sections
MORE

അനാസ്ഥയുടെ ഇര, ഷെഹ്‌ല

SHARE

കേരളത്തിലെ  വിദ്യാലയങ്ങളിൽ നമ്മുടെ കുട്ടികൾ എത്രമാത്രം അരക്ഷിതരാണെന്ന ചോദ്യമുയർത്തുകയാണ് വയനാട്ടിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവം. എല്ലാ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതും വിദ്യാർഥിസുരക്ഷ കാത്തുസൂക്ഷിക്കേണ്ടതും അധികൃതരുടെ മുഖ്യ ഉത്തരവാദിത്തമാണെങ്കിലും പലയിടത്തും അതില്ലെന്നതിന്റെ ദുഃഖഭരിതമായ സാക്ഷ്യമാവുകയാണ് ഷെഹ്‌ല ഷെറിൻ എന്ന പത്തു വയസ്സുകാരിയുടെ ദാരുണാന്ത്യം.  

ബത്തേരി ഗവ.സർവജന വിഎച്ച്എസ്എസിൽ ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റു വിദ്യാർഥിനി മരിച്ച വാർത്ത ഏറെ വേദനയോടെയും രോഷത്തോടെയുമാണു കേരളം കേട്ടത്. സ്കൂൾ കെട്ടിടം വേണ്ടത്ര സുരക്ഷിതമല്ലാത്തതും ആശുപത്രിയിലെത്തിക്കാനും ചികിത്സ നൽകാനും വൈകിയതുമാണു കുട്ടിയുടെ മരണത്തിനിടയാക്കിയ പ്രധാന കാരണങ്ങളെന്നതു നാണക്കേടോടെ വേണം നാം കേൾക്കാൻ.

ബുധനാഴ്ച വൈകിട്ട് 3.15നാണ് ഷെഹ്‌ലയെ ക്ലാസ്മുറിയിൽവച്ചു പാമ്പുകടിച്ചത്. ബെഞ്ചിനടിയിലെ മാളത്തിൽനിന്നാണു പാമ്പു കടിച്ചതെന്നു സഹപാഠികൾ പറയുന്നുണ്ട്. തന്നെ പാമ്പു കടിച്ചതാണെന്ന് ഷെഹ്‌ലയും പറഞ്ഞുവെന്നും കാലിനു നീലനിറമായെന്നും കൂട്ടുകാരികൾ പറയുന്നു. സ്കൂളിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുന്നതു മുക്കാൽ മണിക്കൂർ കഴിഞ്ഞാണ്. മുറിവിൽ തുണികൊണ്ടു കെട്ടുകയല്ലാതെ ഷെഹ്‌ലയ്ക്കു പ്രഥമശുശ്രൂഷ പോലും നൽകിയിട്ടില്ലെന്ന ആരോപണം ശരിയാണെങ്കിൽ എത്ര ഗുരുതരമായ അലംഭാവമാണത്! ഷെഹ്‌ലയുടെ പിതാവ് എത്താൻ കാത്തുനിൽക്കുകയായിരുന്നു അധ്യാപകർ എന്നാണു കുട്ടികൾ പറയുന്നത്. 

താൻ വരുന്നതുവരെ കാത്തിരിക്കാൻ രക്ഷിതാവു പറഞ്ഞുവെന്നാണ് അധ്യാപകരുടെ വാദമെങ്കിലും കാര്യങ്ങൾ ഗുരുതരാവസ്ഥയിൽ എത്തുന്നതിനു മുൻപേ കുട്ടിയെ ആശുപത്രിയിലെത്തിക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യം  ഉയരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടതെന്ന നിലപാടിലാണ് അധ്യാപകർ. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ഡോക്ടർമാർ പാമ്പുകടി സ്ഥിരീകരിച്ചില്ലെന്നും അധ്യാപകർ പറയുന്നു.

മൂന്നു മണിക്കൂറിനുള്ളിൽ ഷെഹ്‍ലയെ എത്തിച്ചത് നാല് ആശുപത്രികളിലാണ്. പാമ്പുകടിയേറ്റെന്നു ഡോക്ടർമാർ സ്ഥിരീകരിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലായ ജില്ലകളിലൊന്നാണു വയനാട്. ഈ വർഷം ഇതുവരെ 96 പേർക്ക് ഇവിടെ പാമ്പുകടിയേറ്റിട്ടുണ്ട്. പാമ്പുകടിയേൽക്കുമ്പോൾ മാത്രമല്ല, മറ്റ് അടിയന്തര സാഹചര്യങ്ങളിലും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താൻതന്നെ വയനാട്ടിൽ ഇതുവരെ സർക്കാരിനായിട്ടില്ല. 

നമ്മുടെ മിക്ക സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെയും സ്ഥിതി ഇപ്പോഴും പരിതാപകരമാണ്. പലയിടത്തും പാഴായിപ്പോയ സാധനങ്ങൾ ക്ലാസ് മുറികളിൽപോലും കൂട്ടിയിടാറുണ്ട്. ഒറ്റപ്പാലം ചുനങ്ങാട് എസ്ഡിവിഎംഎഎൽപി സ്കൂളിന്റെ മേൽക്കൂരയിൽനിന്നു കഴിഞ്ഞ വർഷം വിഷപ്പാമ്പ് താഴെ വീണതിനെത്തുടർന്ന്, ബാലാവകാശ സംരക്ഷണ കമ്മിഷൻ ഇടപെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷ ഉറപ്പുവരുത്താൻ ഈയിടെ കർശന നിർദേശം നൽകുകയുണ്ടായി. ബത്തേരിയിലെ സ്കൂളിൽ ഇന്നലെ രാവിലെ പരിശോധനയ്ക്കെത്തിയ രക്ഷിതാക്കളും നാട്ടുകാരും കണ്ടത് നിറയെ മാളങ്ങളുള്ള ക്ലാസ് മുറികളാണ്. മുഴുവൻ സ്കൂൾ കെട്ടിടങ്ങളും പ്ലാസ്റ്ററിങ് നടത്തി സുരക്ഷിതമാക്കാനുള്ള നിർദേശം പാലിക്കപ്പെടുകതന്നെ വേണം.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഹൈടെക് ക്ലാസ്മുറികൾ സ്ഥാപിച്ചുവെന്നും അങ്കണവാടികൾ സ്മാർട് ആക്കുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾക്കപ്പുറത്ത്, വിണ്ടുകീറിയ നിലങ്ങളിലാത്ത, പൊത്തുകളില്ലാത്ത, പാമ്പുകളില്ലാത്ത ക്ലാസ് മുറികൾ എന്ന പ്രാഥമിക ഉത്തരവാദിത്തംപോലും സർക്കാർ മറക്കുന്നു. ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ് ഒരു പത്തു വയസ്സുകാരി മരിക്കേണ്ടിവന്ന ദുര്യോഗത്തിന് ആരു സമാധാനം പറയും? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA