sections
MORE

വാചകമേള

ikbal
SHARE

∙ഡോ. ബി. ഇക്ബാൽ: ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളുടെ പേരിലാണ് കേരള വികസനമാതൃക സാർവദേശീയമായി പ്രകീർത്തിക്കപ്പെടുന്നത്. എന്നാൽ, നമ്മുടെ നേട്ടങ്ങൾക്കുള്ളിൽ അടിസ്ഥാനപരമായ പല വൈകല്യങ്ങളും അന്തർലീനമാണെന്നാണ് ഒരു പിഞ്ചുകുഞ്ഞിനെ അക്ഷരാർഥത്തിൽ കുരുതികൊടുത്ത ബത്തേരി സ്കൂൾ സംഭവം വെളിപ്പെടുത്തുന്നത്. ‘ഇന്ത്യയ്ക്കു മാതൃക’, ‘ലോകത്തിനു മാതൃക’ എന്നിങ്ങനെയുള്ള സ്വയം പുകഴ്‌ത്തൽ ഇനി ആവർത്തിക്കരുത്.

∙ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: എഴുതാൻ ഒരു മേശയും കസേരയും പോലും ഇല്ലായിരുന്ന ഒരു വീടായിരുന്നു എന്റേത്. മൂന്നാമത്തെ സമാഹാരം വന്നപ്പോൾ ഒരു വായനക്കാരനാണ് എനിക്കൊരു മേശ വാങ്ങിച്ചു തന്നത്. അത്രയും മോശം സാഹചര്യങ്ങളായിരുന്നു. കുറെക്കാലം നേർക്കുനേർ എഴുതാൻ സാധിച്ചിരുന്നില്ല. ചെരിഞ്ഞിട്ടൊക്കേ എഴുതാൻ പറ്റൂ, ശീലം കൊണ്ടാണ്. മേശയും കസേരയും കിട്ടിയിട്ടും നേരെ എഴുതാൻ സാധിച്ചിരുന്നില്ല. മേശയുമായി പൊരുത്തപ്പെടാൻതന്നെ കുറെക്കാലമെടുത്തു.

∙ അടൂർ ഗോപാലകൃഷ്ണൻ: കലാമൂല്യമുള്ള ചിത്രങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നവർക്കു വേണ്ടിയുള്ളതാണ് ചലച്ചിത്രമേളകൾ. ലോകസിനിമയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സിനിമ എവിടെ നിൽക്കുന്നുവെന്നു മനസ്സിലാക്കാനും പഠിക്കാനുമുള്ള ഒരു വേദിയുമാണ്‌. എന്റെ ധാരണയിൽ, ഇന്ത്യൻ പനോരമയുടെ ഭാഗമായി മുഖ്യധാരാ സിനിമകളെ എഴുന്നള്ളിക്കുന്നത് മേളയുടെ ഉദ്ദേശ്യശുദ്ധി നശിപ്പിക്കുന്നതിലുപരി, വളരെ തെറ്റായ ഒരു പ്രവണതയുമാണ്.

∙ സത്യൻ അന്തിക്കാട്: ഓരോ സിനിമ കഴിയുമ്പോഴും ഓരോ വർഷം കഴിയുമ്പോഴും മമ്മൂട്ടി അഭിനയകലയിൽ നവീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ പഴയകാല ചിത്രങ്ങൾ നോക്കുക. അന്നത്തെ അഭിനയത്തിന്റെ രീതി പാടേ ഉപേക്ഷിച്ചുകൊണ്ട് പുതിയ ശൈലി രൂപപ്പെടുന്നതു കാണാം. 

∙ എം.എൻ. കാരശ്ശേരി: സ്വന്തം പാർട്ടി അംഗങ്ങൾ തീവ്രവാദ പ്രവർത്തനത്തിലും മാവോയിസ്റ്റ് പ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നുവെന്നു കണ്ടെത്താനാകാത്തവർ പാർട്ടി നടത്താൻ യോഗ്യതയില്ലാത്തവരാണ്. സിപിഎമ്മിനു വേണ്ടാത്തവരെ മാവോയിസ്റ്റുകളാക്കുന്നതും മുസ്‌ലിം തീവ്രവാദികളാക്കുന്നതും ആ പാർട്ടിയിൽ സ്വാഭാവികമായി നടക്കുന്ന കാര്യമാണ്.

∙ മുനി നാരായണപ്രസാദ്: മതസൗഹാർദം യാഥാർഥ്യമായിത്തീരേണ്ടത് പൊതുവേദികളിലെ പ്രസംഗങ്ങളിലും അതിനു ലഭിക്കുന്ന കയ്യടികളിലുമല്ല. മനുഷ്യരെന്ന നിലയിൽ എല്ലാ മതവിശ്വാസികളുടെയും ഹൃദയത്തിലാണ്. ആ ഹൃദയവിശാലത ഉണ്ടാകാത്തിടത്തോളം കാലം മതസൗഹാർദം ഒരിക്കലും യാഥാർഥ്യമായിത്തീരാത്ത സ്വപ്നമായിരിക്കും.

∙ ഡോ. ബി. അശോക്: വിദേശത്തൊക്കെ വിഷയത്തിലുള്ള പിഎച്ച്ഡി പോരാ, അധ്യാപനത്തിൽ കരിയർ നേടാൻ. ബോധന മനഃശാസ്ത്രവും യുവതയുടെ കൗൺസലിങ്ങുമൊക്കെ ആദ്യ വർഷങ്ങളിൽ സർവകലാശാലാ അധ്യാപകർ പഠിക്കുന്നുണ്ട്. നമ്മുടെ പ്രഫഷനൽ കോളജുകളിലും സർവകലാശാലകളിലും ബോധന– സംവേദന കലയുടെ ബാലപാഠം അഭ്യസിക്കാത്ത അധ്യാപകരാണുള്ളത്. തങ്ങൾ കുഴിച്ച വിഷയത്തിന്റെ ആഴമുള്ള കുഴൽക്കിണറുകളിൽ അവർ കുട്ടികളെയും കുത്തിവീഴ്ത്തുന്നു.

∙ ഡോ. സി.ജെ. ജോൺ: കുട്ടികളുമായി മാതാപിതാക്കൾ ചെലവഴിക്കുന്ന ‘ക്വാളിറ്റി ടൈം’ അഥവാ ഗുണപരമായ സമയം കുറയുകയും വിദ്യാഭ്യാസമെന്നാൽ ഗ്രേഡ് നേടലും മാർക്ക് സമ്പാദിക്കലുമായി ചുരുങ്ങുകയും ചെയ്തതോടെ ജീവിതമറിയാത്ത ഒരു വിദ്യാർഥിസമൂഹം രൂപപ്പെട്ടുവെന്നതു യാഥാർഥ്യമാണ്. സംഘർഷത്തിന്റെ ഒരു ചെറുകാറ്റേറ്റാൽ തളർന്നുവീഴുന്ന തൊട്ടാവാടികൾ പെരുകുന്നുണ്ട്.

∙ കെ.ആർ.മീര: അതുകൊണ്ട്, എഴുതുമ്പോൾ തോട് ഊരി കടൽപ്പുറത്തു വച്ചു തിരയിലേക്കിറങ്ങുന്ന ആമയാകാനാണു ഞാൻ ആഗ്രഹിക്കുന്നത്. ഉപ്പുവെള്ളത്തിന്റെ നീറ്റലും മണൽത്തരികളുടെ മൂർച്ചയും ആഴത്തിന്റെ അർഥവും പകർത്തിവയ്ക്കാതെ കടലിന്റെ അനുഭവം പൂർണമാകുകയില്ല. ഊരിവച്ച തോട് ഇനിയൊരിക്കലും മടക്കിക്കിട്ടില്ലെന്നിരിക്കും. ഇനിയൊരിക്കലും കരപറ്റാൻ സാധിച്ചില്ലെന്നിരിക്കും. പക്ഷേ, പുറന്തോടിന്റെ സുരക്ഷിതത്വം ഉപേക്ഷിക്കാൻ ധൈര്യമില്ലാത്തവരോട് കടൽ എന്നെങ്കിലും അതിന്റെ യഥാർഥ കഥകൾ വെളിപ്പെടുത്തുമോ?

∙ സലിംകുമാർ: ഏകദേശം പതിനഞ്ചോളം പ്രാവശ്യം ഞാൻ മരിച്ചുപോയിട്ടുണ്ട്; ആരൊക്കെയോ എന്നെ കൊന്നിട്ടുണ്ട്! എനിക്കൊരു അസുഖം പിടിപെട്ടപ്പോൾ പതിനഞ്ചു പ്രാവശ്യം സോഷ്യൽമീഡിയയിലൂടെ ആളുകൾ എന്റെ പതിനാറടിയന്തിരം നടത്തി. സ്വന്തം മരണവാർത്തകൾ കണ്ട് കണ്ണുതള്ളിപ്പോയിട്ടുള്ള ആളാണു ഞാൻ – അൽ സലിംകുമാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA