ADVERTISEMENT

നീതി നിഷേധിക്കപ്പെട്ടവരുടെ കണ്ണീർ വീഴുമ്പോൾ അതിന്റെ ചൂടേറ്റു രാജ്യം പൊള്ളുകതന്നെ വേണം. മിനിമം പെൻഷന്റെ കാര്യത്തിലും ആനുപാതിക പെൻഷന്റെ കാര്യത്തിലും ഇപ്പോഴും അധികൃതർ തുടരുന്ന നിഷേധാത്മക നിലപാടിൽ മനസ്സു മുറിവേറ്റു വേദനിക്കുന്നതു ലക്ഷക്കണക്കിനു പേരാണ്. പെൻഷൻ ഒൗദാര്യമല്ലെന്നും അവകാശമാണെന്നും ഇനിയും തിരിച്ചറിയാത്ത അധികാരികൾ കാലത്തിനുനേരെ മുഖംതിരിച്ചു നിൽക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല. അവകാശങ്ങൾ അനുവദിച്ചുകിട്ടാനായി പെൻഷൻകാർ രാജ്യവ്യാപകമായി ശബ്ദമുയർത്തുന്നതും അധികൃതർ തുടർന്നുപോരുന്ന നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധിക്കുന്നതും സർക്കാരിനു ഭൂഷണമല്ല.

സുപ്രീം കോടതിയിലുള്ള ഹർജികളിൽ തീരുമാനമാകാതെ, ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്ന കാര്യം പരിഗണിക്കില്ലെന്നു വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയതാണ് പെൻഷൻകാരുടെ ആശങ്ക കൂട്ടിയിരിക്കുന്നത്. പിഎഫ് പെൻഷൻ പദ്ധതിയിലുള്ളവർക്ക് അവസാനമായി വാങ്ങിയ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷന് അവകാശമുണ്ടെന്നു സുപ്രീം കോടതിയും കേരള ഹൈക്കോടതിയും വിധിച്ചിട്ടും ഇതാണ് അവസ്ഥയെന്നതു നിർഭാഗ്യകരമാണ്. പ്രത്യേകാനുമതി ഹർജിയും പുനഃപരിശോധനാ ഹർജിയും കൊടുത്ത് ഇപിഎഫ് ഓർഗനൈസേഷനും (ഇപിഎഫ്ഒ) കേന്ദ്ര തൊഴിൽ വകുപ്പും നീതി വീണ്ടും അനന്തമായി വൈകിപ്പിക്കുന്നതിൽ ന്യായമില്ലതന്നെ.

പിഎഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതമടച്ചവർക്ക് ആനുപാതിക പെൻഷന് അർഹതയുണ്ട്. ഇപ്പോൾ സർവീസിലുള്ളവർക്ക് യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതമടയ്ക്കാനും അവസരമുണ്ടാകും. അതേസമയം, തങ്ങളുടെ അപ്പീൽ തള്ളിയതിനെതിരെ ഇപിഎഫ്ഒ പുനഃപരിശോധനാ ഹർജി നൽകുകയായിരുന്നു. ഇതോടൊപ്പം, തൊഴിൽ മന്ത്രാലയവും പ്രത്യേകാനുമതി ഹർജി നൽകി. ഇതു രണ്ടും ചേർന്നാണു സുപ്രീം കോടതി പരിഗണിക്കുന്നത്.

ഒരുതവണ ചേംബറിൽ പരിഗണനയ്ക്കു വന്നപ്പോൾ ഹർജികൾ സുപ്രീം കോടതി അനുകൂലിച്ചിരുന്നില്ല. ഉയർന്ന പെൻഷൻ നടപ്പാക്കുന്നത് 10 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാക്കുമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇപിഎഫ്ഒയുടെ പുനഃപരിശോധനാ ഹർജിയും തൊഴിൽ മന്ത്രാലയത്തിന്റേതും ചേർത്തു പരിഗണിക്കാമെന്നു കോടതി പറഞ്ഞത്. ഇനി പുതിയ ബെഞ്ച് രൂപീകരിച്ച ശേഷം, ഡിസംബറിൽ വർഷാവസാന അവധിക്കു പിരിയും മുൻപ് ഈ കേസ് പരിഗണിച്ചേക്കുമെന്നാണു പ്രതീക്ഷ. ഇതു ചൂണ്ടിക്കാട്ടിയാണ് ഉയർന്ന പെൻഷൻ നൽകാൻ ഇപിഎഫ്ഒയും കേന്ദ്രവും തടസ്സം നിൽക്കുന്നത്.

തൊഴിലാളികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി കൊണ്ടുവന്ന പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഇപിഎഫ് അധികൃതർ ശ്രമിക്കുന്നതായി ആദ്യം തെ‌ാ‌ട്ടേ പരാതി ഉയർന്നിരുന്നു. 1995ൽ ആരംഭിച്ച പിഎഫ് പെൻഷൻ പദ്ധതിയിൽ ചേർന്നവർക്കു വിരമിച്ചപ്പോൾ കിട്ടിവന്നതു നാമമാത്ര പെൻഷൻ ആയിരുന്നു. പെൻഷനു മാനദണ്ഡമായി നിശ്ചയിച്ച ശമ്പളപരിധിയാണ് കുറഞ്ഞ തുകയ്ക്കു കാരണമായത്. മിനിമം പെൻഷൻ ആയിരം രൂപയായി പിന്നീട് വർധിപ്പിച്ചപ്പോഴാകട്ടെ ചില വ്യവസ്ഥകൾ കൂടി ബാധകമാക്കി അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുകയും ചെയ്തു. ഇതുതന്നെ മുഴുവനായി ഇപ്പോഴും പലർക്കും കിട്ടുന്നില്ല. ഈ ആയിരം രൂപ കൊണ്ട് പെൻഷൻകാർ ജീവിക്കുമെന്ന് അധികാരികൾ കരുതുന്നുണ്ടെങ്കിൽ അവർ യാഥാർഥ്യത്തെ തിരിച്ചറിയുന്നില്ല.

സംസ്ഥാനത്തെ ഇപിഎഫ്ഒ ഓഫിസുകളിൽ തീരുമാനമാകാതെ മുപ്പതിനായിരത്തിലേറെ പിഎഫ് പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട് എന്നതുകൂടി ഇതോടു ചേർത്തുവയ്ക്കണം. 1952ലെ ഇപിഎഫ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതും പെൻഷൻകാരുടെ വയറ്റത്തടിച്ചുകൊണ്ടായിക്കൂടാ. കഷ്ടപ്പാടുകളില്ലാത്ത വിശ്രമജീവിതം ആഗ്രഹിക്കുന്ന പെൻഷൻകാർക്കു നീതി ലഭിക്കാൻ അടിയന്തര നടപടികൾ ഉണ്ടാവുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com