ADVERTISEMENT

ഏവരിലും നന്മ മാത്രം കാണുന്ന ഒരു പുരോഹിതനുണ്ടായിരുന്നു. ആശ്രമത്തിലെ ഉപവാസദിനമായ വെള്ളിയാഴ്ച ഒരു കപ്പു ചായ മാത്രമാണ് അനുവദനീയം. അന്ന് പുറത്തുപോയ ആ പുരോഹിതൻ കടയിൽ ചായ കുടിക്കാൻ കയറി. തൊട്ടടുത്തുള്ള മേശയിൽ ആശ്രമത്തിലെ ഒരു യുവ അംഗം മാംസാഹാരം കഴിക്കുന്നതു കണ്ടു. യുവാവ് ചോദിച്ചു, ഞാനിതു കഴിക്കുന്നതുകൊണ്ടു താങ്കൾക്കു കുഴപ്പമൊന്നും ഇല്ലല്ലോ? 

പുരോഹിതൻ തിരിച്ചു ചോദിച്ചു, ഇന്ന് ഉപവാസമാണെന്നു താങ്കൾ മറന്നുകാണുമല്ലേ? ഇല്ല എന്നായിരുന്നു മറുപടി. എങ്കിൽ എന്തോ അസുഖം കാണും; ഡോക്ടർ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിരിക്കും. ‘അതുമല്ല’. പുരോഹിതൻ കണ്ണുകളുയർത്തി പറഞ്ഞു, ഈ യുവജനങ്ങൾ എത്ര നല്ലവരാണ്; അവർ ഒരിക്കലും നുണ പറയില്ലല്ലോ!  

സ്വയം ന്യായീകരിക്കാനും മറ്റുള്ളവരെ പഴിക്കാനുമുള്ള സ്വാഭാവിക പ്രവണതയുടെ അടിമകളാണ് എല്ലാവരും. മറ്റുള്ളവരുടെ കുറ്റങ്ങളുടെ സമയസൂചികയുമേന്തി തക്ക സമയത്ത് അവ നിരത്തി അതിലൂടെ നേടുന്ന ആനുകൂല്യങ്ങളും ആത്മസംതൃപ്തിയുമാണ് പലരുടെയും ഉപജീവനമാർഗം. തെറ്റു മാത്രം ചെയ്തുകൊണ്ട് ആരും ജീവിക്കുന്നില്ല. ആയിരം ശരികൾക്കിടയിൽ സാഹചര്യം കൊണ്ടും പ്രേരണ കൊണ്ടും ചില തെറ്റുകൾ സംഭവിച്ചേക്കാം. ആദ്യം ചെയ്ത തെറ്റല്ല ഒരാളെ തെറ്റുകാരനായി നിലനിർത്തുന്നത്; ക്ഷമിക്കപ്പെടാതെ പോയ ചെറിയ തെറ്റുകളുടെ പരസ്യപ്രചാരണമാണ് നിഷേധികളെയും എതിരാളികളെയും രൂപപ്പെടുത്തുന്നത്. 

ഒരാളുടെ ശരികളെ കണ്ടെത്താനും അഭിനന്ദിക്കാനും തയാറാകാത്തവർക്ക് അയാളുടെ തെറ്റുകളിലേക്കു ചൂഴ്ന്നിറങ്ങാൻ എന്തവകാശം? ആരുടെയും കുറ്റം കണ്ടുപിടിക്കാതെ എല്ലാവരിലെയും നന്മ അന്വേഷിക്കുന്ന ഒരു ദിവസമെങ്കിലും ഉണ്ടെങ്കിൽ ലോകമെത്ര വിശുദ്ധമായേനെ. മറ്റുള്ളവരിലെ നന്മ തേടുന്നതിനു മാത്രമായി ഒരു വാർഷിക ദിനാചരണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ!  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com