ADVERTISEMENT

ആ നാട്ടിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജനങ്ങൾ പലായനം ചെയ്തു. എന്നാൽ, ഒരു വയോധികൻ മാത്രം സ്വന്തം കുടിലിൽ പതിവുപോലെ ജീവിതം തുടർന്നു. ഇതറിഞ്ഞ സൈന്യാധിപൻ ആ കുടിലിലെത്തി. സാധാരണ ലഭിക്കാറുള്ള ബഹുമാനാദരങ്ങളൊന്നും കിട്ടാതെ വന്നപ്പോൾ അയാൾ വയോധികനു നേരെ അലറി – എന്റെ മുന്നിൽ തല കുമ്പിട്ടു വണങ്ങിയില്ലെങ്കിൽ ഒറ്റവെട്ടിനു നിങ്ങളെ കൊല്ലാൻ എനിക്കറിയാം. ഭാവഭേദമില്ലാതെ വയോധികൻ ചോദിച്ചു, ഇത്രയും പ്രായമുള്ള എന്നെക്കൊല്ലാൻ വാൾ വേണമെന്നു കരുതുന്ന നിങ്ങളെ ആരാണു സൈന്യാധിപനാക്കിയത്?

ഭയമില്ലാതായാൽ എല്ലാ അടിമത്തങ്ങളും അവസാനിക്കും. പേടിയുള്ളതിനെയൊന്നും ആരും സ്നേഹിക്കില്ല, ബഹുമാനിക്കില്ല. ആത്മാർഥതയില്ലാത്ത ആദരവും ആരും കാണാത്തപ്പോഴുള്ള അവഹേളനവുമാണ് ഭയപ്പെട്ട് ആരാധിക്കുന്നവരിൽനിന്നു പുറപ്പെടുന്നത്. കൈകൂപ്പി നിൽക്കുന്നവരെല്ലാം ആജ്ഞാനുവർത്തികളോ അടിമകളോ ആണെന്നു കരുതുന്നതു തെറ്റ്. കാര്യം കാണുന്നതിനോ കലഹം ഒഴിവാക്കുന്നതിനോ ഉള്ള താൽക്കാലിക തന്ത്രം മാത്രമാകും അത്. ഭയപ്പെടുന്നവരിൽ നിന്നു പരിശ്രമമോ പരിപൂർണതയോ ഉണ്ടാകില്ല. പരിഹാസങ്ങളിൽനിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ചെപ്പടിവിദ്യ മാത്രമായിരിക്കും അവരുടെ ഓരോ ചേഷ്ടയും. ഭയപ്പെടുത്തുന്നവർക്ക് മികവു കൊണ്ടുവരാനാകില്ല. സമ്മർദത്തിലൂടെയും വേട്ടയാടലിലൂടെയും പുറത്തുവരുന്നത് പകയും പ്രതികാരവും മാത്രമായിരിക്കും.

എന്തുചെയ്യണമെന്ന് അറിയാത്തവരുടെ വൈകാരിക വിസ്ഫോടനമാണ് രോഷം. സ്വയം നിയന്ത്രിക്കാനറിയാത്ത ആൾ എങ്ങനെയാണ് ഒരു സമൂഹത്തെ നയിക്കുക? തനിച്ചു നിൽക്കാനും തന്റേടത്തോടെ പ്രതികരിക്കാനും അറിയാവുന്നവരെ ആരും ഭീഷണിപ്പെടുത്താൻ ഒരുമ്പെടില്ല. ഭയപ്പെടുത്തി നിർത്തിയിരിക്കുന്ന അടിമകളെ കൊണ്ടല്ല, ആഗ്രഹത്തോടെയും ആത്മസമർപ്പണത്തോടെയും കൂടെ നിൽക്കുന്ന അഭ്യുദയകാംക്ഷികളെക്കൊണ്ടാണ് പരിസരം പ്രകമ്പനം കൊള്ളേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com