ADVERTISEMENT

കൊട്ടാരമണിക്കു വേണ്ടി ശിൽപി ചട്ടക്കൂടു നിർമിച്ചു. അതുകണ്ട് രാജാവ് അതിശയിച്ചു. പിഴവൊന്നുമില്ലാത്ത ഘടനയും ഭാവനയും. രാജാവു ചോദിച്ചു, നിങ്ങൾ അദ്ഭുതജീവിയോ മറ്റോ ആണോ, ഇതെങ്ങനെ സാധിക്കുന്നു? 

ശിൽപി പറഞ്ഞു, ഞാനൊരു സാധാരണ തൊഴിലാളിയാണ്. ജോലി തുടങ്ങുന്നതിനു മുൻപു ഞാൻ ധ്യാനത്തിലായിരിക്കും. 3 ദിവസത്തെ ധ്യാനം കഴിയുമ്പോൾ മനസ്സു ശാന്തമാകും. അപ്പോൾ ഞാൻ പ്രതിഫലവും അംഗീകാരവും മറക്കും. 5 ദിവസം കഴിയുമ്പോൾ പ്രശസ്തിയെക്കുറിച്ചും പഴിചാരലിനെക്കുറിച്ചും ചിന്തിക്കാതാകും. 7 ദിവസമാകുമ്പോൾ ശരീരം പോലും മറന്ന് പണിയാനുള്ള ചട്ടക്കൂടിനെക്കുറിച്ചു മാത്രം ചിന്തിക്കും. അപ്പോൾ കാട്ടിലേക്കു നടന്ന് ഈ ചട്ടക്കൂട് അതിന്റെ എല്ലാ പൂർണതയിലും ഒളിഞ്ഞുകിടക്കുന്ന മരം കണ്ടെത്തും. പിന്നെ സ്വയംമറന്നുള്ള ജോലിയാണ്. ഇതൊന്നും കാണാത്ത നിങ്ങൾ പറയും, ഞാൻ അദ്ഭുതജീവിയാണെന്ന്.

 ‌‘മാസ്റ്റർ’ ഇല്ലാതാകുന്നിടത്ത് ‘മാസ്റ്റർപീസുകൾ’ രൂപം കൊള്ളും. കയ്യൊപ്പ് നിർമിതിയുടെ ചുവട്ടിൽ പതിക്കുന്ന വിരലടയാളമല്ല, നിർമിതി തന്നെയാണ്. തനതു മുദ്രയും മികവുമുള്ളവർക്ക് അവസാനം പേരെഴുതി സാക്ഷ്യം പറയേണ്ടി വരില്ല. തനതു മികവുള്ളവർ പ്രയത്നം കൊണ്ടും പ്രത്യേകത കൊണ്ടും പേരിനുമപ്പുറം പ്രശസ്തരാകും. 

സംവിധായകനെക്കാൾ സിനിമയും എഴുത്തുകാരനെക്കാൾ നോവലും ശിൽപിയെക്കാൾ ശിൽപവും പ്രശസ്തമാകുന്നുണ്ടെങ്കിൽ അതിനർഥം, കഴിവു കൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ഭുതം സൃഷ്ടിക്കുന്ന സാധാരണക്കാർ ഇപ്പോഴും ശേഷിക്കുന്നുണ്ട് എന്നാണ്. എല്ലാ ഉത്കൃഷ്ട സൃഷ്ടിക്കു പിറകിലും ആരും തിരിച്ചറിയാത്ത മൗനവും മനനവും പ്രയത്നവും ഉണ്ടാകും. 

പ്രതിഭകളെ കാണുമ്പോൾ അവരുടെ കിരീടത്തെക്കുറിച്ചു മാത്രമല്ല, പാദുകങ്ങളെക്കുറിച്ചുകൂടി ചോദിക്കണം. വിജയാഘോഷങ്ങളെക്കുറിച്ചു മാത്രമല്ല, പരാജയനിമിഷങ്ങളിലെ കണ്ണീരിനെക്കുറിച്ചുകൂടി അറിയണം. ആരും ഒരു രാത്രികൊണ്ട് ശ്രേഷ്ഠരാകുന്നില്ല. എല്ലാവർക്കും തങ്ങൾ സഞ്ചരിച്ച സമാനതകളില്ലാത്ത സങ്കടങ്ങളെക്കുറിച്ചും സഹനങ്ങളെക്കുറിച്ചും പറയാനുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com