ADVERTISEMENT

യൂത്ത് കോൺഗ്രസ് ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ടാലന്റ് ഹണ്ട്, ഇന്റർവ്യൂ തുടങ്ങിയ മാട്ടും മാരണവും മന്ത്രവും തന്ത്രവുമെല്ലാം നടത്തിയിരിക്കുകയാണ്. സത്യത്തിൽ യൂത്ത് കോൺഗ്രസിൽ പ്രതിഭകളേയുള്ളൂ. അതിൽ ചില്ലറ ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കാം. പ്രതിഭാ ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിൽ ഇന്റർവ്യൂ ബോർഡിന്റെ ജോലി എളുപ്പമാകുമായിരുന്നു. പ്രതിഭാധനരായ അല്ലറചില്ലറ യൂത്തൻമാരെ പിടിച്ചു ഭാരവാഹിയാക്കിയാൽ പണി തീർന്നു.

പക്ഷേ, കേരളത്തിലെ യൂത്ത് കോൺഗ്രസിനെ അലട്ടുന്ന അസുഖം പ്രതിഭപ്പെരുപ്പമാണ്. ഈയിടെയായി യുവപ്രതിഭയാകാനുള്ള എളുപ്പമാർഗം യൂത്ത് കോൺഗ്രസിൽ ചേരുകയാണ്. ബാലപ്രതിഭയാകണമെങ്കിൽ കെഎസ്‌യുവിൽ ചേർന്നാൽ മതി. പ്രതിഭകളുടെ എണ്ണം കൂടിയാൽ ടാലന്റ് ഹണ്ടും അഭിമുഖവുമൊന്നും നടത്താതെ തന്നെ ഭാരവാഹികളെ നിശ്ചയിക്കും. എന്നാൽ, സംഘടന കാലങ്ങളായി പിന്തുടരുന്ന ആചാരാനുഷ്ഠാനമെന്ന നിലയിൽ മാത്രമാണ് അതെല്ലാം തുടരുന്നത്.

അഭിമുഖത്തിൽ ഐക്യു അളക്കാൻ കഴിയുന്ന ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നാണു പ്രതിഭാധനരായ ചില യൂത്തൻമാരുടെ പരാതി. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും എവിടെയാണ്, നെല്ലു കുത്തിയാൽ എന്തുകിട്ടും, അരിവച്ചാൽ കിട്ടുന്ന പദാർഥത്തിന്റെ പേരെന്ത് തുടങ്ങിയ നിസ്സാര ചോദ്യങ്ങളേ ചോദിക്കുന്നുള്ളൂ എന്നൊക്കെയാണ് ജന്മനാ ജീനിയസുകളായ അവരുടെ ആക്ഷേപം.

സത്യത്തിൽ യൂത്ത് കോൺഗ്രസിനെ നയിക്കാൻ അത്രയൊക്കെ വിവരവും വിദ്യാഭ്യാസവും തന്നെ ധാരാളം. അടിസ്ഥാനപരമായി വേണ്ടത് അംഗത്വ ഫീസ് പിരിച്ചാൽ അത് എണ്ണിത്തിട്ടപ്പെടുത്താനുള്ള ഗണിതശാസ്ത്ര വിജ്ഞാനമാണ്. യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കു പൈതഗോറസ് സിദ്ധാന്തം, യൂക്ലിഡ് സിദ്ധാന്തം എന്നിവ അറിയേണ്ട കാര്യമില്ല. അവർ‍ ലീലാതിലകവും പാണിനീയവുമൊന്നും വായിക്കേണ്ടതില്ല. അണുവികിരണം, ആപേക്ഷിക സിദ്ധാന്തം എന്നിവ അവരുടെ പരിജ്ഞാനത്തിന്റെ പരിധിയിൽ വരേണ്ട കാര്യമേയില്ല. ആ നിലയ്ക്ക് ഒരു മിനിറ്റ് കൊണ്ട് ഇന്റർവ്യൂ അവസാനിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. സത്യത്തിൽ 15 സെക്കൻഡ് കൊണ്ട് അവസാനിപ്പിക്കാവുന്ന സംഗതിയാണ് ഈ ഇന്റർവ്യൂ.

നവോത്ഥാനം അവധിയിലാണ് !

നവോത്ഥാനവും സ്ത്രീശാക്തീകരണവും തൽക്കാലം അട്ടത്തു വയ്ക്കാനാണു സർക്കാരിന്റെയും സിപിഎമ്മിന്റെയും തീരുമാനമെന്നുവേണം കരുതാൻ. ഏറ്റവും ചുരുങ്ങിയത് ഈ ശബരിമല സീസണിലെങ്കിലും ഇവ രണ്ടും അട്ടത്തു തന്നെ തുടരുമെന്നു തീർച്ചയാണ്. യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയാണ് എല്ലാറ്റിനും വഴിയൊരുക്കിയത്. നവോത്ഥാനത്തോടും സ്ത്രീശാക്തീകരണത്തോടും സർക്കാരിനുള്ള ഇഷ്ടക്കുറവല്ല ഈ തീരുമാനത്തിനു കാരണം. കേരളം സമ്പൂർണ നവോത്ഥാന സംസ്ഥാനമായി എന്നാണു വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞത്. അധികമായാൽ അമൃതും വിഷമെന്നു പറഞ്ഞതു പ്രകാരം, തൽക്കാലം നവോത്ഥാനത്തിന് അവധി നൽകാതെ മാർഗമില്ല.

സർക്കാരും പാർട്ടിയും ചേർന്നു നടത്തിയ നവോത്ഥാനം 102% ആയെന്നാണു രാജ്യാന്തര നവോത്ഥാന പഠനകേന്ദ്രത്തിന്റെ കണ്ടെത്തൽ. ഇഎംഎസ് അക്കാദമി, കേളുവേട്ടൻ പഠനകേന്ദ്രം എന്നിവ നടത്തിയ പഠനങ്ങളും ഇതു ശരിവയ്ക്കുന്നു. 90% സാക്ഷരത നേടിയാൽ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കാമെങ്കിൽ, 102% നവോത്ഥാനം നേടിയാൽ എന്തുചെയ്യും? നവോത്ഥാന പ്രവർത്തനങ്ങൾക്കു തൽക്കാലം അവധി കൊടുക്കാതെ നിർവാഹമില്ല. ഇല്ലെങ്കിൽ നവോത്ഥാനം ഓടുപൊളിച്ച് ആകാശത്തേക്കു കുതിക്കുമായിരുന്നു.

ഒരു കൊല്ലത്തിലേറെയായി നടത്തിയ നവോത്ഥാന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതോടെ പിണറായി സഖാവ്, രാജാറാം മോഹൻ റോയ്, മഹാത്മാ ഫൂലെ, മഹാത്മാ അംബേദ്കർ തുടങ്ങിയ ദേശീയ നവോത്ഥാന നായകരുടെ പട്ടികയിൽ ഇടംപിടിക്കാൻ യോഗ്യത നേടിക്കഴിഞ്ഞു. ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ തുടങ്ങിയവർ പിണറായി സഖാവിനെ അപേക്ഷിച്ചു നോക്കുമ്പോൾ ബഹുകാതം പിന്നിലാണെന്ന് സഖാവിനു തീർച്ചയായും തോന്നുന്നുണ്ടാവും. 

പേരിനൊപ്പം ‘മഹാത്മാ’ എന്ന ബഹുമതി ചേർക്കാനുള്ള യോഗ്യത സഖാവ് എന്നേ നേടിക്കഴിഞ്ഞു. എന്നാൽ, കമ്യൂണിസ്റ്റുകാർക്കു പ്രിയപ്പെട്ട വിളി സഖാവ് എന്നതായതിനാൽ അദ്ദേഹം മഹാത്മാ ബഹുമതി സ്വീകരിക്കാൻ സാധ്യതയില്ല. നിർബന്ധിച്ചാൽ റഷ്യൻ ഭാഷയിൽ സഖാവ് എന്നർഥം വരുന്ന ‘തവാരിഷ്’ പേരിനൊപ്പം കൂട്ടിച്ചേർക്കും.

സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിലും കേരളം ലക്ഷ്യം നേടിക്കഴിഞ്ഞു. ലിംഗനീതി, സ്ത്രീപുരുഷ സമത്വം എന്നിവയുടെ കാര്യത്തിൽ സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലും കേരളത്തിനു പിന്നിലാണത്രെ. നവോത്ഥാനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും കേരള മോഡൽ യൂറോപ്പിലെയും അമേരിക്കയിലെയും സർവകലാശാലകളിൽ ഗവേഷണ വിഷയങ്ങളാണ്. സ്ത്രീശാക്തീകരണം തൽക്കാലം നിർത്തിവയ്ക്കുകയാണെങ്കിലും വനിതാമതിൽ പൊളിച്ചടുക്കാൻ ഉദ്ദേശ്യമില്ല. സൂനാമി, ചുഴലിക്കാറ്റ് തുടങ്ങിയവയിൽനിന്നു കേരളത്തെ രക്ഷിക്കാനായി ആ മതിൽ നിലനിർത്തും. നവോത്ഥാന സമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കില്ല. എന്നാൽ, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തൽക്കാലം മരവിപ്പിക്കും.

പുന്നല ശ്രീകുമാറിന് എന്തും പറയാം. എന്നാൽ, കടകംപള്ളി സ്വാമിക്ക് അതു പറ്റില്ല. അദ്ദേഹത്തിനു സുപ്രീം കോടതിയും ഭരണഘടനയും ശബരിമല അയ്യപ്പനുമാണു പരമപ്രധാനം. അതുകൊണ്ടാണ് തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകൾ ശബരിമലയിൽ വന്നു ശക്തി കാട്ടേണ്ടെന്നു മന്ത്രിസ്വാമി പറഞ്ഞത്. ശാക്തീകരണം ലക്ഷ്യം നേടിയെന്നു കരുതി സ്ത്രീകൾ ശക്തി പ്രദർശിപ്പിക്കരുതെന്നാണു മന്ത്രിസ്വാമി പറഞ്ഞതിന്റെ രത്നച്ചുരുക്കം. ശക്തി പ്രദർശനവസ്തുവാക്കുന്നതു ദുർബലരാണെന്നു തിരിച്ചറിയാൻ സ്ത്രീകൾ തയാറാവണം.

സ്റ്റോപ് പ്രസ്: കേരള സർവകലാശാലയിൽ കംപ്യൂട്ടർ ശൃംഖലയിൽ അതിക്രമിച്ചുകയറി നൂറുകണക്കിനു വിദ്യാർഥികൾക്കു മാർക്ക് കൂട്ടിനൽകി.സർവകലാശാല സ്മാർട്ടായതാണെന്ന് ജലീൽമന്ത്രി പറയും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com