sections
MORE

ജീവിക്കാനാണ് പഠിപ്പിക്കേണ്ടത്; ഐഐടി മദ്രാസിലെ പൂർവവിദ്യാർഥികൾ എഴുതുന്നു

fathima-new
SHARE

മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം ഐഐടി മദ്രാസിലെ പഠന, പഠനേതര മേഖലകളിലെ അനാരോഗ്യകരമായ ‌ പ്രവണതകളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്കു വഴിതുറക്കുന്നു. ക്യാംപസിലെ പഠനാന്തരീക്ഷം എങ്ങനെ, വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ? ഐഐടി മദ്രാസിനെ അടുത്തറിഞ്ഞ, മലയാളികളായ പൂർവവിദ്യാർഥികൾ എഴുതുന്നു...

രഹസ്യാത്മകത ഉപേക്ഷിക്കണം

ഗ്രാമീണ മേഖലകളിൽനിന്നു വരുന്നവർക്ക് പലപ്പോഴും അത്ര സുഖകരമായിരിക്കില്ല ഐഐടിയിലെ തുടക്കകാലം എന്നാണ് അനുഭവം. സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർ എന്നിവർക്കും പലവിധ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നതാണു സ്ഥിതി.

leader biyas
ബിയാസ് മുഹമ്മദ്, ‌

പഠനകാലത്ത് വിദ്യാർഥികൾക്കിടയിൽ ഞങ്ങൾ തന്നെ മുൻകയ്യെടുത്തു നടത്തിയ സർവേയിൽ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ എത്തിക്കഴിഞ്ഞാൽ സ്വയം പ്രൂവ് ചെയ്യാനുള്ള സമ്മർദം വിദ്യാർഥികൾ അനുഭവിക്കുന്നുണ്ട്. ഭേദപ്പെട്ട അക്കാദമിക് പ്രകടനം നിർബന്ധമാണ്. 

വിദ്യാർഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതു സ്ഥാപനത്തിനു ഭൂഷണമല്ല. ഇത്തരം സംഭവങ്ങളെ ഐഐടി മദ്രാസ് അധികൃതർ സമീപിക്കുന്ന രീതി തികച്ചും മോശമാണ്. ജീവഹാനി സംഭവിക്കുന്നവരുടെ പേരുപോലും പുറത്തുവിടാത്ത സ്ഥിതിയുണ്ട്. കാര്യങ്ങളിൽ ഒരു രഹസ്യാത്മകത പതിവാണ്. ഇതിനു മുൻപു നടന്ന പല ആത്മഹത്യകളിലും പ്രേരണക്കുറ്റം അന്വേഷിച്ചിട്ടു പോലുമില്ല.

 സ്റ്റുഡന്റ്സ് കൗൺസലിങ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നതിനാൽ, മാസങ്ങൾ നീണ്ടുനിൽക്കുന്ന ഗുരുതരമായ ഡിപ്രഷനിലൂടെ കടന്നുപോയ ഒട്ടേറെ വിദ്യാർഥികളെ കണ്ടിട്ടുണ്ട്. സമ്മർദം താങ്ങാനാകാതെ കോഴ്സ് അവസാനിപ്പിച്ചവരും സെമസ്റ്റർ ബ്രേക്ക് എടുത്തവരുമായ ഒട്ടേറെ പരിചയക്കാരുണ്ട്. പ്രതിഭകളായ പല വിദ്യാർഥികളും ഇവിടത്തെ രീതികൾ മൂലം പിന്തള്ളപ്പെട്ടുപോകുന്നു. വിദ്യാർഥികളുടെ സാമൂഹിക പശ്ചാത്തലം കൂടി പരിശോധിച്ചു നടപടികൾ സ്വീകരിക്കാൻ അധികൃതർക്കു കഴിയണം. 

∙ ബിയാസ് മുഹമ്മദ്, ‌കായംകുളം, ഇന്റഗ്രേറ്റഡ് എംഎ ഇൻ ഡവലപ്മെന്റ് സ്റ്റഡീസ് എച്ച്എസ്എസ് ഡിപാർട്മെന്റ്, 2014–19 ബാച്ച്.  

ഉറപ്പുകളേറെ, നടപടികളില്ല

മദ്രാസ് ഐഐടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ആത്മഹത്യകളുടെ എണ്ണവും അവയോടുള്ള അധികൃതരുടെ സമീപനവും ഞെട്ടിക്കുന്നതാണ്. ഓരോ സംഭവത്തെയും ലഘൂകരിച്ചു കാണുകയാണ് അധികൃതർ. 

ഐഐടിയിൽ പ്രവേശനം നേടിയെത്തുന്ന എല്ലാ വിദ്യാർഥികളും ഒന്നിനൊന്നു മികച്ച പഠനനിലവാരം പുലർത്തുന്നവരാണ്.

leader arya
ആര്യ പ്രകാശ്

അതുകൊണ്ടുതന്നെ മത്സരാന്തരീക്ഷവും അതിന്റെ ഫലമായുള്ള അരക്ഷിതാവസ്ഥയും താരതമ്യേന കൂടുതലാണ്. വ്യത്യസ്തമായ പഠനാന്തരീക്ഷത്തോടു സമരസപ്പെടാനുള്ള ബുദ്ധിമുട്ടുകളും കരിയർ സംബന്ധിച്ച ആകുലതകളുമെല്ലാം ഐഐടി വിദ്യാർഥികൾ അഭിമുഖീകരിക്കുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾ നേരിടുന്ന വിവിധ മാനസികപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ നിലവിലുള്ള സംവിധാനം അപര്യാപ്തമാണെന്നാണ് ഓരോ പുതിയ സംഭവവും വ്യക്തമാക്കുന്നത്.

ഹോം സിക്നസ് മുതൽ മാനസികാരോഗ്യം വരെ ചെറുതും വലുതുമായ പല പ്രശ്നങ്ങളും നേരിടുന്ന വിദ്യാർഥികൾ ഐഐടി ക്യാംപസിൽ ധാരാളമുണ്ട്. ഇവയെല്ലാം കൃത്യമായ രീതിയിൽ വിലയിരുത്തപ്പെടാനോ അവതരിപ്പിക്കാനോ ഉള്ള സംവിധാനത്തിന്റെ അപര്യാപ്തത വലിയ പോരായ്മയാണ്.

ഓരോ സന്ദർഭത്തിലും പരിഹാര നടപടികൾ സ്വീകരിക്കാം എന്നു പറയുന്നതല്ലാതെ കൃത്യമായ നടപടികളുണ്ടാവുന്നില്ല. പുറത്തുനിന്നുള്ള വിദഗ്ധ ഏജൻസി വിദ്യാർഥികളുടെ മാനസികാരോഗ്യസ്ഥിതി സംബന്ധിച്ച പഠനം നടത്തണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. 

ഐഐടി മദ്രാസിൽ ജാതിവിവേചനം ശക്തമായി നിലനിൽക്കുന്നതായി വസന്ത കന്തസാമി, അജന്ത സുബ്രഹ്മണ്യൻ എന്നിവർ നടത്തിയ പഠനങ്ങളിൽ വ്യക്തമായിട്ടുള്ളതാണ്. ഫാത്തിമ ലത്തീഫിന്റെ മരണകാരണം സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം അനിവാര്യം. 

∙ ആര്യ പ്രകാശ്, കൊല്ലം, ഇന്റഗ്രേറ്റഡ് എംഎ ഇൻ ഇംഗ്ലിഷ് സ്റ്റഡീസ്, 2011–16 ബാച്ച്.  

 പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നു

പല നാടുകളിൽ നിന്നും വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളാണ് ഐഐടിയിൽ എത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഇതിൽപെടും. ഈ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്ന സ്ഥിതിയാണ്. സംവരണം വഴി എത്തുന്നവരും അവഗണന നേരിടുന്നു. ഡിപ്രഷനും മറ്റും ഇവിടെ വിദ്യാർഥികൾക്കിടയിൽ സാധാരണയായി കണ്ടുവരാറുണ്ട്. 

പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന പഠനരീതിയാകില്ല അവിടെ കാണുന്നത്. മാർക്ക് കുറവുള്ളവരെ കൗൺസലിങ്ങിനു വിധേയരാക്കുന്ന പതിവുണ്ട്. എന്നാൽ, ഇതിനിടയിൽ‌ തിരിച്ചറിയപ്പെടാതെ പോകുന്ന കേസുകളും ഒട്ടേറെയുണ്ട്. ഇവർ ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയാണ്. 

leader ditty
ഡിറ്റി മാത്യു

ഐഐടി വിദ്യാർഥികൾക്കിടയിൽ‌ ഇതുസംബന്ധിച്ച ഒരു സമഗ്ര പഠനം അത്യാവശ്യമാണ്. വിഷയത്തെ അതിന്റെ സമഗ്രതയിൽ പഠിച്ച് പരിശോധിക്കാൻ അധികൃതർ തയാറാകണം. 

∙ ഡിറ്റി മാത്യു, ബെംഗളൂരു, പിഎച്ച്ഡി ഇൻ കംപ്യൂട്ടർ സയൻസ്, 2019

ക്ലിനിക് ഉണ്ട്, റസിഡന്റ് സൈക്കോളജിസ്റ്റ് ഇല്ല

ഫാത്തിമ ലത്തീഫിന്റെ മരണം ഐഐടി മദ്രാസിൽ ഇതിനകം നടന്ന ഒട്ടേറെ സംഭവങ്ങളുടെ തുടർച്ച മാത്രമാണ്. പഠനഭാരവും അക്കാദമിക് സമ്മർദവും ഇവിടെ താരതമ്യേന കൂടുതലാണ്. പ്ലസ്ടു കഴിഞ്ഞ് പുതുതായി എത്തുന്ന വിദ്യാർഥികൾക്ക് ഇതു കൂടുതലായി അനുഭവപ്പെടും.

മുൻ സെമസ്റ്ററുകളിൽ വിദ്യാർഥികൾ നേരിട്ട മാനസിക പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അതു പരിഹരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ച് ചിന്താ ബാർ ഉൾപ്പെടെയുള്ള സംഘടനകൾ സെമിനാറുകളും മറ്റും നടത്തിയിരുന്നു.

ഇത് സ്റ്റുഡന്റ് ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഐഐടി ഭരണവിഭാഗം പ്രമേയം മുന്നോട്ടുവച്ച തിരുത്തൽ നടപടികൾ അംഗീകരിക്കാൻ തയാറായില്ല. 

iit
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഐഐടി മദ്രാസ് ക്യാംപസ് കവാടത്തിൽ സമരം നടത്തുന്ന വിദ്യാർഥികൾ.

‌ക്യാംപസിൽ ക്ലിനിക് ഉണ്ടെങ്കിലും റസിഡന്റ് സൈക്കോളജിസ്റ്റ് ഇല്ല. കൗൺസലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണ്ടത്ര കാര്യക്ഷമമല്ല. ഏതെങ്കിലും അധ്യാപകരുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ പൊതുവായി മോശക്കാരായി ചിത്രീകരിക്കാൻ കഴിയില്ല.

വിദ്യാർഥികളോട് ഏറെ സൗഹൃദത്തിൽ പെരുമാറുന്ന പലരുമുണ്ട്. അതേസമയം, ദലിത് വിദ്യാർഥികളെ നിസ്സാര കാരണങ്ങളുടെ പേരിൽ പുറത്തുനിർത്തുന്ന അധ്യാപകരും കുറവല്ല. 

∙ പ്രതീഷ് പ്രകാശ്, കൊല്ലം, മാസ്റ്റേഴ്സ് ഓഫ് സയൻസ്, 2012 പാസ് ഔട്ട്. 

10 വർഷം, ഐഐടികളിൽ ജീവനൊടുക്കിയത്, 52 വിദ്യാർഥികൾ

ഫാത്തിമ ലത്തീഫിന്റെ മരണം വിരൽ ചൂണ്ടുന്നത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ആത്മഹത്യകളുടെ ഞെട്ടിക്കുന്ന കണക്കുകളിലേക്ക്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ 8 ഐഐടികളിൽ വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയത് 52 വിദ്യാർഥികളാണെന്നു വിവരാവകാശ നിയമം വഴി ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

ഐഐടി മദ്രാസിലാണു കൂടുതൽ മരണങ്ങൾ – 14. ഇവരിൽ 2 മലയാളികളുമുണ്ട് – 2015ൽ രാഹുൽ പ്രസാദ്, 2018ൽ ഷാഹൽ കോർമത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ചെന്നൈ ക്യാംപസിൽ 4 പേർ ജീവനൊടുക്കി. 

ഏകാന്തത, പഠനഭാരം, തോൽവിഭയം, അധ്യാപകരിൽനിന്നുള്ള മാനസികസമ്മർദം എന്നിവയാണു പ്രധാന കാരണങ്ങളായി പറയപ്പെടുന്നതെങ്കിലും കൃത്യമായ പഠനങ്ങളില്ല. കൗൺസലിങ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ യഥാർഥ കാരണം വ്യക്തമല്ലെന്നു മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.

സമ്മർദം അനുഭവിക്കുന്ന വിദ്യാർഥികൾക്കു കൗൺസലിങ്ങും മാനസികാരോഗ്യ വിദഗ്ധന്റെ സേവനവും ലഭ്യമാക്കാൻ മിത്ര്, സാഥി എന്നീ പേരുകളിൽ സംവിധാനമുണ്ടെന്ന് ഐഐടി മദ്രാസ് അധികൃതർ പറയുന്നു. പുതുതായി എത്തുന്ന കുട്ടികൾക്കും സൗജന്യ കൗൺസലിങ് സൗകര്യം പ്രയോജനപ്പെടുത്താം. 

എന്നാൽ, മാനസികസമ്മർദം മാത്രമല്ല ജാതി വിവേചനവും മറ്റു പ്രശ്നങ്ങളും വിദ്യാർഥികളെ അലട്ടുന്നുണ്ടെന്നും ഇവ പരിഹരിക്കാൻ കൃത്യമായ സംവിധാനത്തിന്റെ അഭാവമുണ്ടെന്നും ക്യാംപസിൽ പഠിച്ചിറങ്ങിയവർ ചൂണ്ടിക്കാട്ടുന്നു. 

എണ്ണായിരത്തിലധികം വിദ്യാർഥികളുള്ള ഐഐടിയിൽ പ്രശ്നം അനുഭവിക്കുന്നവരെ കൃത്യമായി കണ്ടെത്തി പിന്തുണ നൽകാനുള്ള സംവിധാനം ഒരുക്കിയാൽ മാത്രമേ, ആത്മഹത്യാ പ്രവണത കുറയ്ക്കാനാകൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA