ADVERTISEMENT

പാമ്പുകടിയേറ്റുള്ള അഞ്ചാം ക്ലാസുകാരിയുടെ മരണം വേദനിപ്പിക്കുന്നു. എന്തുകൊണ്ട് ആ അധ്യാപകർക്കും ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാർക്കും കുഞ്ഞു ഷെഹ്‌ല തങ്ങളുടെ സ്വന്തം കുഞ്ഞായി തോന്നിയില്ല? മതിയായ ചികിത്സ നൽകാതെ 100 കിലോമീറ്ററോളം അകലെയുള്ള മെഡിക്കൽ കോളജിലേക്ക് കുട്ടിയെ റഫർ ചെയ്ത നടപടി കൃത്യവിലോപമല്ലാതെ മറ്റെന്താണ്? 

പാമ്പുകടിയേറ്റെന്ന് ഉറപ്പായിട്ടും കേരളത്തിൽ ഒരു കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല എന്നത് എന്റെ മനസ്സിനെ നീറ്റുന്നു. കുട്ടിയെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതിരുന്ന അധ്യാപകർ, ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ നൽകുന്നതിലുണ്ടായ  അനാസ്ഥ ഇതൊക്കെ ന്യായീകരിക്കാൻ സാധിക്കുന്നതാണോ? 

എന്തുകൊണ്ട് ആ അധ്യാപകർക്കും ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാർക്കും കുഞ്ഞു ഷെഹ്‌ല തങ്ങളുടെ സ്വന്തം കുഞ്ഞായി തോന്നിയില്ല? മതിയായ ചികിത്സ നൽകാതെ 100 കിലോമീറ്ററോളം അകലെയുള്ള മെഡിക്കൽ കോളജിലേക്ക് കുട്ടിയെ റഫർ ചെയ്ത ഡോക്ടറുടെ നടപടി കൃത്യവിലോപമല്ലാതെ മറ്റെന്താണ്? കേരളം എത്തിനിൽക്കുന്ന ഗുരുതരമായ ഒരു അവസ്ഥാവിശേഷമാണിതെന്നു ‌പറയാതെ വയ്യ. കുഞ്ഞുങ്ങളോടു കരുണയില്ലാതെ ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്? 

പാമ്പു കടിച്ചെന്നു ഷെഹ്‌ലയും അവളുടെ സഹപാഠികളും ആവർത്തിച്ച് ആണയിട്ടിട്ടും അധ്യാപകർ സമ്മതിച്ചുകൊടുത്തില്ല. ആണി കുത്തീതാ, ബെഞ്ച് തട്ടീതാ, കല്ലു കൊണ്ടതാ എന്നൊക്കെയാണ് അധ്യാപകർ പറഞ്ഞ തൊടുന്യായങ്ങൾ. ആണി കുത്തിയാൽ ദേഹത്തു ചോര കിനിയുന്ന രണ്ടു പാടുകൾ കാണുമോ, ഇതു പാമ്പു തന്നെയെന്ന കുട്ടികളുടെ  സാമാന്യബോധം പോലും അധ്യാപകർക്കില്ലാതെ പോയത് അധ്യാപക സമൂഹത്തിനുതന്നെ നാണക്കേടാണ്. 

സ്കൂളുകൾ കുട്ടികളുടെ രണ്ടാം വീടാണ്. അധ്യാപകരുടെ പരിരക്ഷ കാണും, അവരുടെ ചുമലുകളിൽ കുട്ടികളിൽ സുരക്ഷിതരായിക്കും എന്നു വിശ്വസിച്ചാണ് ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത്. പൊതുവേ സർക്കാർ സ്കൂളുകളിലെ അധ്യാപകരെക്കുറിച്ചു നല്ല മതിപ്പാണ്. ശൂന്യമായ മനസ്സുപേറുന്ന ഏതാനും അധ്യാപകർ ചേർന്ന് ആ മതിപ്പ് ഇല്ലാതാക്കിയിരിക്കുന്നു. 

പാമ്പുകടിയേറ്റു എന്നറിഞ്ഞപ്പോൾത്തന്നെ ഒരുനിമിഷം പാഴാക്കാതെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു. എന്നാലിവിടെ രക്ഷിതാവിനെ അറിയിച്ച് തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് അവർ ഒഴിഞ്ഞുമാറുകയായിരുന്നു. എങ്ങനെ ഇങ്ങനെയുള്ളവരുടെ അടുത്തേക്കു കുട്ടികളെ പഠിക്കാനായി പറഞ്ഞുവിടും? കുട്ടികൾ കാണിച്ച ജാഗ്രതയും ധർമവും പുലർത്താൻ പോലും ഇവർക്കു സാധിച്ചില്ല എന്നതു സാക്ഷരകേരളത്തിന്റെ തല താഴ്ത്തുന്നു. 

ക്ലാസ് മുറിയിൽ ചെരിപ്പിട്ടു കയറാൻ പാടില്ല എന്ന നിയമം ഉണ്ടെന്നറിഞ്ഞു. പാമ്പു പാർക്കുന്ന പൊത്തുകൾ നിറഞ്ഞ ഒരു ക്ലാസിലാണ് ഈ നിയമമെന്നോർക്കണം! സ്മാർട് ക്ലാസുകളും കംപ്യൂട്ടറുകളുമൊക്കെയായി സ്കൂളുകൾ സ്മാർട്ടാണെന്നാണ് വിവക്ഷ. ഉത്തരേന്ത്യയിലല്ല, കേരളത്തിലെ ഒരു ക്ലാസ്മുറിയിലാണ് വിഷപ്പാമ്പുകൾ നിറഞ്ഞ മാളങ്ങളുള്ളത്. ക്ലാസ്മുറിയിൽ ജീവൻ വെടിഞ്ഞ ഈ കുഞ്ഞിന്റെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാവാതിരിക്കട്ടെ. എന്റെ പ്രാർഥന ഈ കുഞ്ഞുങ്ങൾക്കു വേണ്ടിയാണ്. വിഷം ചീറ്റുന്ന മനുഷ്യരിൽനിന്ന് അവരെ കാത്തുരക്ഷിക്കണേ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com