ADVERTISEMENT

വ്യാജ വാർത്തകളുടെ ഒരു സവിശേഷത, അത് ഓരോ സീസണിലും ആവർത്തിച്ചു കൊണ്ടേയിരിക്കും എന്നതാണ്. ഈ വർഷം ഒരു പ്രത്യേക കാലത്ത് പൊട്ടിമുളച്ച് വാട്സാപ്പിലൂടെ പ്രചരിക്കുന്ന സംഗതി അടുത്ത വർഷം അതേ സമയത്ത് വീണ്ടുമിറങ്ങും!

 ടിപ്പു സുൽത്താന്റെ യഥാർഥ ചിത്രം എന്ന പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രം തന്നെ നല്ല ഉദാഹരണം. എല്ലാ ടിപ്പു ജയന്തിക്കാലത്തും ഈ ചിത്രം അതിന്റെ പ്രയാണമാരംഭിക്കും. നവംബർ 20ന് ആണ് ടിപ്പു ജയന്തി. ഇത്തവണയും ആഴ്ചകൾക്കു മുൻപേ ചിത്രം കറങ്ങിത്തുടങ്ങി.

ഇതു വ്യാജചിത്രമാണെന്ന എത്ര അറിയിപ്പുകൾ വന്നാലും കാര്യമില്ല. അടുത്ത നവംബറിൽ വീണ്ടുമെത്തും. സത്യത്തിൽ ഈ ചിത്രത്തിലുള്ളത് 19–ാം നൂറ്റാണ്ടിലെ ഒരു അടിമവ്യാപാരിയാണ്.

tipu-fake

 ∙ചില ആവർത്തനങ്ങൾ വാർഷികാടിസ്ഥാനത്തിലല്ല. കാലാവസ്ഥ നോക്കിയാണ്. എവിടെയെങ്കിലും ഒരു പ്രകൃതിദുരന്തമോ യുദ്ധമോ ആക്രമണമോ ഉണ്ടായാൽ പഴയ വ്യാജവിഡിയോകളും ചിത്രങ്ങളും വാർത്തകളും പൊടിതട്ടിയെടുത്തു വിക്ഷേപിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പതിവാണ്.

ഇന്ത്യയിൽ എവിടെ വെള്ളപ്പൊക്കമുണ്ടായാലും പ്രചരിക്കുന്ന ഒരു വിഡിയോയുണ്ട് – കഴിഞ്ഞ പ്രളയകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിലെ ദൃശ്യം എന്ന പേരിൽ ഇതു വന്നു. അതിനു മുൻപ് മുംബൈയിലും ചെന്നൈയിലുമൊക്കെ വെള്ളപ്പൊക്കമുണ്ടായപ്പോൾ അവിടത്തെ വിമാനത്താവളങ്ങളിലുണ്ടായതാണന്ന മട്ടിലും. യഥാർഥത്തിൽ സംഗതി മെക്സിക്കോയിൽ നിന്നുള്ളതാണ്.

 ∙ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിസമരം രൂക്ഷമായപ്പോഴും ഇതുപോലെ പഴയ ചില വ്യാജന്മാർ പുനരവതരിച്ചു. അത്തരത്തിലൊന്നാണ് ഈ ചിത്രം. പുരുഷ പൊലീസ് ഒരു യുവതിയെ വടികൊണ്ടു മർദിക്കുന്നതാണു ചിത്രം.

സമരം ചെയ്യുന്ന പെൺകുട്ടികളെ പരിഹസിച്ചു കൊണ്ടുള്ള ക്യാപ്ഷനുമായാണ് ഇതു പ്രചരിക്കുന്നത്. എന്നാൽ, യഥാർഥത്തിൽ 2012 ൽ ‘നിർഭയ’ സമരകാലത്തു ഡൽഹിയിൽ സമരം ചെയ്തവരെ പൊലീസ് മർദിക്കുന്ന ചിത്രമാണിത്. 

jnu

ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‍ല റാഷിദ് പാക്കിസ്ഥാൻ പതാകയുടെ ഡിസൈനുള്ള സാരി ധരിച്ച ഒരു വ്യാജ ചിത്രം മുൻപ് ഇറങ്ങിയിരുന്നു. ഈ സമരകാലത്ത് അതു വീണ്ടുമെത്തി. ഇതുപോലെ, ജെഎൻയു സമരത്തെക്കുറിച്ച് വ്യാജ ചിത്രങ്ങളുടെ പ്രളയം തന്നെയാണു സമൂഹമാധ്യമങ്ങളിൽ. സമീപകാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം വ്യാജപ്രചാരണമുണ്ടായ കാലമാണ് ജെഎൻയു സമരം.

∙ കണ്ണൂർ വിമാനത്താവളത്തിൽ മൊബൈൽ റീചാർജ് ചെയ്യുന്നതിനിടെ അതു പൊട്ടിത്തെറിച്ചു തീപിടിച്ചയാൾ എന്ന പേരിൽ ഒരു വിഡിയോ ഇൗ നാളുകളിൽ വാട്സാപ് വഴി കറങ്ങുന്നുണ്ട്. 2018 ജൂലൈയിലാണ് ഇൗ വിഡിയോ ആദ്യമായി വന്നത്.

അന്ന് ദുബായിലെ ഷോപ്പിങ് മാളിലുണ്ടായ സംഭവം എന്ന പേരിലായിരുന്നു ‘അവതരണം’. കറങ്ങിത്തിരിഞ്ഞ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ ‘ലാൻഡ്’ ചെയ്തിരിക്കുകയാണ്! കണ്ണൂർ വിമാനത്താവള അധികൃതർ നേരത്തേ തന്നെ വിശദീകരണവുമായി രംഗത്തുവന്നിരുന്നു – ഇൗ വിമാനത്താവളം 2018ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇൗ വിഡിയോയ്ക്ക് കണ്ണൂരുമായി ഒരു ബന്ധവുമില്ല! യഥാർഥത്തിൽ സംഗതി മൊറോക്കോയിലെ ഒരു ഷോപ്പിങ് കേന്ദ്രത്തിൽ ഒരാൾ സ്വയം തീകൊളുത്തിയതാണ്!

 

English summary: Fake photo of Tipu Sultan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com