sections
MORE

സാമൂഹികവിരുദ്ധത എന്ന രോഗാണു; വി.ജെ. ജയിംസ് എഴുതുന്നു

Nottam vj james
SHARE

വേണാട് എക്സ്പ്രസിലെ പുതിയ സീറ്റുകൾ കുത്തിക്കീറിയും പുഷ് ബാക്ക് സീറ്റിന്റെ ലിവറുകൾ കേടാക്കിയും ചില സാമൂഹികവിരുദ്ധർ. തത്വദീക്ഷയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കുറച്ചുപേർ എല്ലാ മലയാളികളെയും പ്രതിക്കൂട്ടിലാക്കുന്നു. ഇത്തരം നശീകരണ മനഃശാസ്ത്രത്തിന് പിന്നിലെ കാരണങ്ങളെന്താവും? സാമൂഹികവിരുദ്ധത ചികിത്സിച്ചു ഭേദമാക്കേണ്ട രോഗാണുവാണ്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാത്ത വിധം പ്രതിരോധശക്തിയുള്ള മനസ്സുകളെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ കടമ. 

ലിങ്ക് ഹാഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുമായി യാത്ര തുടങ്ങിയ വേണാട് എക്സ്പ്രസിനു നേരിടേണ്ടിവന്ന കയ്യേറ്റങ്ങൾ ഏറെ വിഷമത്തോടു കൂടിയേ മലയാളിക്കു കേൾക്കാൻ കഴിയൂ. പുതിയ സീറ്റുകൾ കുത്തിക്കീറിയും പുഷ്ബാക്ക് ലിവറുകൾ ഒടിച്ചുകളഞ്ഞും പ്ലഗ് പോയിന്റുകൾ നശിപ്പിച്ചും വേണാടിനെ വികൃതമാക്കിയതിനെതിരെ മലയാളിസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളും ഈ വിഷയം ഗൗരവപൂർവം ഏറ്റെടുത്തിരിക്കുന്നു. ഒപ്പം, മലയാളിയുടെ പൊതുബോധത്തെക്കുറിച്ചുള്ള പതിവ് ഉത്കണ്ഠപ്പെടലുകളും ആരംഭിച്ചിട്ടുണ്ട്. 

മലയാളിയുടെ പൊതുബോധത്തിന്റെ നേരായ പ്രതിഫലനമാണിതെന്നു തറപ്പിച്ചു പറയാൻ വരട്ടെ. ചിലപ്പോൾ ഒരാളോ ഒന്നോ രണ്ടോ പേരോ ചേർന്നു നടത്തിയ കുത്സിത നീക്കമാവാം. അതിന്റെ ഉദ്ദേശ്യം പോലും മറ്റെന്തോ ആയിരിക്കാമെന്നും തോന്നുന്നു. മലയാളികളെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാൻ പോന്നവിധം ഒരു അന്തരീക്ഷസൃഷ്ടി നടത്താൻ വിരലിലെണ്ണാവുന്ന ഈ ആളുകൾക്കു സാധിക്കുന്നുവെന്നതാണു പരിതാപകരം. തിയറ്ററിൽ, ബസിൽ, റോഡിൽ, പൊതു ഇടങ്ങളിലൊക്കെ തത്വദീക്ഷയില്ലാതെ പ്രവർത്തിക്കുന്ന ഒരു ന്യൂനപക്ഷം മൊത്തം മലയാളിയെയും പ്രതിക്കൂട്ടിലാക്കുന്നു. ആയിരം തേൻതുള്ളിക്ക് ഒരു മീൻതുള്ളി മതിയെന്നാണല്ലോ ചൊല്ലു തന്നെ.

അതിനു പിന്നിലെ മനഃശാസ്ത്രത്തിന് പല കാരണങ്ങളുണ്ടാവാം. ഇരുണ്ട സാഹചര്യങ്ങൾ നൽകിയ വികലമനസ്സോ, എന്തിനോടെങ്കിലുമുള്ള പ്രതിഷേധമോ, കേവലമായ കുശുമ്പോ ഒക്കെ പങ്കുവഹിച്ചെന്നു വരാം. എന്നാൽ, ഏറെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കാര്യകാരണ വിവേചനത്തിനു വഴങ്ങിക്കൊടുക്കാത്ത ഒരുവക അറിവുകേടല്ലേ? എല്ലാ അജ്ഞതകളെയും നിർമാർജനം ചെയ്യേണ്ടത് ബോധമുണർത്തിക്കൊണ്ടാണ്. ഏതൊരു പ്രശ്നത്തെയും തൽക്കാല നടപടികളിൽ ഒതുക്കി നേരിടുകയാണ് പലപ്പോഴും ഭരണകൂടം ചെയ്യുക; കുറ്റം കണ്ടെത്തലിലും ശിക്ഷ നടപ്പാക്കലിലും ഒതുങ്ങുന്ന നടപടിക്രമങ്ങൾ. ശരീരത്തിൽ എവിടെയെങ്കിലും വരട്ടുചൊറി വന്നാൽ ആ ഭാഗത്തു മാത്രം മരുന്നു പുരട്ടി ഉണക്കുന്ന രീതിയാണത്. അടുത്ത തവണ മറ്റൊരു ഭാഗത്തു വരുമ്പോൾ വീണ്ടും മരുന്നുപുരട്ടൽ. വാസ്തവത്തിൽ ഇനിയൊരിക്കലും വ്രണം ഉണ്ടാകാതിരിക്കത്തക്കവിധം ആകെ ശരീരത്തെയും ചികിത്സിച്ച് ആരോഗ്യകരമാക്കുകയാണു വേണ്ടത്. 

രോഗാണു പ്രവേശിക്കുമ്പോഴാണു ശരീരത്തിനു രോഗമുണ്ടാവുന്നത്. സാമൂഹികവിരുദ്ധത ചികിത്സിച്ചു ഭേദമാക്കേണ്ട രോഗാണുവാണ്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാത്ത വിധം പ്രതിരോധശക്തിയുള്ള മനസ്സുകളെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ കടമ. പ്രാഥമിക വിദ്യാഭ്യാസത്തിൽത്തന്നെ ഇതിലേക്കുള്ള സമർഥമായ ചേരുവകൾ വേണ്ടതുണ്ടെങ്കിലും ദൗർഭാഗ്യവശാൽ ഒട്ടും ആശാവഹമായ ഘടനയല്ല നമുക്കുള്ളത്. മനുഷ്യനെ സംസ്കരിച്ചെടുക്കുകയാണു വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന തിരിച്ചറിവുള്ള ഒരൊറ്റയാൾ തലപ്പത്തുണ്ടായാൽ മതി, ഇച്ഛാശക്തിയുള്ള തീരുമാനങ്ങളെടുക്കാനും പ്രവൃത്തിപഥത്തിൽ എത്തിക്കാനും.  

തിയറ്റർ തുടങ്ങിയ പൊതു ഇടങ്ങളിൽ ക്യാമറ ഉള്ളതുപോലെ വേണാടിലും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. നമ്മുടെ തീവണ്ടികളിൽ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. അതിനപ്പുറം പൊതുമുതൽ സംരക്ഷണം അവനവന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യപ്പെടൽ കൂടി ആവശ്യമാണ്. ഇതിലേക്ക് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ടിവി, സിനിമ പരസ്യങ്ങൾ പോലും പലപ്പോഴും ഫലിതം തോന്നുംവിധം ഭാവനാശൂന്യമാണ്. ഒട്ടും കൃത്രിമമാവാതെ, നൈസർഗികമായി സംഭവിക്കത്തക്കവിധം നമ്മുടെ ബോധവൽക്കരണ ശ്രമങ്ങളെ നാം വീണ്ടുമൊന്നു വിലയിരുത്തേണ്ടതുണ്ടെന്നു തോന്നുന്നു. 

വേണാടിന്റെ പുതുമകളെക്കുറിച്ചു വാർത്തകൾ നൽകുമ്പോൾത്തന്നെ എത്രകാലം ഇതു നിലനിൽക്കുമെന്നും സാമൂഹികവിരുദ്ധർ വൈകാതെ നശിപ്പിച്ചേക്കുമെന്നും പ്രവചനം പോലെ നാം പറഞ്ഞു കൊണ്ടിരുന്നതെന്തിനാണ്? അതുതന്നെ, ഉറങ്ങിക്കിടക്കുന്ന ഛിദ്രശക്തികൾക്ക് ഉണർന്നെഴുന്നേൽക്കാനുള്ള ക്ഷണമായി മാറുകയാണെന്നു തിരിച്ചറിയണം.

വേണാടിനെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ആവശ്യമാണെന്ന വിചാരത്തെയാണ് ഉണർത്തിയിരുന്നതെങ്കിൽ ഒരുപക്ഷേ, ഇപ്പോഴും അതിനു പരുക്കേൽക്കാതെ ഇരുന്നേനെ. മലയാളികൾ എന്തിലുമേതിലും മുന്നിലാണ്. നമ്മുടെ സ്വന്തം പൊതു ഇടങ്ങൾ ഭംഗിയായി സൂക്ഷിക്കുന്ന കാര്യത്തിലും മുൻപന്തിയിലാകണമെന്ന് എന്തുകൊണ്ടു ശക്തമായി ആഗ്രഹിച്ചുകൂടാ? ചിന്തയാണ് പ്രവൃത്തിയാവുന്നതും നമ്മുടെ ചുറ്റുപാടുകളായി പരിണമിക്കുന്നതും.

(എഴുത്തുകാരനും ഇത്തവണത്തെ വയലാർ അവാർഡ് ജേതാവുമാണു ലേഖകൻ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA