ADVERTISEMENT

ആ വയോധികൻ തീർഥാടനത്തിനിടെ വഴിതെറ്റി ഒരു ഗ്രാമത്തിലെത്തി. രാത്രിയായതിനാൽ അന്തിയുറങ്ങാൻ പല വാതിലുകളും മുട്ടി. പക്ഷേ, അപരിചിതനു വേണ്ടി കതകു തുറക്കാൻ ആരും തയാറായില്ല. അന്നു രാത്രി തണുത്തുവിറച്ച് ഒരു ഞാവൽമരച്ചുവട്ടിൽ വയോധികന് ഉറങ്ങേണ്ടിവന്നു. അതിശൈത്യം മൂലം ഇടയ്ക്ക് ഉറക്കമുണർന്ന അദ്ദേഹം ജീവിതത്തിലാദ്യമായി അതിമനോഹരമായ ആ കാഴ്ച കണ്ടു – മൂടൽമഞ്ഞിലും നിലാവിലും കുളിച്ച് തിളങ്ങിനിൽക്കുന്ന ഞാവൽപ്പഴങ്ങൾ. തനിക്കു മുന്നിൽ വാതിൽ കൊട്ടിയടച്ച ഗ്രാമവാസികളെ നന്ദിയോടെ ഓർത്ത് രാത്രി മുഴുവൻ അദ്ദേഹം ആ കാഴ്ച ആസ്വദിച്ചു. 

നേരിടേണ്ടി വരുന്ന നിരാസങ്ങളാണ് പിന്നീടുള്ള ജീവിതത്തിൽ നിറങ്ങൾ സൃഷ്ടിക്കുന്നത്. എതിർപ്പുകളും എതിരാളികളുമാണ് ഒരിക്കലും കാണാത്ത കാഴ്ചകളും സാധ്യതകളും ഒരുക്കുന്നത്. നേർക്കാഴ്ചകളെ തടയുന്നവരോടു നന്ദിയുണ്ടാകണം. അവരാണ് നാനാവിധ കാഴ്ചകൾ സാധ്യമാക്കുന്നത്. വഴിമുടക്കികളാണ് പലവഴികൾ തെളിയുന്നതിന്റെ അടിസ്ഥാന കാരണം. 

ക്ഷണിക്കപ്പെട്ട കൂടാരങ്ങളിൽ മാത്രം ആതിഥ്യമനുഭവിച്ചിട്ടുള്ളവർ നാലുകെട്ടിന്റെ പരിമിതിക്കുള്ളിലേക്കു ചുരുങ്ങും. ഒരു നിഷേധവും അഭിമുഖീകരിക്കാത്തവർക്ക് ഒന്നിലധികം സാധ്യതകളെക്കുറിച്ചു ചിന്തിക്കാൻ പോലുമാകില്ല. 

കാണാത്ത കാഴ്ചകൾക്കു വഴിയൊരുക്കിയവരോടു കൃതജ്ഞതയുണ്ടാകണം. പെരുവഴിയിലേക്ക് ഇറക്കി വിടുന്നവരെ ഹൃദയത്തിൽ പൂജിക്കണം; ആദ്യത്തെ അരക്ഷിതാവസ്ഥയെ അതിജീവിച്ച് അനന്ത സാധ്യതകളെ തേടാൻ പ്രേരിപ്പിച്ചത് അവരാണ്. എതിർത്തവരോടു പുലർത്തുന്ന എതിർപ്പാണ് തുടർജീവിതത്തിന്റെ എല്ലാ ശോഭയും കെടുത്തുന്നത്. സ്വന്തം പദ്ധതികൾക്കനുസരിച്ചു ചിട്ടപ്പെടുത്തുന്നതു മാത്രമല്ല, വന്നുചേരുന്ന അത്യാഹിതങ്ങൾക്കനുസരിച്ചു  പുനഃക്രമീകരിക്കുന്നതു കൂടിയാണു ജീവിതം.

 ആകസ്മികതയിലൂടെ കടന്നുപോകുമ്പോൾ പകച്ചുനിൽക്കുകയല്ല വേണ്ടത്. ഒന്നു ചുറ്റും നോക്കണം. അസാധാരണമായ അദ്ഭുതക്കാഴ്ചകൾ കാണാം. അവ തുടർജീവിതത്തിന് ഉണർവും ഊർജവും പകരും. കുഴിയിൽ വീണവനു കീഴോട്ടു നോക്കിയാൽ രക്ഷപ്പെടാനാകില്ല; മുകളിലേക്കു നോക്കിയാൽ രക്ഷപ്പെടാതിരിക്കാനും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com