sections
MORE

ഭരണഘടനയുടെ മൂല്യം മറന്നുകൂടാ

SHARE

നമുക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളിലും ജനാധിപത്യ സംവിധാനങ്ങളിൽ പിൽക്കാലത്തു വിള്ളലേറ്റപ്പോഴും ഇന്ത്യൻ ജനാധിപത്യം ചൈതന്യവത്തായും ലോകത്തിനുതന്നെ മാതൃകയായും നിലനിൽക്കുകയാണ്. ഇതിനു രാജ്യം കടപ്പെട്ടിരിക്കുന്നത് ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഭരണഘടനയോടുതന്നെ. 1949 നവംബർ 26നു ഭരണഘടനാ നിർമാണസഭ അംഗീകരിച്ച നമ്മുടെ ഭരണഘടന 1950 ജനുവരി 26നാണു നിലവിൽ വന്നത്. ലോകത്ത് എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ഭരണഘടന എഴുപതു വയസ്സിന്റെ നിറവിലെത്തുമ്പോൾ ഈ ധന്യദിനം ഓർമിപ്പിക്കുന്ന പലതുണ്ട്.

ലോകത്തിലെ മറ്റു പല ഭരണഘടനകളും അവ രേഖപ്പെടുത്തിയ കടലാസിനൊപ്പം നശിച്ചുപോയിട്ടും നമ്മുടെ ഭരണഘടന കാലാതീതമായി നിലകൊള്ളുന്നു എന്നതിൽത്തന്നെയുണ്ട് അതിന്റെ മൂല്യവും സർവകാലപ്രസക്തിയും. അതേസമയം, ഭരണഘടനയെ നോക്കുകുത്തിയാക്കി, പല രാഷ്ട്രീയക്കാരും അധികാരത്തിനുവേണ്ടി ജനാധിപത്യത്തിന്റെ ശുദ്ധി കുറയ്ക്കുന്ന കാലംകൂടിയാകുന്നു ഇത്.

ഭരണഘടനയുടെ പ്രധാന ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറും ഭരണഘടനാസഭയിൽ ചർച്ചകൾ നയിച്ച സമുന്നത നേതാക്കളും ഈ നിയമസംഹിതയിലെ ഓരോ വാക്യത്തിനും അവസാനരൂപം നൽകിയത് എല്ലാ തലങ്ങളിലുംപെട്ട വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നുവെന്നതു സ്‌ഥാപകനേതാക്കളുടെ സൂക്ഷ്‌മതയും ജനാധിപത്യബോധവും വിളിച്ചറിയിക്കുന്നു. ഭരണഘടനാ നിർമാണസഭയിൽ നടന്ന ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ഇന്ത്യയുടെ ഭരണഘടന പ്രായോഗികരൂപം കൈക്കൊണ്ടത്. ഭരണഘടനാ നിർമാണസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ദലിത് വനിതയായിരുന്ന ദാക്ഷായണി വേലായുധന്റെ പേരിൽ കേരളത്തിനും അഭിമാനിക്കാം.

നിയമനിർമാണസഭകളും ജുഡീഷ്യറിയും ബ്യൂറോക്രസിയും തമ്മിൽ അധികാരങ്ങൾ നിയതമായി പങ്കുവയ്‌ക്കുന്ന, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവരമ്പുകൾ വ്യക്തമായി നിർവചിക്കുന്ന ഭരണഘടന, അയിത്തത്തിലും ജാതിവേർതിരിവുകളിലും അമർന്നുപോയ ഒരു വലിയ വിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽപുരേഖ കൂടിയാണ്. ഭരണാധികാരികളെ നിശ്ചയിക്കേണ്ടത് ഓരോ പൗരന്റെയും അവകാശമായ വോട്ടിന്റെ അടിസ്‌ഥാനത്തിലാണെന്നു പ്രഖ്യാപിക്കുന്ന ഭരണഘടനയ്‌ക്കു വിധേയമായാണ് ഇവിടെ പൊതുതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. അവികസിതമായിരുന്ന ഒരു സമൂഹത്തിൽ ജനാധിപത്യം ഊട്ടിയുറപ്പിക്കാനായതുതന്നെ ഏറ്റവും വലിയ നേട്ടം. അതേസമയം, ഭരണഘടനയും കാലാനുസൃതമായ നവീകരണം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, അതിനു ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള കൂട്ടായ ആലോചനയും താൽക്കാലിക നേട്ടങ്ങൾക്കുപരിയായ ദീർഘവീക്ഷണവും ഉണ്ടാവണമെന്നു മാത്രം.

ഏഷ്യയിൽ ജനാധിപത്യം വേരൂന്നുകയില്ല എന്ന് ആശങ്കപ്പെട്ടവർക്കുള്ള മറുപടിയും ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികൾക്കുള്ള നിത്യപ്രചോദനവുമായി ഇന്ത്യൻ ഭരണഘടനയുടെ എഴുപതു വർഷങ്ങളെക്കാണാം. പക്ഷേ, പല സംസ്ഥാനങ്ങളിലും നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ രാജ്യം പെരുമകൊള്ളുന്ന ജനാധിപത്യമൂല്യങ്ങളെത്തന്നെ ലോകത്തിനു മുന്നിൽ അപഹാസ്യമാക്കുകയല്ലേ? അധികാരക്കസേരയ്ക്കു വേണ്ടിയുള്ള ധനാധിപത്യത്തിന്റെയും കുതികാൽവെട്ടിന്റെയും മറുകണ്ടം ചാടലിന്റെയും മലീമസകഥകൾ ജനാധിപത്യത്തിന്റെ ആധാരശിലയായ ഭരണഘടനയുടെ അന്തസ്സിനുതന്നെ മങ്ങലേൽപിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തെച്ചൊല്ലി അഭിമാനിക്കാൻ വരുംതലമുറകൾക്കും കഴിയട്ടെ. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവുമെല്ലാം കാത്തുസൂക്ഷിക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്. നിർമാണസഭയുടെ അംഗീകാരം ലഭിച്ച്, ഭരണഘടന പിറന്നതിന് എഴുപതാണ്ടു തികയുന്ന ഈ ദിവസം ജനാധിപത്യത്തോടുള്ള സമർപ്പണ പ്രതിജ്ഞ പുതുക്കാനുള്ള ശുഭവേളയായും കാണാവുന്നതാണ്.

‘‍ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രൂപകൽപന ചെയ്യുന്നു’ എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഈ ആമുഖത്തിൽ തന്നെയുണ്ട്, ഓരോ ഇന്ത്യൻ പൗരനും ഏറ്റെടുക്കേണ്ട വലിയ ഉത്തരവാദിത്തത്തിന്റെയും ഒപ്പം, ആത്മപരിശോധനയുടെയും ഓർമപ്പെടുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA