ADVERTISEMENT

ഐഐടി മദ്രാസിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം രാജ്യത്തിന്റെയാകെ ശ്രദ്ധയിൽ നിറയുകയാണ്. പാർലമെന്റിൽ വരെ അലയൊലികളുയർത്തിക്കഴിഞ്ഞ ഈ സംഭവം പുതിയ മാനങ്ങൾ കൈവരിക്കുകയാണിപ്പോൾ.

കൊല്ലം കിളികൊല്ലൂർ സ്വദേശിയായ ഫാത്തിമ എന്ന പതിനെട്ടുകാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷത്തെ ഐഐടി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് കോഴ്സിനുള്ള പ്രവേശനപരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു ഫാത്തിമ. തന്റെ മരണത്തിന്റെ ഉത്തരവാദികളെ എടുത്തുപറഞ്ഞ്, മൊബൈൽ ഫോണിൽ ഫാത്തിമ രേഖപ്പെടുത്തിയ രണ്ടു കുറിപ്പുകൾ കുടുംബം പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രാഥമിക അന്വേഷണത്തിൽ വീട്ടുകാർ അതൃപ്തി അറിയിച്ചിട്ടുമുണ്ട്.

ഐഐടിയിൽ ഫാത്തിമ ലത്തീഫ് അനുഭവിച്ചതായി ആരോപിക്കപ്പെടുന്ന വിവേചനം ശരിയാണെങ്കിൽ അത് അത്യധികം ഗൗരവമുള്ളതാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് പെരുമ നേടിയ അഭിമാന സ്ഥാപനത്തിൽ വിവേചനവും അവഗണനകളും പകപോക്കലുമൊക്കെ നടമാടുന്നുണ്ടെങ്കിൽ രാജ്യംതന്നെ തലതാഴ്ത്തേണ്ടതുണ്ട്.

സ്ഥാപനത്തിൽ പല രീതിയിലുള്ള വിവേചനങ്ങളും വിദ്യാർഥികൾ നേരിടുന്നതായും അവ പരിഹരിക്കണമെന്നും വിദ്യാർഥികളിൽ ഒരു വിഭാഗം പറയുന്നുണ്ട്. പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ അധ്യാപനവും പഠനവും ഗവേഷണവുമൊക്കെ നടക്കുന്ന ഒരു സ്ഥാപനത്തിൽ ഇത്തരത്തിൽപെട്ട ഒരു കളങ്കവും അനുവദിക്കാൻ പാടില്ലതന്നെ. അതോടൊപ്പം, ഇന്റേണൽ മാർക്കിന്റെ കാര്യത്തിൽ മൂല്യനിർണയം സുതാര്യമാക്കുകയും വേണം. ഫാത്തിമ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാത്ത ഐഐടിയുടെ നിലപാടിൽ പ്രതിഷേധം കനക്കുന്നുമുണ്ട്.

ഐഐടി മദ്രാസിൽ പത്തു വർഷത്തിനിടെ 14 കുട്ടികൾ ജീവനൊടുക്കിയതായി വിവരാവകാശ രേഖയുണ്ട്. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ കൂടുതൽ ഗൗരവപൂർണമായ നടപടികൾ ആവശ്യമായിവരുന്നു. പല കാരണങ്ങൾകൊണ്ടും വിദ്യാർഥികൾക്കുണ്ടാവുന്ന കടുത്ത മാനസികസമ്മർദമാണ് അവരെ ഇതിലേക്കു നയിക്കുന്നതെന്നാണു നിഗമനം. മനഃശാസ്ത്രജ്ഞരുടെയും മറ്റു വിദഗ്ധരുടെയും സഹായം ഇക്കാര്യത്തിൽ വിദ്യാർഥികൾക്കുണ്ടാവേണ്ടതുണ്ട്.

ഫാത്തിമയുടെ മരണത്തിൽ കേന്ദ്ര മാനവശേഷി മന്ത്രാലയം റിപ്പോർട്ട് തേടിക്കഴിഞ്ഞു. ഹോസ്റ്റലിൽ വിദ്യാർഥിനി ജീവനൊടുക്കാൻ ഇടയാക്കിയ സാഹചര്യം, വിദ്യാർഥികളുടെ മാനസികാരോഗ്യം പരിപാലിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ തുടങ്ങിയവയിൽ ഐഐടി റിപ്പോർട്ട് നൽകണമെന്നാണു മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ദുരന്തസാഹചര്യം ആവർത്തിക്കാതിരിക്കാൻ, 2007ൽ ഡൽഹി എയിംസിൽ രൂപീകരിച്ച സമിതിക്കു സമാനമായ സംവിധാനം മറ്റു കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങളിലും വേണമെന്ന ആവശ്യം വിദ്യാർഥിസമൂഹത്തിൽനിന്ന് ഉയരുന്നുമുണ്ട്.

ഹൈദരാബാദ് കേന്ദ്ര സർവകലാശാലാ ക്യാംപസിൽ 2016ൽ സ്വയമൊടുക്കിയ രോഹിത് വേമുല എന്ന ഗവേഷക വിദ്യാർഥിയുടെ ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയുമെഴുതിയിരുന്നു: ‘കാൾ സാഗനെപ്പോലെ ഒരു ശാസ്ത്ര സാഹിത്യകാരനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ, എഴുതാൻ സാധിച്ചതാകട്ടെ ഇങ്ങനെയൊരു കത്തും...’ നന്നായി പഠിച്ച്, ഉയർന്നുപറക്കാൻ മോഹിച്ച വിദ്യാർഥികൾക്കു സ്വയം ചിറകരിയേണ്ടിവരുന്ന സാഹചര്യങ്ങൾ സർക്കാരിനെയും സാമൂഹിക സംഘടനകളെയുമൊക്കെ ആത്മപരിശോധനയിലേക്കെത്തിച്ചേ തീരൂ. ഏറെ സ്വപ്നങ്ങളുമായി ഇഷ്ടവിഷയം പഠിക്കാൻ പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെത്തിയ ഫാത്തിമ ലത്തീഫ് എന്ന മിടുക്കിക്കുട്ടിയുടെ നിർഭാഗ്യമരണം നമുക്കു മറക്കാനുള്ളതല്ല.

ഫാത്തിമ കടുത്ത മാനസികസമ്മർദം നേരിട്ടിരുന്നുവെന്നും മറ്റുമുള്ള പരാതിയെക്കുറിച്ചുള്ള ആശങ്കകൾ വിശദമായ ഉന്നതതല അന്വേഷണം അനിവാര്യമാക്കുന്നു. ഇനി ഇത്തരമൊരു ദുരന്തം ആവർത്തിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെയുള്ള അടിയന്തര നടപടികൾ തന്നെയാണ് ഈ പെൺകുട്ടിയുടെ മരണത്തോടുള്ള പ്രായശ്ചിത്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com