ADVERTISEMENT

ദേശീയ പൗര റജിസ്റ്റർ (എൻആർസി) രാജ്യമാകെ നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യം ആശങ്കയോടെയാണ് ഈ പ്രഖ്യാപനത്തോടു പ്രതികരിക്കുന്നത്. അസമിൽ എൻആർസി നടപ്പാക്കിയതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളും ബംഗാളിൽ എൻആർസി വരുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യകൾ വരെയുണ്ടായതും ഈ ആശങ്കയ്ക്ക് അടിവരയിടുന്നു. 

ചില സമുദായങ്ങളെ ഒറ്റപ്പെടുത്താൻ എൻആർസി ഉപയോഗിച്ചേക്കാമെന്ന സംശയം ഈ ആശങ്കകളുടെ ആഴം വർധിപ്പിക്കുന്നു. പാർലമെന്റ് ഇനിയും പാസാക്കിയിട്ടില്ലാത്ത പൗരത്വ (ഭേദഗതി) ബില്ലുമായി ചേർത്തുവായിക്കുമ്പോഴാണു പ്രശ്നത്തിന്റെ ഗൗരവം ബോധ്യമാവുന്നത്. 

ഏതാനും അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുക എന്നതാണ് പൗരത്വ ഭേദഗതി ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യം. മുസ്‌ലിംകളൊഴികെയുള്ള മതവിഭാഗങ്ങൾ ബില്ലിന്റെ പരിധിയിൽ വരും. ബില്ലിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ടെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടെങ്കിലും കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ്, ബിജെഡി, സമാജ്‌വാദി പാർട്ടി  എന്നിവ വിയോജിക്കുന്നുവെന്നാണ് പാർലമെന്റിന്റെ സംയുക്ത സിലക്ട് കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

അസമിൽ എൻആർസിയുടെ അന്തിമ പട്ടിക കഴിഞ്ഞ ഓഗസ്റ്റ് 30നാണു പുറത്തുവിട്ടത്. 19 ലക്ഷത്തിലേറെപ്പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെടാതെ പോയത്. ഇവർ ഇനി ഫോറിനേഴ്സ് ട്രൈബ്യൂണലിൽ വാദമുന്നയിച്ചും അവിടെയും ഫലമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിച്ചും പൗരത്വം തെളിയിക്കേണ്ട സ്ഥിതിയുണ്ട്. പട്ടികയിൽനിന്നു പുറത്താകുന്നവർക്ക് എന്തു സംഭവിക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ബംഗ്ലദേശിൽനിന്ന് അസമിൽ കടന്നവരെ ഒഴിവാക്കുകയാണു ലക്ഷ്യമെന്നു പറയുമ്പോഴും, ഒരാളെപ്പോലും തിരികെ സ്വീകരിക്കില്ലെന്നാണ് ആ രാജ്യത്തിന്റെ നിലപാട്. നിലവിലെ പട്ടികയെ എൻആർസിക്കായി വാദിച്ച ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ തന്നെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അസമിൽ വീണ്ടും പരിശോധന വേണമെന്നാണു ബിജെപിയുടെ നിലപാട്. ഏകദേശം 1600 കോടി രൂപയാണ് അസമിലെ എൻആർസിക്കു ചെലവു കണക്കാക്കുന്നത്. 

രാജ്യമാകെ എൻആർസി എന്ന് ആഭ്യന്തരമന്ത്രി പറയുമ്പോൾ അസമും അതിലുൾപ്പെടുന്നു. എന്നാൽ, അസമിലെ എൻആർസി സുപ്രീം കോടതിയുടെ നിർദേശപ്രകാരമായിരുന്നു. പട്ടിക പരിഷ്കരിക്കുംമുൻപു പല കാര്യങ്ങളും ഭരണഘടനാ ബെഞ്ച് തീർപ്പാക്കേണ്ടതുണ്ടെന്നാണു കോടതി വ്യക്തമാക്കിയിട്ടുള്ളത്. 1971 മാർച്ച് 24നു മുൻപ് അസമിൽ താമസമാക്കിയവർക്കു മാത്രം പൗരത്വം എന്ന സമയപരിധി ഉൾപ്പെടെയാണ് ഇനിയും രൂപീകരിച്ചിട്ടില്ലാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. 

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തല്ല രാജ്യമാകെ എൻആർസി എന്ന പ്രഖ്യാപനമെന്നതു ഗൗരവമേറിയ പ്രശ്നമാണ്. എൻആർസി നടപ്പാക്കാൻ അനുവദിക്കില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രവുമായി ഏറ്റുമുട്ടലിനു പുതിയ പോർമുഖം തുറക്കപ്പെടുമെന്നതാണു ബംഗാൾ നൽകുന്ന സൂചന. അസമിലെ പട്ടിക, കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ അസം ഉടമ്പടിയുടെ ഭാഗമായ നടപടിയായിരുന്നു. അതനുസരിച്ചു നിശ്ചയിച്ച സമയപരിധി ശരിയോയെന്നതു സുപ്രീം കോടതി പരിശോധിക്കുകയുമാണ്. മറ്റു സംസ്ഥാനങ്ങളിൽ എൻആർസി നടപ്പാക്കുന്നെങ്കിൽ അതിനു ബാധകമാക്കുന്ന സമയപരിധി ഏതെന്ന ചോദ്യവുമുയരുന്നു. 

തെളിവ് ഹാജരാക്കുന്നവർക്കു മാത്രം പൗരത്വമെന്നതും മതം പരിഗണനാവിഷയമാകുന്നു എന്നതും ആശങ്കകൾക്കു കാരണമാകുന്നു. യഥാർഥ പൗരന്മാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും രാജ്യത്തു നിയമവിരുദ്ധ മാർഗങ്ങളിലൂടെ എത്തിയവരും പങ്കിട്ടെടുക്കുന്ന സ്ഥിതിയും ഭീകരവാദം നേരിടാനുള്ള താൽപര്യവുമാണ് എൻആർസി നടപ്പാക്കുന്നതിനു കാരണമായി ഉന്നയിക്കപ്പെടുന്നതെങ്കിലും പൗരത്വം ഭരണകൂടത്തിന്റെ ഔദാര്യം എന്നതിലേക്കു കാര്യങ്ങളെത്തിയാൽ പ്രശ്നം വഷളാകുകയേയുള്ളൂ. ഭീകരവാദികളെ ഒറ്റപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കുകതന്നെ വേണം. എന്നാൽ, രാജ്യത്തിന്റെ വിഭവങ്ങളുടെ പങ്കിടൽ എന്ന പ്രശ്നം വരുമ്പോൾ, പുറത്താക്കപ്പെടുന്നവരെ സ്വീകരിക്കാൻ ഏതെങ്കിലും രാജ്യം തയാറാകുമോ, അല്ലാത്ത സാഹചര്യത്തിൽ അവരെ സംരക്ഷിക്കാൻ എന്തുതരം സംവിധാനമുണ്ടാക്കും തുടങ്ങിയ ചോദ്യങ്ങളുമുയരുന്നു. 

സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് എൻആർസി പോലെ വിവാദസ്വഭാവമുള്ള പ്രഖ്യാപനങ്ങളെന്ന ആരോപണം ഉയർ‌ന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ രാജ്യമാകെ എൻആർസി എന്ന പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ചു കൂടുതൽ വ്യക്തത ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com