sections
MORE

വാചകമേള

vachakamela
SHARE

∙ അടൂർ ഗോപാലകൃഷ്ണൻ: അടുത്തിടെയായി അശ്ലീലം നിറച്ച നിരവധി കത്തുകൾ കിട്ടാറുണ്ട്. എല്ലാം വായിച്ച ശേഷം സൂക്ഷിച്ചുവയ്ക്കുന്നു. മനസ്സിൽ അഹങ്കാരം തോന്നുമ്പോൾ അവ തിരിച്ചെടുത്തു വായിക്കും. നമ്മൾ ഇത്രയേയുള്ളൂ എന്ന തോന്നലോടെ അഹന്ത മായും. കുട്ടികളെ വായിക്കാൻ പഠിപ്പിക്കണം, സിനിമയെടുക്കാൻ പ്രേരിപ്പിക്കരുത്, ഇതു പറഞ്ഞതിന്റെ പേരിലും ചിലർ പ്രതിഷേധിച്ചു.

∙ ശശി തരൂർ: ദരിദ്രരുടെ എണ്ണം കുറയ്ക്കുക എന്നതായിരുന്നു നെഹ്‌റുവിന്റെ ലക്ഷ്യം. രാജ്യത്തെ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, ദരിദ്രർ അതല്ലാതായിത്തീരുന്ന നിമിഷം അവർക്കു വോട്ട് നഷ്ടപ്പെടും. അതിനാൽ അവർക്കു പുരോഗമനപരമായ ഒരു നടപടിയിലും താൽപര്യമില്ല; അവിടെയാണ് നെഹ്‌റുവും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം. 19ാം നൂറ്റാണ്ടിൽനിന്ന് അവർ പുറത്തുകടക്കുന്ന സമയമാണിത്. നമ്മൾ 21ാം നൂറ്റാണ്ടിലെത്തിയപ്പോൾ അവർ 20ലേക്കു കാലെടുത്തു വയ്ക്കുന്നതേയുള്ളൂ.

∙ സി.എസ്.ബാലകൃഷ്ണൻ: ശാസ്ത്രാവബോധം എന്ന് ഏറെക്കുറെ മലയാളത്തിൽ പറയാവുന്ന ‘സയന്റിഫിക് ടെംപർ’ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നതു നെഹ്റുവാണ്.

∙ ഷാനിമോൾ ഉസ്മാൻ: ആലപ്പുഴ നഗരസഭാ ചെയർപഴ്സനായ കാലത്ത് എനിക്കെതിരെ അവിശ്വാസപ്രമേയം വന്നു. ഒരു വോട്ടിനു പുറത്തുപോയ ഞാൻ 17–ാം ദിവസം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു തിരിച്ചുവന്നത് ഇന്ത്യയിലെതന്നെ റെക്കോർഡ് ആണെന്ന് ഈയിടെകൂടി ആരോ പറഞ്ഞു. ആ വാർത്ത അച്ചടിച്ചുവന്ന മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടായിരുന്നു, ‘ലേഡി കരുണാകരൻ’.

∙ കെ.ടി.കുഞ്ഞിക്കണ്ണൻ: 20 വർഷക്കാലം കൊണ്ട് 12000ലേറെ മനുഷ്യരെ മാവോയിസ്റ്റുകൾ കൊന്നു. ഇതിൽ 1300 പേർ മാത്രമാണു സൈനികരും അർധസൈനികരും. മാവോയിസ്റ്റുകൾ കൊലചെയ്ത ഭൂരിപക്ഷം പേരും ആദിവാസികളും സാധാരണക്കാരുമാണ്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണു മാവോയിസ്റ്റുകൾ നടത്തുന്നതെന്നു പ്രചരിപ്പിക്കുന്ന വൻകിട മാധ്യമങ്ങളും ചില ബുദ്ധിജീവികളും ഭീകരപ്രവർത്തനങ്ങളെ മറച്ചുപിടിക്കുകയും ന്യായീകരിക്കുകയുമാണ്.

∙ അപ്പുക്കുട്ടൻ വള്ളിക്കുന്ന്: കേരളത്തിന്റെ പൊലീസ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയേണ്ട ഒരു ചരിത്രമുണ്ട്. നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ ആളുകളെക്കൊണ്ട് എങ്ങനെ തോക്കെടുപ്പിച്ചെന്നും പരിശീലനം നൽകി സായുധപോരാട്ടം നടത്തിയെന്നുമുള്ള ചരിത്രമാണത്. ബംഗാളിലെ തേഭാഗ മുതൽ കേരളത്തിലെ പുന്നപ്ര–വയലാർ വരെ പടർന്ന സായുധസമരമാണത്.

∙ സി.പി.നായർ: കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്ക് ദേശീയപാതയിൽക്കൂടി ഈയിടെ യാത്ര ചെയ്യവേ ഒട്ടനവധി അസസ്യ ഹോട്ടലുകൾക്കു മുന്നിൽ ‘കുഴിമന്തി’... ഏതോ വിശിഷ്ടഭോജ്യമെന്ന് ഊഹിച്ചു. ‘‘നമ്മുടെ ബിരിയാണീന്റെ കസിനാ മാഷേ. സൂപ്പർ’’ എന്നൊരു വിദഗ്ധൻ പറഞ്ഞുതന്നു. പക്ഷേ ആ പേര്! അതു കേൾക്കുമ്പോൾത്തന്നെ എം.കൃഷ്ണൻ നായർ സാർ പണ്ടു പറഞ്ഞിരുന്നതു പോലെ ‘വമനേച്ഛ’ ഉണ്ടാകുന്നു.

∙ ശ്രീകുമാരൻ തമ്പി: മരണം ബാക്കിവയ്ക്കുന്നതു വൈകാരികമായ ശൂന്യതാബോധം മാത്രമല്ല. ജീവിച്ചിരിക്കുന്നവരുടെ അതിജീവനത്തിന് അതു വലിയ പ്രതിബന്ധങ്ങളുണ്ടാക്കും. സ്ത്രീകളെയാണ് ഉറ്റവരുടെ മരണം വലിയ തോതിൽ അനാഥമാക്കുന്നത്.

∙ മമ്മൂട്ടി: ക്യാമറയ്ക്കു മുന്നിൽനിന്നു മാറുന്നതോടെ ആ കഥാപാത്രവും തിരിഞ്ഞുനടക്കും. എന്റെ കാര്യത്തിൽ അതാണു സംഭവിക്കാറുള്ളത്. ഒരു കഥാപാത്രത്തെയും കൂടെക്കൂട്ടാറില്ല. കൂടെക്കൂട്ടിയാൽ അടുത്ത സിനിമയിൽ അഭിനയിക്കാൻ പറ്റുമോ? ഇതെന്റെ കാര്യമാണ്. കഥാപാത്രം മനസ്സിൽനിന്നിറങ്ങി പോകാൻ സമയമെടുക്കുന്നവരും ഉണ്ട്.

∙ ലാൽ ജോസ്: വിശ്വാസവും ആചാരവും മതവുമൊക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. സമൂഹമാധ്യമങ്ങൾ വന്നതോടെ വിവാദങ്ങളെയും അപവാദങ്ങളെയും പെട്ടെന്നു വലുതാക്കാൻ കഴിയും, അത്രേയുള്ളൂ. വെറുതേ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരുടേതു കൂടിയാണല്ലോ സമൂഹമാധ്യമങ്ങൾ. അതിൽ നമുക്കൊന്നും ചെയ്യാനില്ല.

∙ ജി.വേണുഗോപാൽ: പുതിയ ചെറുപ്പക്കാർ കഴിവുള്ളവരാണെന്ന കാര്യത്തിൽ എനിക്കു സംശയമൊന്നുമില്ല. ഈ റിയാലിറ്റി ഷോയൊക്കെ കാണുമ്പോൾ എനിക്കു തോന്നാറുണ്ട്, ഞാനൊന്നും ഇതിന്റെ രണ്ടു റൗണ്ട് കടക്കുകയില്ലെന്ന്. പുതിയ കുട്ടികൾക്കു ചമ്മലില്ല, ഏതുതരം പ്ലാറ്റ്ഫോമും അവർ ഉപയോഗിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA