ADVERTISEMENT

വൃദ്ധമന്ദിരത്തിൽ അതിഥികളായി എത്തിയതാണ് രാജാവും പരിവാരങ്ങളും. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ വെള്ളവുമായി എത്തിയത് ക്ഷീണിതനായ, വളരെ പ്രായം ചെന്ന ഒരാളാണ്. അദ്ദേഹം ഗ്ലാസിൽ ഒഴിച്ചുകൊടുത്ത വെള്ളം കുടിക്കാൻ ആരും തയാറായില്ല. പക്ഷേ, രാജാവ് ഒരു മടിയും കൂടാതെ വെള്ളം മുഴുവൻ കുടിച്ചു.

കൂടെ ഉണ്ടായിരുന്നവരെല്ലാം അദ്ദേഹത്തെ വിമർശിച്ചു – ആ വയോധികന്റെ കൈകൾ പോലും വൃത്തിയുള്ളതായിരുന്നില്ല. എന്നിട്ടും അങ്ങ് എന്തിനാണ് ആ വെള്ളം കുടിച്ചത്? രാജാവ് പറഞ്ഞു, ഒരു രാജാവിനു വെള്ളമൊഴിച്ചു കൊടുക്കുമ്പോൾ ആ വയോധികനുണ്ടാകുന്ന സന്തോഷവും പ്രതീക്ഷയും നശിപ്പിക്കാൻ ഞാൻ തയാറല്ലായിരുന്നു. 

വൃത്തിയുള്ള ശരീരം നിർമിച്ച് സുഗന്ധവാഹകരായി നടക്കുന്ന എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളി, മനസ്സു ശുദ്ധമാണോ എന്നതാകും. വൃത്തിയുള്ളതെല്ലാം വിശുദ്ധമാകണമെന്നില്ല. വസ്ത്രങ്ങളിൽനിന്നു പടരുന്ന പരിമളത്തെക്കാൾ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പകരുന്ന സുകൃതങ്ങളാണു പ്രധാനം. വൃത്തികേടാക്കുന്നവരെ കാണാൻ നല്ല വൃത്തിയായിരിക്കും; വൃത്തിയാക്കുന്നവരെ കാണാൻ ഒരു വൃത്തിയും ഉണ്ടാകണമെന്നില്ല. 

മാന്യത മാറ്റുരയ്ക്കുന്നത് മറ്റൊരു മാർഗവുമില്ലാത്തവരോടുള്ള പെരുമാറ്റത്തിലാണ്. തനിക്കൊപ്പം നിൽക്കുന്നവരോടോ തന്നെക്കാൾ ഉയർന്നവരോടോ എല്ലാവരും മനുഷ്യത്വത്തോടും ആദരവോടും കൂടി മാത്രമേ പെരുമാറൂ. എന്നാൽ, പ്രതികരണശേഷിയും പ്രത്യുപകാരശേഷിയും ഇല്ലാത്തവരോടുള്ള സമീപനമാണ് ഒരാളുടെ പെരുമാറ്റ വൈശിഷ്ട്യം അളക്കാനുള്ള ഉരകല്ല്. 

നിസ്സഹായതയുടെ പരകോടിയിൽ നിൽക്കുന്നവർക്കു വേണ്ടത് പണമോ പാരിതോഷികമോ ആകില്ല. ഒരൽപം പരിഗണന മാത്രമാകും അവരുടെ പ്രതീക്ഷ. അവഗണനയാണ് അസഹനീയമായ അവഹേളനം. ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിച്ച പലരും സ്വയം ജീവിക്കാൻ മറന്നുപോയിട്ടുണ്ടാകും. അതുകൊണ്ടാവും അവർ പ്രായമെത്തുന്നതിനു മുൻപേ വയോധികരായത്. താണുവണങ്ങിയില്ലെങ്കിലും തളർത്തരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com