത്രം വന്നില്ലല്ലോ!

offbeat
SHARE

മുഖ്യമന്ത്രി പിന്നെയും തൃശൂരു വന്നു; പല തവണ. പല പല പാട്ടുകേട്ടു മടങ്ങി. പക്ഷേ, പാട്ടു തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ട കേരള സാഹിത്യ അക്കാദമി ഇപ്പോഴും പാടുപെട്ട് ഓട്ടം തന്നെ. പൊതുചടങ്ങുകളിൽ ആലപിക്കാൻ കേരളത്തിനൊരു സംസ്ഥാനഗാനം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് സർക്കാരിന്റെ  രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി, സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിനു സാഹിത്യ അക്കാദമിയിൽ എത്തിയപ്പോഴാണ്. അന്നുമുതൽ അക്കാദമി പാട്ടിനുള്ള അന്വേഷണമായി. എം.ലീലാവതി, എം.ആർ.രാഘവവാരിയർ, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ, ഏഴാച്ചേരി രാമചന്ദ്രൻ, എം. എം. ബഷീർ എന്നിവരടങ്ങുന്ന ജൂറി പല പല പാട്ടുകൾ കേട്ടു. 

പാട്ടുകളെക്കാൾ കൂടുതൽ ശുപാർശകളാണു കേട്ടത്. എന്റെ പാട്ടു നീ വേറിട്ടു കേട്ടുവോ എന്നു ഫോണിൽ വിളിച്ച് പാടാത്തവരില്ല. സമുദായ സംഘടനകളിൽനിന്നു വേറെ വേറെ വിളിയും ജൂറി വേറിട്ടു കേട്ടു. ജീവിച്ചിരിക്കുന്നവരുടെ പാട്ടുകൾ വേണ്ടെന്ന തീരുമാനം വന്നതോടെ കുറെ ശുപാർശക്കാർ അക്കാദമിയുമായുള്ള ബന്ധം ഉപേക്ഷിച്ച മട്ടായി. പാട്ട് ഏതെന്ന് ജൂറി ഏകദേശമൊരു ധാരണയിൽ എത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നു പ്രഖ്യാപിക്കണമെങ്കിൽ കുറച്ചുകൂടി ധൈര്യം വരേണ്ടതുണ്ട്. 

കുയിലിനു മറുപാട്ടു പാടുവാൻ മോഹം എന്ന് കവി പാടിയ പോലെ, കേരളഗാനം ഏതെന്ന് അറിഞ്ഞാൽ ജനം മറുപാട്ടു പാടരുതല്ലോ. അതുകൊണ്ട് വൃത്തവും അലങ്കാരവും ഒപ്പിച്ച് ഇടവും വലവും എതിർപ്പു പൊങ്ങില്ലെന്നുറപ്പാക്കി പാട്ടു പ്രഖ്യാപനത്തിന് ഒരവസരം കാത്തിരിക്കുകയാണ് അക്കാദമി. കാത്തിരിപ്പിനിടെ പിന്നെയും കേരളപ്പിറവി വന്നുപോയി. മുഖ്യമന്ത്രി പലവട്ടം തൃശൂരു വന്നുപോയി. നീ മാത്രം വന്നില്ലല്ലോ, നിന്നെ മാത്രം കണ്ടില്ലല്ലോ എന്നു തൃശൂരു വരുമ്പോഴെല്ലാം കേരളഗാനത്തെയോർത്തു മുഖ്യമന്ത്രി പാടുന്നുണ്ടാവണം. 

പട്ടികയിലേക്കുള്ള പെടാപ്പാടുകൾ  

കെപിസിസി ഭാരവാഹികളുടെ സാധ്യതാ പ ട്ടിക സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഡൽഹി അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്കു കേരളത്തിൽനിന്നുള്ള നേതാക്കളുടെ പ്രവാഹമാണ്. പട്ടികയിലില്ലെന്ന സൂചന ലഭിച്ച നേതാക്കളാണു ഡൽഹിക്കു വണ്ടിപിടിച്ചത്. പട്ടികയിൽ ഇടം പിടിക്കാനുള്ള നെട്ടോട്ടത്തിനു ഗ്രൂപ്പ് വ്യത്യാസങ്ങളില്ല. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശയില്ലാതെ സ്വന്തം കാര്യം പാർട്ടി ആസ്ഥാനത്ത് നേരിട്ടെത്തി ബോധിപ്പിക്കുകയാണു ലക്ഷ്യം. 

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട നേതാക്കൾ ഹൈക്കമാൻഡിനു കെപിസിസി കൈമാറിയ ഭാരവാഹിപ്പട്ടിക അതേപടി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ എംപിയായ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമപട്ടികയ്ക്ക് അംഗീകാരം നൽകൂവെന്ന് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിൽ, തങ്ങളുടെ പേര് രാഹുലിന്റെ ശ്രദ്ധയിൽപെടുത്താനുള്ള പെടാപ്പാടിലാണു ചിലർ. 

എ, ഐ ഗ്രൂപ്പ് പ്രതിനിധികൾക്കു പുറമേ, മുതിർന്ന നേതാക്കളായ വയലാർ രവി, വി.എം.സുധീരൻ, പി.ജെ.കുര്യൻ, പി.സി.ചാക്കോ എന്നിവരുടെ അനുയായികളും പട്ടികയിൽ സീറ്റുറപ്പിക്കാനുള്ള അണിയറ നീക്കങ്ങളുമായി രംഗത്തുണ്ട്. 

പട്ടികയിൽ ഏതാനും പേർ 70 വയസ്സു പിന്നിട്ടവരാണെന്നും അവർ സ്വയം മാറിനിൽക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിനിധികളും കളത്തിലുണ്ട്. കെപിസിസിയെ അവരിൽ ചിലർ വിളിക്കുന്നത് ഇങ്ങനെയാണ് – കേരള പുരാവസ്തു കോൺഗ്രസ് കമ്മിറ്റി! 

എന്നാലുമെന്റെ പൊലീസേ...

അഭ്യാസമറിയാവുന്ന ആശാന് അടുക്കളയിലുമാകാം എന്ന ലോകതത്വം പൊലീസ് മറക്കാൻ പാടില്ല. ഇനി തിരക്കിനിടയിൽ അതു മറന്നാൽത്തന്നെ ഒരിക്കലും മറക്കാത്ത വിധം അത് ഓർമിപ്പിക്കാൻ അറിയാവുന്നവർ ഇപ്പോഴുമുണ്ട് ഇവിടെയൊക്കെ. 

അധികം സസ്പെൻസിടുന്നില്ല, സംഭവം ഇങ്ങനെ: കൊല്ലത്തെ തിരക്കുള്ള അഭിഭാഷക. സന്ധ്യയായപ്പോൾ കോടതി ജോലികളൊക്കെ തീർത്ത് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയാണ്. ചിന്തിക്കാനും തലയിൽ കൊണ്ടുനടക്കാനും നിയമത്തിന്റെ നൂലാമാലകൾ ഏറെയുള്ളതിനാലാണെന്നു തോന്നുന്നു, വക്കീൽ ഹെൽമറ്റ് എടുത്തു തലയിൽ വയ്ക്കാൻ മറന്നു. സ്കൂട്ടറങ്ങനെ പോകവേ അതാ നിൽക്കുന്നു, നിയമപാലകരെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടർ കാക്കിയുടുപ്പിട്ട്. 

ഹെൽമറ്റില്ലാതെ വാഹനം ഓടിക്കുന്നവരെ കാണുമ്പോൾ അവർ പതിവായി ചെയ്യാറുള്ളതു പോലെ ഒന്നു കൈനീട്ടി. അഭിഭാഷക വാഹനം സൈഡിലൊതുക്കി. ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിനു പിഴയടയ്ക്കണം എന്നേ പൊലീസ് പറഞ്ഞുള്ളൂ. താൻ അഡ്വക്കറ്റാണെന്നു മറുപടി. ആഹാ, എങ്കിൽ മാഡം സൗകര്യമായി കോടതിയിൽ പിഴയടച്ചാൽ മതിയെന്നു പറഞ്ഞു പൊലീസ് രസീത് കീറി. തിരക്കായതിനാലാകാം, കണ്ണടച്ചു തുറക്കും മുൻപേ അഭിഭാഷക സ്കൂട്ടർ അവിടെ വച്ചിട്ട് അപ്പോൾ വന്ന ബസിൽ ചാടിക്കയറി ഒറ്റപ്പോക്ക്. 

രാത്രി പരിശോധനകൾ പൂർത്തിയാക്കി സ്കൂട്ടർ പൊലീസുകാർ സ്റ്റേഷനിലെത്തിച്ചു. സമാധാനമായി അൽപം വിശ്രമിക്കാമെന്നു കരുതിയ അവരെ ഞെട്ടിച്ച് സ്റ്റേഷനിലേക്കു തുടരെ ഫോൺവിളികൾ. അഭിഭാഷകരുടെ  സംഘടനയിൽനിന്നു നേതാക്കൾ വിളിക്കുന്നു, പിന്നാലെ രാഷ്ട്രീയത്തിലെ കൊമ്പന്മാർ... അതും പോരാഞ്ഞ് പൊലീസ് തലപ്പത്തുനിന്നും വിളിയെത്തി. ഉടൻ സ്കൂട്ടർ വക്കീലിന്റെ വീട്ടിലെത്തിക്കണം – ഉത്തരവുമെത്തി. 

ഇതു കേൾക്കാൻ കാത്തിരുന്നതു പോലെ പൊലീസുകാർ ചാടിയിറങ്ങി സ്കൂട്ടറുമായി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് അപ്പുറത്തുള്ള വക്കീലിന്റെ വീട്ടിലെത്തി. താക്കോൽ കൈമാറി. കുറ്റമേറ്റു പറഞ്ഞ് ആശംസകളും നേർന്നാണു തിരിച്ചുപോന്നത്. എന്താല്ലേ..?

തയാറാക്കിയത്: അരുൺ എഴുത്തച്ഛൻ, മിഥുൻ എം. കുര്യാക്കോസ്, ജെറിൻ ജോയ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA