sections
MORE

പാതിരാ നാടകമല്ല ജനാധിപത്യം

SHARE

നിലവിലുള്ള സംവിധാനത്തിൽ അവിശ്വാസം രേഖപ്പെടുത്താൻ എന്തു ചെയ്യുമെന്ന ചോദ്യത്തിനു കഴി‍ഞ്ഞ മാസം മഹാരാഷ്ട്രയിലെ 7.42 ലക്ഷം ജനങ്ങൾ നൽകിയ ഉത്തരം ‘നോട്ട’ എന്നായിരുന്നു. വോട്ടു ചെയ്യാതെ മാറി നിൽക്കുകയല്ല, ഒരു രാഷ്ട്രീയ കക്ഷിയിലും വിശ്വാസമില്ലെന്നു വോട്ടിങ് യന്ത്രത്തിലെ അവസാന ബട്ടൺ അമർത്തി പ്രഖ്യാപിക്കുകയായിരുന്നു അവർ. കൂട്ടത്തിൽ രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തു വരെയെത്തി ‘നോട്ട’.

എന്തുകൊണ്ടു ജനം ഇത്തരമൊരു ഗതികേടിലെത്തുന്നുവെന്ന് വെള്ളിയാഴ്ച അർധരാത്രിയുടെ മറവിൽ ആരംഭിച്ച് ഇന്നലെ നേരം പുലരുമ്പോഴേക്കും മഹാരാഷ്ട്രയിൽ അരങ്ങേറിയ രാഷ്ട്രീയ നാടകം പറഞ്ഞുതരുന്നു. കഴിഞ്ഞ മാസം ഇതേ ദിവസമായിരുന്നു അവിടെ വോട്ടെണ്ണൽ. അഞ്ചു വർഷമായി അധികാരത്തിലുള്ള ബിജെപി– ശിവസേന സഖ്യം ഭരണം തുടരട്ടെയെന്നാണു ജനം വിധിച്ചത്. എന്നാൽ, രാഷ്ട്രീയത്തിൽ ‘ധാർമികത’ എത്രത്തോളം വില നഷ്ടപ്പെട്ട വാക്കായിരിക്കുന്നുവെന്ന് അടിവരയിട്ടു വ്യക്തമാക്കുന്ന സംഭവങ്ങളാണു തുടർന്നുള്ള ഒരു മാസക്കാലവും ഇന്നലെ പുലർച്ചെയുമായി ഉണ്ടായത്.

രാഷ്ട്രീയ ആദർശത്തിന്റെയോ ജനകീയ പ്രശ്നങ്ങളുടെയോ പേരിലല്ല, മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന തർക്കത്തിലാണു ബിജെപി– ശിവസേന സഖ്യം വഴിപിരിഞ്ഞത്. മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരമാവധി വിലപേശിയാണു ശിവസേന– എൻസിപി– കോൺഗ്രസ് സഖ്യം രൂപപ്പെട്ടതെന്നും കഴിഞ്ഞ ദിവസങ്ങളിലെ അണിയറ ചർച്ചകൾ സൂചിപ്പിച്ചു. ആശയപരമായി എതിർധ്രുവത്തിൽ നിൽക്കുന്ന ശിവസേനയുമായി കോൺഗ്രസിനും എൻസിപിക്കും സഖ്യം സാധ്യമാകുമോ എന്നു സംശയിച്ചവർ ഏറെയാണ്. വെള്ളിയാഴ്ച നാം കണ്ടതാകട്ടെ, അധികാരമെന്ന ഏകലക്ഷ്യം അവരെ ഒന്നിപ്പിക്കുന്ന കാഴ്ചയും. പൊതുമിനിമം പരിപാടി തയാറാക്കി സഖ്യത്തിനു ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണു തുടർന്നുണ്ടായത്.

എന്നാൽ, താരതമ്യങ്ങളില്ലാത്ത പാതിരാ നാടകത്തിലൂടെ എൻസിപി നിയമസഭാകക്ഷി നേതാവ് അജിത് പവാർ മറുകണ്ടം ചാടുന്നതും ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുന്നതുമാണ് ഇന്നലെ നേരം പുലരുമ്പോൾ നാം കണ്ടത്. ഇതിനു സൗകര്യമൊരുക്കാനായി, രാഷ്ട്രപതിഭരണം പിൻവലിക്കുന്ന ഉത്തരവു പോലും ഇരുട്ടിന്റെ മറവിൽ ഇറക്കേണ്ടി വന്നത് ഇന്ത്യൻ രാഷ്ട്രീയത്തിനു സംഭവിച്ചിരിക്കുന്ന പതനത്തിന്റെ ആഴം വ്യക്തമാക്കുകയാണ്. രാഷ്ട്രപതിഭരണം പിൻവലിക്കാൻ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു ശുപാർശ ചെയ്യണമെന്ന കീഴ്‌വഴക്കവും ലംഘിക്കപ്പെട്ടു.

‘വിധിയുമായുള്ള മഹത്തായ കൂടിക്കാഴ്ച’യെക്കുറിച്ചുള്ള ജവാഹർലാൽ നെഹ്റുവിന്റെ പ്രസംഗത്തിനു കാതോർത്തു സ്വാതന്ത്ര്യത്തിന്റെ പുലരിക്കായി ഉണർന്നിരുന്ന ജനതയാണു നാം. അധികാര രാഷ്ട്രീയത്തിന്റെ ചാണക്യതന്ത്രങ്ങളല്ല, ധാർമിക രാഷ്ട്രീയത്തിന്റെ ഗാന്ധിയൻ പാതയാണ് അന്നു കാവൽവിളക്കായി പ്രകാശിച്ചു നിന്നത്. അഴിമതി ആദ്യകാലം മുതൽ നമുക്കു വെറുക്കപ്പെട്ട വാക്കായി മാറിയത് ഈ പാരമ്പര്യത്തിന്റെ നിഴൽ പൊതുജീവിതത്തിൽ ബാക്കിനിന്നതു കൊണ്ടാണ്. ഇന്നാകട്ടെ, എതിരാളിയെ സ്വന്തം കാൽച്ചുവട്ടിൽ നിർത്താനുള്ള ആയുധങ്ങളായി അഴിമതി നിരോധന നിയമത്തെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണമാണു നേതാക്കൾ നേരിടുന്നത്. അജിത് പവാറിന്റെ മലക്കംമറിച്ചിൽ അതുകൊണ്ടുകൂടിയാണ് ആശങ്കാജനകമാകുന്നത്.

വിവിധ പാർട്ടികൾ എംഎൽഎമാരെ സുരക്ഷിതമായി ഒളിപ്പിക്കാൻ ഹോട്ടലും റിസോർട്ടും ചാർട്ടേഡ് വിമാനവും ബുക്ക് ചെയ്തു തുടങ്ങിയതോടെ അപഹാസ്യത പൂർണമായിരിക്കുന്നു. അതുകൊണ്ടു തന്നെ ബാക്കി നാടകങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണു ‘നോട്ട’ പോലെയുള്ള അപകടമണികൾ നൽകുന്ന സൂചന ഇന്ത്യൻ ജനാധിപത്യം തിരിച്ചറിയേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA