ADVERTISEMENT

‘വിറ്റുതുലയ്ക്കൽ’ എന്നാണു പ്രതിപക്ഷം ആക്ഷേപിക്കുന്നതെങ്കിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം കേന്ദ്ര സർക്കാരിന്റെ ഖജനാവിൽ എത്തിക്കുന്നതു സഹസ്ര കോടികളാണ്. അടിസ്ഥാനസൗകര്യ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ കൂടുതൽ മുടക്കാൻ ‘വിറ്റൊഴിക്കൽ’ സഹായിക്കുമെന്നാണു മോദി സർക്കാരിന്റെ പക്ഷം.

ഈ സാമ്പത്തിക വർഷം 1.05 ലക്ഷം കോടി രൂപ മതിപ്പുള്ള പൊതുമേഖലാ ഓഹരികൾ വിറ്റഴിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യത്തിലേക്കുള്ള ആദ്യ വലിയ കുതിപ്പാണു ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്) ഉൾപ്പെടെ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം. പക്ഷേ, ക്ഷേമപദ്ധതികൾക്കു പണം കണ്ടെത്താൻ, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലണോ എന്ന മറുചോദ്യം പ്രസക്തമായി അവശേഷിക്കുന്നു.

വിപണിമൂല്യമനുസരിച്ച് അഞ്ചു സ്ഥാപനങ്ങളുടേതായി ഏകദേശം 78,400 കോടി രൂപ മതിപ്പുള്ള ഓഹരികളാണു വിറ്റഴിക്കുന്നത്. ബിപിസിഎല്ലിൽ സർക്കാരിന്റെ 53.29% ഓഹരികൾക്ക് ഏകദേശം 63,000 കോടി രൂപയാണു മതിപ്പ്. ബിപിസിഎല്ലിന്റെ മുംബൈ, നുമാലിഗഡ് (അസം), ബിന (മധ്യപ്രദേശ്) റിഫൈനറികളെക്കാൾ ശേഷിയുള്ളതും ആധുനികമായുള്ളതും കൊച്ചി റിഫൈനറിയാണ്. ബിജെപി ഭരണത്തിലുള്ള അസമിലെ റിഫൈനറി ഒഴിവാക്കിയാണു വിൽപന.

ആശങ്കകളും അനിശ്ചിതത്വവും കൂടുതൽ ചൂഴ്ന്നുനിൽക്കുന്നതു കൊച്ചി റിഫൈനറിയെയാണ്. ഏറ്റവും വലിയ അനിശ്ചിതത്വം, ആരാകും റിഫൈനറി വാങ്ങുക എന്നതാണ്. അരാംകോ, ടോട്ടൽ എസ്എ തുടങ്ങിയ ആഗോള ഭീമന്മാർ മുതൽ ഇന്ത്യൻ ബഹുരാഷ്ട്ര വമ്പനായ റിലയൻസിനു വരെ താൽപര്യമുണ്ടെന്നാണു സൂചനകൾ. ആശങ്കകളും സാധ്യതകളും അവിടെ ആരംഭിക്കുന്നു. ആഗോള ഭീമന്മാരുടെ വരവ് പെട്രോളിയം മേഖലയിൽ ഒരുപക്ഷേ, മത്സരക്ഷമത വർധിപ്പിച്ചേക്കാം. അത്യാധുനിക സാങ്കേതികവിദ്യയിലേക്കുള്ള ജാലകങ്ങളും തുറക്കപ്പെടാം.

എന്നാൽ, ബഹുരാഷ്ട്ര കമ്പനികളെ സംബന്ധിച്ചിടത്തോളം കൊച്ചി റിഫൈനറിയിൽ മാത്രമാകില്ല, സർവ ശ്രദ്ധയും. രാജ്യാന്തര എണ്ണവിപണിയുടെ മാറ്റങ്ങൾക്കു ചുവടൊപ്പിച്ചാകും നീക്കങ്ങൾ. ചില ഘട്ടങ്ങളിൽ ഉൽപാദനം വർധിപ്പിക്കാം, മറ്റു ചിലപ്പോൾ നിയന്ത്രിച്ചു നിർത്താം. സ്വാഭാവികമായും പരമാവധി ശേഷിയിൽ പ്രവർത്തിക്കുകയെന്ന നിലവിലെ വാണിജ്യതന്ത്രമാകണമെന്നില്ല അവരുടേത്. അതു നേരിട്ടു ബാധിക്കുന്നതു 2500 സ്ഥിരം ജീവനക്കാരും 6000 കരാർ ജീവനക്കാരും നൂറുകണക്കിനു താൽക്കാലിക തൊഴിലാളികളും ഉൾപ്പെടുന്ന വലിയ സമൂഹത്തിന്റെ തൊഴിൽ സുരക്ഷിതത്വത്തെയാണ്. പൊതുമേഖലയിൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിലൊന്നാണു കൊച്ചി റിഫൈനറി. സ്വകാര്യവൽക്കരിച്ചാൽ പുതിയ നിയമനങ്ങളിൽ കാര്യമായ കുറവു വരുമെന്ന ആശങ്കയും മുന്നിലുണ്ട്.

1966ൽ സ്ഥാപിതമായ റിഫൈനറി തൊണ്ണൂറുകൾ മുതൽ വൻ വികസനപദ്ധതികളാണു നടപ്പാക്കിവരുന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമാണ് ഏതാനും വർഷങ്ങൾക്കിടെ ഇവിടെയുണ്ടായത്. 33,050 കോടി രൂപയുടെ പദ്ധതികൾ. ഇതിൽ 16,546 കോടി രൂപയും മുതൽ മുടക്കുന്നതു പെട്രോകെമിക്കൽ കോംപ്ലക്സിനായാണ്. ഇവിടെനിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചു പ്രവർത്തിക്കാവുന്ന പെട്രോകെമിക്കൽ പാർക്കിനായി സംസ്ഥാന സർക്കാരിനു കീഴിലുള്ള കിൻഫ്രയും പദ്ധതി തയാറാക്കിയിട്ടുണ്ട്. വൻതോതിൽ തൊഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതികളുടെ ഭാവി എന്താകുമെന്ന ചോദ്യമുയരുന്നു.

ജനമനസ്സുകളിൽ വേറെയും ആശങ്കകളുണ്ട്. പാചകവാതക (ഭാരത് ഗ്യാസ്) ഉപയോക്താക്കൾക്കു തുടർന്നും സബ്സിഡി ആനുകൂല്യം ലഭിക്കുമോ? നിലവിൽ, സ്വകാര്യ കമ്പനികൾ സബ്സിഡി നൽകുന്നില്ല. മറ്റൊന്നു തൊഴിൽ സംവരണമാണ്. സ്വകാര്യമേഖലയിൽ തൊഴിൽ സംവരണമില്ല. ആശങ്കകൾക്കും അനിശ്ചിതത്വത്തിനും മറുപടി നൽകേണ്ടതു കേന്ദ്ര സർക്കാരാണ്.

നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റു തലയൂരാനാണു മുൻപു കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നത്. ഇപ്പോഴാകട്ടെ, ലാഭത്തിലുള്ള സ്ഥാപനങ്ങൾ വിൽക്കുകയാണു മെച്ചമെന്ന വിലയിരുത്തലിലാണു സർക്കാർ. കാലങ്ങളായി നഷ്ടത്തിലുള്ള എയർ ഇന്ത്യയെ വിൽക്കുന്നതിനെക്കാൾ എളുപ്പമാകും, ലാഭത്തിലുള്ള ബിപിസിഎൽ വിൽപനയെന്നാണു വിലയിരുത്തൽ. എന്നാൽ സാമ്പത്തിക വശം മാത്രമല്ല, സാമൂഹിക പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുത്തു വേണ്ടേ ഇത്തരം നിർണായക തീരുമാനങ്ങളെന്ന ചോദ്യം ബാക്കിയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com