ADVERTISEMENT

ഗുരു തെരുവിൽനിന്ന് ഉറക്കെ ചിരിക്കുകയായിരുന്നു. വഴിപോക്കൻ ചോദിച്ചു, താങ്കൾ എന്തു കണ്ടിട്ടാണു ചിരിക്കുന്നത്? ഗുരു പറഞ്ഞു, വഴിയുടെ നടുക്കുള്ള ആ കല്ലു കണ്ടോ. ഈ വഴി കടന്നുപോയ പത്തോളം ആളുകൾ ആ കല്ലിൽതട്ടി വീണിട്ടുണ്ട്. പക്ഷേ, ഒരാൾ പോലും അത് എടുത്തുമാറ്റിയില്ല. ആരെങ്കിലും ആ കല്ലു മാറ്റിയിരുന്നെങ്കിൽ പിന്നീടു വന്നവർ വീഴില്ലായിരുന്നു. ആ പോയവരുടെ കൂട്ടത്തിൽ സാമൂഹിക പരിഷ്കരണത്തെക്കുറിച്ചു ഗവേഷണം നടത്തുന്നയാളും കുട്ടികളെ ജീവിതമര്യാദ പഠിപ്പിക്കുന്ന വ്യക്തിയും ഉണ്ടായിരുന്നു!

വലിയ കാര്യങ്ങളുടെ തമ്പുരാക്കന്മാരും വീരകൃത്യങ്ങളുടെ ചക്രവർത്തിമാരുമാകാനാണ് എല്ലാവർക്കുമിഷ്ടം. വേരില്ലാത്ത ഒരു മരവും വിണ്ണിലേക്കു വളരില്ല. ചെറിയ കാര്യങ്ങളിലെ സത്യസന്ധതയും ക്രിയാത്മകതയുമാണ് വലിയ ആളുകളെ സൃഷ്ടിക്കുന്നത്. ചിന്തകളിലും പ്രവൃത്തികളിലും അടിസ്ഥാനപരമായ ഗുണനിലവാരം പുലർത്താത്തവർ അവരറിയാതെ തന്നെ നിലത്തുവീഴും. 

സ്വയം മാറാൻ തയാറാകാതെ നാടു പരിഷ്കരിക്കാൻ ഇറങ്ങുന്നവരുടെ അഹന്ത കൊണ്ടും അമിത പ്രകടനങ്ങൾ കൊണ്ടുമാണ് നാടിന്റെ നിഷ്കളങ്കത നഷ്ടമാകുന്നത്. വിവരം നൽകുന്ന വിദ്യാഭ്യാസത്തെക്കാൾ വിവേകം നൽകുന്ന വിദ്യാഭ്യാസമാണ് നാടുണർത്തുക. അറിവുള്ളവരുടെ അഭാവമല്ല, അറിവിനെ അനുഭവമായി രൂപാന്തരപ്പെടുത്താൻ അറിയുന്നവരുടെ അഭാവമാണ് ഏതു രംഗത്തെയും നിഷ്ക്രിയതയ്ക്കു കാരണം.

പഠിപ്പിക്കുന്നവർ പാഠമാകാത്തിടത്തോളം കാലം പഠിതാക്കൾ നിർജീവ ശിലകളായി തുടരും. കണ്ടു പഠിച്ചവയിൽ നിന്നാണ് കരുതലും ദീർഘവീക്ഷണവും ഉണ്ടാകുക. കാണാതെ പഠിച്ചവയിൽനിന്ന് ഉത്തരങ്ങളും ഉദ്ധരണികളും മാത്രമേ ഉടലെടുക്കൂ. എല്ലാം പഠിച്ചിട്ടും എന്താണു ചെയ്യേണ്ടതെന്ന വകതിരിവില്ലാത്തവർ ഉണ്ടാകുമ്പോൾ പഠനം പരാജയപ്പെടും.

പ്രബന്ധം അവതരിപ്പിക്കാൻ അറിയാവുന്നവരല്ല, പ്രയോഗത്തിൽ വരുത്താൻ അറിയുന്നവരാണ് ഗുരുക്കന്മാരാകേണ്ടത്. നേടിയ അറിവും പകർന്ന അറിവും പ്രശ്നപരിഹാരത്തിനു പ്രയോജനപ്പെട്ടില്ലെങ്കിൽ ആ അറിവും ആചാര്യനും അപ്രസക്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com