sections
MORE

‘തോളിൽ ചവിട്ടി ചെറുകക്ഷികൾ ആളാകണ്ട’; ‘സേന’ പോയിട്ടും കുലുക്കമില്ലാതെ ബിജെപി

ShivSena-BJP
SHARE

ശിവസേനയുടെ ഇറങ്ങിപ്പോക്ക് ബിജെപിയെ അലോസരപ്പെടുത്തിയ ലക്ഷണമില്ല. സേനയ്ക്ക് ശക്തിയുള്ള കൊങ്കൺ, മുംബൈ മേഖലകളിൽ തങ്ങൾക്ക്  സ്വന്തം നിലയിൽ വളരാനാകുമെന്ന കണക്കുകൂട്ടലിലാണു ബിജെപി

പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു യോഗങ്ങളുടെ തിരക്കായിരുന്നു. ആദ്യം സർവകക്ഷി യോഗം, പിന്നാലെ ബിജെപി പാർലമെന്ററി എക്സിക്യൂട്ടീവ് കമ്മിറ്റി, പിന്നെ എൻഡിഎ ഏകോപനസമിതി യോഗവും. എൻഡിഎയിൽ പാർലമെന്റിലെ 18 കക്ഷികൾ അംഗങ്ങളാണെങ്കിലും യോഗത്തിൽ കുറച്ചുപേരേ പങ്കെടുത്തുള്ളൂ. ബിജെപി പ്രതിനിധികൾ പറഞ്ഞത്, ഘടകകക്ഷികൾക്കെല്ലാം പാർലമെന്റിൽ പ്രാതിനിധ്യമില്ലെന്നും ഒരംഗം മാത്രമുള്ള കക്ഷികൾക്കു മറ്റു തിരക്കുകൾ മൂലം പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നുമാണ്. 

മുഖ്യ ഘടകകക്ഷിയായ ശിവസേന വിട്ടുനിന്ന യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സന്ദേശം ഇതാണ്: ‘നമ്മുടെ സഖ്യം ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വൈവിധ്യവും അഭിലാഷങ്ങളുമാണു പ്രതിനിധാനം ചെയ്യുന്നത്.’

എന്നാൽ മഹാരാഷ്ട്രയിൽ നിന്നുള്ള, പ്രധാന ഘടകകക്ഷിയുടെ അസാന്നിധ്യം യോഗത്തിലാരും പരാമർശിച്ചില്ല. 1998ൽ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി എൻഡിഎ രൂപീകരിച്ചപ്പോൾ അതിൽ ആദ്യം ചേർന്നതു ശിവസേനയായിരുന്നു. ശിവസേന വിട്ടുനിന്നതോടെ പാർലമെന്റിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ, ഇപ്പോൾ എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷി ജനതാദൾ യുണൈറ്റഡ് (ജെഡിയു) ആണ്. ശിവസേന പടിയിറങ്ങുന്നതു നാം കണ്ട ഈ വർഷം തന്നെയാണ് അണ്ണാ ഡിഎംകെ എൻഡിഎയിൽ ചേർന്നതും (അണ്ണാ ഡിഎംകെക്കു രാജ്യസഭയിൽ 11 അംഗങ്ങളുണ്ട്; ലോക്സഭയിൽ ഒന്നും). അവരാണ് എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷി; തൊട്ടുപിന്നിൽ പഞ്ചാബിൽനിന്നുള്ള ശിരോമണി അകാലിദളും. അവർ എൻഡിഎയിലെ സ്ഥാപക അംഗം കൂടിയാണ്. മറ്റൊരു സ്ഥാപക അംഗമായ, ഒഡീഷയിൽ നിന്നുള്ള ബിജു ജനതാദൾ നേരത്തേ എൻഡിഎ വിട്ടിരുന്നു. 2018ൽ തെലുങ്കുദേശം പാർട്ടിയും എൻഡിഎ വിട്ടുപോയി.

എൻഡിഎ യോഗത്തിനുശേഷം, ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) പുതിയ അധ്യക്ഷൻ ചിരാഗ് പാസ്വാൻ മുന്നണിയുടെ പ്രവർത്തനരീതിയിൽ അതൃപ്തി പ്രകടിപ്പിച്ചു (ചിരാഗിന്റെ പിതാവും കേന്ദ്ര മന്ത്രിയുമായ റാം വിലാസ് പാസ്വാൻ എൻഡിഎയുടെ സ്ഥാപക അംഗമാണ്). ബിജെപിയുടെ വൻ വിജയത്തെത്തുടർന്നു മുന്നണിയിലെ മറ്റു കക്ഷികൾക്കിടയിൽ തീരെ ഏകോപനം ഇല്ലെന്നാണു ചിരാഗിന്റെ പരാതി. ബിഹാറിലെ ഘടകകക്ഷിയായ ജെഡിയുവിനെപ്പോലെ ലോക് ജനശക്തി പാർട്ടിയും, ജാർഖണ്ഡിൽ തിരഞ്ഞെടുപ്പു സഖ്യത്തിൽ പങ്കാളിയാകാൻ ക്ഷണിക്കാത്തതിൽ അതൃപ്തരാണ്. ജാർഖണ്ഡിൽ ഈ രണ്ടു കക്ഷികളും തനിച്ചാണു മത്സരിക്കുന്നത്. എന്നാൽ, പ്രാദേശിക കക്ഷികൾക്കു ശക്തിയുള്ള സംസ്ഥാനത്തു മാത്രമേ സഖ്യം നിലനിൽക്കുകയുള്ളൂ എന്നതാണ് 

ബിജെപിയുടെ കർശന നിലപാട്. മറ്റു സ്ഥലങ്ങളിൽ പാർട്ടിയുടെ തോളിൽ ചവിട്ടി ചെറുകക്ഷികൾ ആളാകുന്നതിനോടു ബിജെപിക്കു താൽപര്യമില്ല. എന്നാൽ, മുൻപു കർണാടകയിലും യുപിയിലും എൽജെപിക്ക് എൻഡിഎയിൽ ഇടംകൊടുത്തിരുന്നുവെന്നു ചിരാഗ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വ്യക്തമായ നിലപാടാണുള്ളത് – ഈ കക്ഷികൾ വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരതു തനിച്ചു നേടണം.

എൻഡിഎക്ക് ഒരു മുഴുവൻ സമയ കൺവീനറെ നിയോഗിച്ച വാജ്പേയിയുടെ മാതൃക വേണം മോദി പിന്തുടരാൻ എന്ന അഭിപ്രായവും എൽജെപിക്കുണ്ട്. ആദ്യകാലത്ത്, ബിജെപി നേതാക്കളായ പ്രമോദ് മഹാജനും ജസ്വന്ത് സിങ്ങുമായിരുന്നു കൺവീനർ പദവിയിലിരുന്നത്. പിന്നീട് അന്നത്തെ പ്രതിരോധമന്ത്രിയും സമതാ പാർട്ടി നേതാവുമായ ജോർജ് ഫെർണാണ്ടസ് വന്നു (സമതാ പാർട്ടിയാണ് ജനതാദൾ യുണൈറ്റഡ് ആയി പുനർനാമകരണം ചെയ്യപ്പെട്ടത്). 

എൽ.കെ.അഡ്വാനി എൻഡിഎ ചെയർമാനായി പ്രതിപക്ഷത്തിരിക്കുന്ന കാലം. ജോർജ് ഫെർണാണ്ടസ് അസുഖബാധിതനായി. പിന്നീടു പുതിയ കൺവീനറെ വച്ചില്ല. ഉത്തരേന്ത്യൻ കക്ഷികളെ രാജ്നാഥ് സിങ്ങാണ് ഏകോപിപ്പിച്ചിരുന്നത്. മോദി എൻഡിഎ അധ്യക്ഷനായ ശേഷവും കൺവീനർ പദവിയിൽ ആരെയും വച്ചില്ല. ഇതോടെ, കക്ഷികളുമായി ആശയവിനിമയം നടത്തേണ്ട ചുമതല അമിത് ഷായ്ക്കായി. രണ്ടാം വട്ടവും ലോക്സഭയിൽ മോദി വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയതിനു ശേഷം മുഖ്യ ഘടകകക്ഷികൾക്കെല്ലാം ഒരു കാബിനറ്റ് മന്ത്രിസ്ഥാനം കൊണ്ടു തൃപ്തരാകേണ്ടി വന്നു. രണ്ടു കാബിനറ്റ് പദവി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന ജെഡിയു മന്ത്രിസഭയിൽ ചേർന്നതുമില്ല. 

2004ൽ ത്രിശങ്കുസഭ വന്നതോടെ കോൺഗ്രസ് രൂപംകൊടുത്ത യുപിഎ രണ്ടുവട്ടം രാജ്യം ഭരിച്ചു. ആർജെഡി, ഡിഎംകെ, എൻസിപി, മുസ്‌ലിം ലീഗ്, നാഷനൽ കോൺഫറൻസ് എന്നിവരാണു യുപിഎയിലെ മുഖ്യകക്ഷികൾ. എൽജെപിയും 2004ൽ മുന്നണിയുടെ ഭാഗമായിരുന്നുവെങ്കിലും പിന്നീടു ബിജെപി പക്ഷത്തേക്കു പോയി. യുപിഎക്കും ഔദ്യോഗികമായൊരു കൺവീനറില്ല. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലാണു ഘടകകക്ഷികളുമായുള്ള ഏകോപനം നിർവഹിച്ചിരുന്നത്. 2004 മുതൽ 2008വരെ യുപിഎയെ പുറത്തുനിന്നു പിന്തുണച്ചിരുന്ന ഇടതുപാർട്ടികളുമായും പട്ടേലാണ് ആശയവിനിമയം നടത്തിയത്. 

ശിവസേനയുടെ ഇറങ്ങിപ്പോക്ക് ബിജെപിയെ അലോസരപ്പെടുത്തിയ ലക്ഷണമില്ല. സേനയ്ക്കു ശക്തിയുള്ള കൊങ്കൺ, മുംബൈ മേഖലകളിൽ തങ്ങൾക്കു സ്വന്തം നിലയിൽ വളരാനാകുമെന്ന കണക്കുകൂട്ടലിലാണു ബിജെപി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA