ADVERTISEMENT

നമ്മുടെ നാട്ടിൽ സോഷ്യലിസം ആദ്യം നടപ്പായത് കള്ളുഷാപ്പിലാണ്. ഉള്ളവനും ഇല്ലാത്തവനും ഒരേ കുപ്പി. ഒരേ കള്ള്. ഒരേ കറി. കള്ളിന് ഒരേ വെൺമ. കറിക്ക് ഒരേ എരിവ്. 

കോടതികളിൽപോലും ബെഞ്ചിൽ സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച് എന്നിങ്ങനെ തരംതിരിവുണ്ടെങ്കിലും കള്ളുഷാപ്പിൽ ഒരേ ബെഞ്ചിൽ കയറിയിരുന്ന് സോഷ്യലിസം വെളുക്കെച്ചിരിക്കുന്നു. 

കൾകൾ താളത്തിൽ കള്ളുഷാപ്പിൽ പാടിത്തെളിഞ്ഞവ‌രിൽ വലിയവനെന്നോ ചെറിയവനെന്നോ തരംതിരിവുണ്ടായിട്ടില്ല. ഒരേ ഗാനം; ഒരേ താളം.

കള്ളോളം നല്ലൊരു വസ്തു 

പൂലോകത്തില്ലെടി പെണ്ണേ...

എന്നു പാടുമ്പോൾ ചിലരുടെ പൂലോകം അൽപം കൂടുതൽ ഉരുണ്ടതാണെന്നു തോന്നിയേക്കാമെന്നു മാത്രം.

അതു സോഷ്യലിസത്തിനെതിരല്ലെന്നു നമുക്കറിയാം. കാലാവസ്ഥാ വ്യതിയാനമൊക്കെ വന്നുകൊണ്ടിരിക്കുന്നതിനാൽ നമ്മുടെ ഭൂലോകം പഴയ ഭൂലോകമല്ല. 

കള്ളുഷാപ്പിൽ കയറിയിറങ്ങിയാണ് മലയാളി തലയിൽ മുണ്ടിടാൻ പഠിച്ചത്. കള്ളിന്റെ വെൺമയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ആദ്യകാല മുണ്ടെല്ലാം വെളുത്തതുതന്നെയായിരുന്നുവെന്നാണ് അപ്പുക്കുട്ടന്റെ ഗവേഷണത്തിൽ തെളിയുന്നത്. 

രാഷ്ട്രീയം പറയരുത് എന്ന് എഴുതിവച്ച കള്ളുഷാപ്പുകളിലാണ് കേരള രാഷ്ട്രീയം ഇഴകീറി ചർച്ച ചെയ്യുകയും നിർണായക തീരുമാനങ്ങളെടുക്കുകയും ചെയ്തുപോന്നതെന്ന് നമുക്കറിയാം. ആ തീരുമാനങ്ങളൊന്നും ഒരിക്കലും പിഴച്ചില്ലെന്നു കള്ളും കാലവും തെളിയിച്ചു. 

ജനമൈത്രി പൊലീസ്, ജനമൈത്രി കിഫ്ബി, ജനമൈത്രി വില്ലേജാപ്പീസ് എന്നിവയുടെ പരമ്പരയിൽ ഇനിയിപ്പോൾ ജനമൈത്രി കള്ളുഷാപ്പുകൾ വരാൻ പോകുകയാണ്.

പരിസരവാസികളുടെ സ്വകാര്യതയ്ക്കു കേടുപാടൊന്നും വരാതിരിക്കാൻ കള്ളുഷാപ്പുകൾക്കു വെൺമയാർന്ന പെരുമാറ്റച്ചട്ടം വേണമെന്നു കോടതി നിർദേശിച്ചയുടൻ അതിനുള്ള കരടു മാർഗരേഖ തയാറാക്കി സർക്കാർ സമർപ്പിച്ചുകഴിഞ്ഞു.

കള്ളുഷാപ്പുകളെ സംബന്ധിച്ചാവുമ്പോൾ കരടുരേഖയേ സമർപ്പിക്കാനാവൂ എന്നു നമുക്കറിയാം. കള്ളിൽ ആത്മഹത്യ ചെയ്ത ഈച്ചയ്ക്കു പോലും കരടിന്റെ സ്ഥാനമാണുള്ളത്. 

കരടുരേഖ നടപ്പാവുന്നതോടെ തലയിൽ മുണ്ടിടുന്ന കലാപരിപാടിക്കു പ്രസക്തിയില്ലാതാവും. പുറമേനിന്ന് ഉൾവശം കാണാത്ത വിധം ഷാപ്പിനു മറ വേണമെന്നാണ് കരടുരേഖയിലെ സുപ്രധാന നിർദേശം. 

പരിസരവാസികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ മറയ്ക്കൽ. മറയില്ലാത്ത ഷാപ്പിലിരിക്കുന്ന കുപ്പികൾ‌ നിഷ്കളങ്കരെ പ്രലോഭിപ്പിച്ചെന്നു വരാം; കുപ്പിയിലിറങ്ങാൻ മോഹമുദിച്ചെന്നും വരാം. 

ഏതായാലും, മലയാള സംഗീതത്തിലെ ശുഭ്രസുന്ദര ശാഖയായ ഷാപ്പുപാട്ടുകൾ നിരോധിക്കാൻ കരടു മാർഗരേഖയിൽ നിർദേശമില്ലെന്നാണ് കലാസ്നേഹികൾ മനസ്സിലാക്കുന്നത്. 

കലയുടെ കൂമ്പടഞ്ഞു പോകാതെ നോക്കാൻ കോടതികൾക്കും സർക്കാരിനും ബാധ്യതയുണ്ടല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com