sections
MORE

എൻ.ഇ. ബാലറാം; ആഴക്കയത്തിലെ ആമ്പൽപൂവ്

balram
SHARE

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ  എൻ.ഇ. ബാലറാമിന്റെ 100–ാം ജന്മവാർഷികം ഇന്ന്. അദ്ദേഹവുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന സാഹിത്യകാരൻ സി. രാധാകൃഷ്ണൻ എഴുതുന്നു. 

ആരായിരുന്നു എൻ.ഇ. ബാലറാം? ആരെപ്പറ്റിയും നമുക്കുള്ള ധാരണ നമ്മോടു ബന്ധപ്പെട്ട അനുഭവങ്ങളുടെ വെളിച്ചത്തിലേ ആവൂ എന്നതിനാൽ ഈ ചോദ്യം നേരെ ചൊവ്വേ ചോദിക്കുമ്പോൾ, എൻ.ഇ.ബാലറാം എനിക്ക് ആരായിരുന്നു എന്നാവും. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം കണ്ടുകിട്ടിയ മഹാഗുരുനാഥന്മാരിൽ ഒരാളാണ് എനിക്കദ്ദേഹം. സ്വന്തമായ ലോകവീക്ഷണമെന്ന നിലപാടുതറയിലേക്കുള്ള വഴിയിൽ വെളിച്ചം കാട്ടിത്തന്നു. എന്റെ ഒരു കൃതി വായിച്ച് അദ്ദേഹം എഴുതിയ വിമർശനമാണ് ആ ബന്ധത്തിനു തുടക്കമിട്ടത്. കാൽനൂറ്റാണ്ടോളം അതു നീണ്ടുനിന്നു. അന്ന് ആ കൃതിയെ അങ്ങനെ മനസ്സിലാക്കിയ വേറെയാരും ഇല്ലായിരുന്നു. തുടർന്നു ഞാൻ അന്വേഷിച്ചു ചെന്നു, കണ്ടു, സംസാരിച്ചു, നിരുപാധികം ശിഷ്യനായി.

അന്നത്തെ മിക്ക കമ്യൂണിസ്റ്റ് നേതാക്കളും ലളിതജീവിതത്തിന്റെ മാതൃകകളായിരുന്നു. ഇദ്ദേഹം ലാളിത്യത്തിന്റെ കൂടെ ആശയത്തെളിമയും ഉപാധികളുടെ പോറലില്ലാത്ത സ്നേഹവും കൂടി, പൂവിനു സുഗന്ധവും തേനും പോലെ, പ്രസരിപ്പിച്ചു. വിപ്ലവം രക്തരൂഷിതമല്ലാതെയാണു വേണ്ടത് എന്നായിരുന്നു ബാലറാം പഠിപ്പിച്ച ഒന്നാം പാഠം.

തീവ്രവിപ്ലവകാരികളായി തുടങ്ങിയിട്ടു സർവം ത്യജിച്ചു സന്യാസികളായ പലരെയും എനിക്കറിയാം. പക്ഷേ, സന്യസിക്കാൻ നിശ്ചയിച്ചു ദീക്ഷ തുടങ്ങിയിട്ട് ആ പരിപാടി ജീവിതാഭിമുഖ്യമല്ല പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കി കർത്തവ്യകർമങ്ങളിലേക്കു തിരികെ വന്ന ഒരാളെ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അതു ബാലറാമാണ്.

യഥാർഥ സന്യാസി കമ്യൂണിസ്റ്റാവും എന്നും യഥാർഥ കമ്യൂണിസ്റ്റുകാരനു സന്യാസിയാകാതിരിക്കാനാവില്ല എന്നും അദ്ദേഹം തെളിയിച്ചു. സന്യാസസങ്കൽപമില്ലാത്തവനു സമത്വവാദിയാകാനാവില്ലെന്നും പക്ഷേ, സന്യാസസങ്കൽപം കൊണ്ടു മാത്രം സമത്വം നടപ്പിലാക്കാനാവില്ലെന്നും പറയുന്ന ഗീതാഭാഗത്തിന്റെ സഞ്ചരിക്കുന്ന മാതൃകയാവാൻ ബാലറാമിനു കഴിഞ്ഞു.

‍ഞങ്ങൾ തമ്മിൽ പല കാര്യങ്ങളിലും അലനീളപ്പൊരുത്തമുണ്ടെന്നു ‍ഞാൻ കണ്ടെത്തി. അതോടെ അദ്ദേഹം എനിക്കൊരു പിറക്കാജ്യേഷ്ഠൻ കൂടിയായി. വേദാന്തം പഠിച്ച് ഈശാവാസ്യം മുതൽ ചവച്ചു നീരു കുടിച്ച്, മനുഷ്യസമത്വപാഠത്തിലെത്തിയതായിരുന്നു എന്റെ മനസ്സും. പഠിച്ചതു മുത്തച്ഛന്റെ മടിയിലിരുന്നാണ്, ആശ്രമത്തിലൊന്നും പോയിട്ടല്ല എന്ന വ്യത്യാസമേയുള്ളൂ. ഞങ്ങൾ ഇരുവരുടെയും കാഴ്ചപ്പാടും സമീപനവും ഒത്തുനോക്കിയപ്പോൾ ജാതകവിചാരക്കാരുടെ ഭാഷയിൽ പത്തിനു പത്തു പൊരുത്തം!

ഉപനിഷദ്‌ദാർശനികതയുടെ വെളിച്ചത്തിൽ ക്ലാസിക്കൽ കമ്യൂണിസത്തെക്കുറിച്ചുണ്ടായ സംശയങ്ങൾ എന്റെ പരിചയവലയത്തിൽ വന്ന എല്ലാ നേതാക്കളോടും അക്കാലത്തു ഞാൻ ചോദിക്കുമായിരുന്നു. അത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്നു പറഞ്ഞവരാണ് അവരിൽ അധികവും. അറിയില്ല എന്നു മുഖത്തു നോക്കി സംശയം കൂടാതെ പറഞ്ഞത് അച്യുതമേനോൻ മാത്രം. മൂന്നു പേർ അർഥവത്തായ ഉത്തരങ്ങൾ നൽകി – സി.ഉണ്ണിരാജ, കെ.ദാമോദരൻ, എൻ.ഇ.ബാലറാം.

ഉപനിഷത്ത് വെറും ദാർശനികാശയമാണെന്നും അതൊരു പ്രായോഗിക പദ്ധതി നിർദേശിക്കുന്നില്ലെന്നുമായിരുന്നു ഉണ്ണിരാജയുടെ മറുപടി. ഇടതുപക്ഷത്തിന് ഇന്ത്യയിൽ അനുഭവപ്പെടുന്ന മുരടിപ്പിന്റെ വെളിച്ചത്തിൽ ഉപനിഷദ് ജ്ഞാനത്തെ കമ്യൂണിസവുമായി എങ്ങനെ വിളക്കിച്ചേർക്കാമെന്നു ചിന്തിക്കേണ്ട കാലമായി എന്ന് ദാമോദരേട്ടൻ പറഞ്ഞു. പക്ഷേ, കൽക്കത്താ തീസിസിന്റെ അടിത്തറ ഭദ്രമെന്നുതന്നെ അദ്ദേഹവും വാശി പിടിച്ചു. ഉപനിഷദ്‌ദർശനത്തിന്റെ വളക്കൂറുള്ള മണ്ണിൽ ആധുനികകാല സമത്വവാദം എന്ന നവീകൃത പ്രത്യയശാസ്ത്രം നട്ടുവിളയിക്കുകയാണു പോംവഴി എന്നു നിരൂപിച്ചതു ബാലറാം മാത്രമാണ്.

ഭാഗ്യദോഷമെന്നു പറയാം, അദ്ദേഹത്തിന്റെ ചിന്തകൾക്കു പാർട്ടിയിൽ പ്രസക്തി കിട്ടിയില്ല. 1964നു ശേഷം പാർട്ടി പലതായതിൽപിന്നെ വിശേഷിച്ചും അടിസ്ഥാന ആശയങ്ങളിൽ സർവസമ്മതമായ ഒരു തിരുത്തും സാധ്യമല്ലാതെയും ആയി. തന്ത്രവിദ്യ കാണാതെ പഠിച്ച ഭട്ടതിരിമാർ യഥാർഥഭക്തരായ പൂന്താനങ്ങളെ ശ്രീകോവിലിന്റെ നാലയലത്തു കയറ്റാതായി. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നു സിദ്ധാന്തിച്ചവരും ഈ ആധിപത്യം കാക്കാൻ കാരിരുമ്പുലക്ക തന്നെ പ്രയോഗിച്ചു. ചുരുക്കത്തിൽ, ഈശാവാസ്യമോ മൂലധനമോ ഒക്കെ വായിച്ചു മനനം ചെയ്ത് ചുവടുറച്ച് സമൂഹപരിവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്നവരുടെ കാലം മുച്ചൂടും കഴിഞ്ഞാൽ, ‘വായിക്കരുത് – വായിപ്പിക്കരുത്’ എന്ന ഫാഷിസ്റ്റ് മുദ്രാവാക്യത്തിന്റെ നാടുവാഴ്ച ഉറയ്ക്കും. ഒരു ചോദ്യവും ചോദിക്കാൻ ആരുടെ കൈവശവും മൂലധനമൊന്നും ഇല്ലാതായിപ്പോവുകയും ചെയ്യും.

മഹാസമത്വബോധത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കാൻ ചുറ്റിക ഓങ്ങുകയാണു തങ്ങളെന്ന് ഇനിയും തിരിച്ചറിയാത്തവരോട് ആകെ പറയാനുള്ളത്, ഇല്ല ഇതിനകത്തുള്ളതു ശവമായില്ല, അതിനെ കൊല്ലാനാവില്ല, അതിന്റെ ജീവൻ കാലാതിവർത്തിയാണ് എന്ന നേരറിയാൻ ബാലറാമിനെ വായിക്കൂ എന്നാണ്. 

കയത്തിന്റെ ആഴം നിർണയിക്കാൻ അതിൽ വിരിയുന്ന ആമ്പലിന്റെ ചന്തവും തിടവും നോക്കിയാൽ മതി എന്നു പഴമക്കാർ പറയാറുണ്ട്. കയ്യിലെ മരുന്നിന്റെ ഉപയോഗക്രമം അറിയാത്തവർ ഈ ആമ്പൽപൊയ്കയിൽ മുങ്ങിക്കുളിച്ചു കയറി അൽപം ധ്യാനിക്കുന്നതു നന്നായിരിക്കും.

എൻ.ഇ. ബാലറാം 

കണ്ണൂർ ജില്ലയിലെ പിണറായിയിൽ 1919 നവംബർ 20നു ജനനം. ചെറുപ്പത്തിൽത്തന്നെ സംസ്‌കൃതത്തിൽ പാണ്ഡിത്യം നേടി. തലശ്ശേരിയിലും കൊൽക്കത്ത ശ്രീരാമകൃഷ്ണാശ്രമത്തിലും വേദാന്ത അധ്യാപകനായിരുന്നു. 1936ൽ ദേശീയപ്രസ്‌ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത്. സ്വാതന്ത്യ്രസമരത്തിൽ സജീവ സാന്നിധ്യം. ഏറെനാൾ തടവിൽ.

1939ൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരിക്കുന്നതിൽ പ്രധാന പങ്ക്. 1957ലും 1960ലും മട്ടന്നൂർ മണ്ഡലത്തിൽ നിന്നും 1970ൽ തലശ്ശേരിയിൽ നിന്നും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.1970–71ൽ അച്യുതമേനോൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രി. 1971 മുതൽ 1984 വരെ സിപിഐ സംസ്ഥാന സെക്രട്ടറി. തുടർന്ന് 8 വർഷം ദേശീയ കൗൺസിൽ സെക്രട്ടറി.1985–94ൽ രണ്ടു തവണ രാജ്യസഭാംഗം. രാജ്യസഭാംഗമായിരിക്കെ 1994 ജൂലൈ 16ന് മരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA