sections
MORE

ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശിലയായ ഭരണഘടനയ്ക്ക് 70 വയസ്സ്

nehru
1949 നവംബർ‌ 26ന് ഭരണഘടനാ നിർമാണസഭ അംഗീകരിച്ച ഭരണഘടനയിൽ 1950 ജനുവരി 24ന് ഒപ്പു വയ്ക്കുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു. ജനുവരി 26നു ഭരണഘടന നിലവിൽവന്നു.
SHARE

70 വർഷം മുൻപ് ഇതേ ദിവസമാണ് ഭരണഘടനാ നിർമാണസഭ നമ്മുടെ ഭരണഘടന അംഗീകരിച്ചത്. ഭരണഘടനയുടെ യശസ്സ് നിലനിർത്തേണ്ടതിന്റെ ആവശ്യകത, ഉയരുന്ന ആശങ്കകൾ...സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് എഴുതുന്നു

ഭരണഘടന എന്ന വിശുദ്ധ പുസ്തകമാണ് നമ്മെ, രാജ്യത്തെ ഒരു ജനതയാക്കി നിർത്തുന്നത്. നമ്മുടെ ഭരണഘടന 70 വയസ്സു പൂർത്തിയാക്കുന്നു. ഭാഷയും മതവും ജാതിയും വർഗ – വർണങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംസ്കാരങ്ങളും അടക്കം പല വൈവിധ്യങ്ങളുമുണ്ടായിട്ടും അവയെ ഒന്നായി ഉൾക്കൊള്ളാനും അംഗീകരിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഭരണഘടന തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. ഇതിനു ചെറിയൊരു പാളിച്ച സംഭവിച്ചാൽ – സംഭവിക്കുമെന്ന തോന്നൽ പോലും നല്ലതല്ല – ഈ നാടിന്, ഒരു രാഷ്ട്രമായി നിൽക്കാനാകില്ല.

ഭരണഘടനയുടെ പിൻബലമില്ലായിരുന്നെങ്കിൽ നമ്മുടെ രാഷ്ട്രം എന്നേ ചെറുരാജ്യങ്ങളായി ചിതറിയേനെ. അതിനുള്ള സർവ സാധ്യതയും ഉണ്ടായിരുന്നിട്ടും നാം തകരാതെ നിൽക്കുന്നത് പ്രൗഢവും വ്യക്തവും സുശക്തവുമായ ഭരണഘടനയ്ക്കു കീഴിൽ സ്വസ്ഥതയും സ്വാതന്ത്ര്യവും അവകാശങ്ങളും അനുസ്യൂതം അനുഭവിക്കാൻ കഴിയുന്നതു കൊണ്ടാണ്. നാട്ടിലെ ഓരോ പൗരനും ഭാരതം തന്റേതാണെന്നും ഭാരതീയനായതിൽ അഭിമാനിക്കുന്നുവെന്നുമെല്ലാം പറയുന്നതിനു പിന്നിൽ ഭരണഘടനയിലൂടെ കൈവരുന്ന ഈ സുരക്ഷിതത്വ ബോധമാണുള്ളത്. വ്യക്തിയുടെ മഹത്വം ഇത്രമേൽ ഉയർത്തിപ്പിടിക്കുന്ന ഭരണഘടന ലോകത്തെങ്ങുമില്ല. വ്യക്തിയുടെ അന്തസ്സിനെയും അവകാശങ്ങളെയും കേന്ദ്രീകരിച്ചാണു ഭരണഘടന നിർമിച്ചിട്ടുള്ളത്.

 നവംബർ 26ന്റെ പ്രാധാന്യം 

1949 നവംബർ 26നു നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിൽ പിന്നെ, ആ ദിനം ആഘോഷിച്ചിരുന്നതു നിയമവാഴ്ചയുടെ പ്രാധാന്യം ഓർമപ്പെടുത്തുന്നതിനാണ്. 4 വർഷം മുൻപാണ് നിയമദിനം ഭരണഘടനാദിനമായി ആചരിക്കാൻ തുടങ്ങിയത്. എല്ലാം നിയമപ്രകാരവും നിയമാനുസൃതമാവുകയെന്നതാണ് നിയമവാഴ്ചയുടെ അർഥം. ആരും, ഒന്നും നിയമത്തിന് അതീതരല്ല. മറിച്ചു നിയമത്തിനു വിധേയരാണ്; നിയമം വ്യാഖ്യാനിക്കുന്ന കോടതി പോലും! ഭരണഘടനാദിനമായി ഈ ദിവസത്തെ ഓർമിക്കുമ്പോൾ നിയമവാഴ്ചയിൽ നിന്നു നീതി വാഴ്ചയ്ക്കു പ്രധാന്യം നൽകേണ്ടതല്ലേ? ഭരണഘടന വ്യാഖ്യാനിച്ച് എന്താണെന്നു പറയുന്നതു കോടതികളാണ്. അതേസമയം, ഭരണഘടനയിലെ സ്വപ്നങ്ങൾക്കു ചിറകു വിരിക്കാനാകുന്നതു നിയമം നിർമിക്കുന്നവരിലൂടെയും അതു നടപ്പാക്കുന്നവരിലൂടെയുമാണ്.

കൈവിടരുത്  വിശ്വാസ്യത

ഭരണഘടനയിലെ 13–ാം അനുച്ഛേദ പ്രകാരം, ഈ രാജ്യത്തു നിർമിക്കപ്പെടുന്ന ഒരു നിയമവും പൗരന്റെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാകരുത്. മൗലികാവകാശങ്ങളുടെ ലംഘനമുണ്ടോയെന്ന പരിശോധന  ഭരണഘടനാ കോടതികൾ നടത്തണം – നിർമിക്കപ്പെട്ട നിയമത്തിലായാലും അതു നടപ്പാക്കുന്ന രീതിയിലായാലും. അത്തരം സന്ദർഭങ്ങളിൽ ഭരണഘടനയെ മാത്രം മുൻനിർത്തി നിഷ്പക്ഷവും നിർഭയവും നീതിപൂർവവുമായ തീരുമാനങ്ങൾ കോടതികൾ കൈക്കൊള്ളണം. 

തങ്ങളുടെ ഇച്ഛയ്ക്കെതിരായ വിധം ഭരണഘടന വ്യാഖ്യാനിക്കപ്പെടുമോ എന്നു ഭയപ്പെട്ടപ്പോഴെല്ലാം കോടതികളുടെ സ്വതന്ത്രമായ നീതിനിർവഹണത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. സീനിയോറിറ്റി മറികടന്ന് 2 തവണ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിച്ചത് ഒരു ഉദാഹരണം മാത്രം. ജഡ്ജിമാരുടെ നിയമനങ്ങളിലെ ഇടപെടലുകളും കോടതികളുടെ സ്വതന്ത്രമായ നടത്തിപ്പിൽ ബാഹ്യ ഇടപെടൽ തുടങ്ങിയ ആരോപണങ്ങളും ബാക്കിയാണ്. ഭരണപക്ഷ വീക്ഷണം വച്ചുപുലർത്തുക കോടതികളുടെ ബാധ്യതയല്ല. ഭരണഘടനയുടെ അന്തഃസത്തയാണു കോടതികൾ ഉയർത്തിപ്പിടിക്കേണ്ടത്. അതു ദേശീയ ധാർമികത തന്നെയാകണം. കാരണം, പൗരന്റെ സ്വാതന്ത്ര്യവും സമത്വവും അന്തസ്സുമാണ് ഭരണഘടനാ ധാർമികതയുടെ അടിസ്ഥാനം.

ഭരണത്തിന്റെ ഘടന, ഭരണഘടന വിഭാവന ചെയ്തതു പോലെയാകണം. എങ്കിലേ ജനങ്ങൾക്കു ഭരണഘടനയിലും ഭരണഘടനാ സ്ഥാപനങ്ങളിലും വിശ്വാസമുണ്ടാകൂ. അതു ചോർന്നുവെന്ന ആരോപണങ്ങളുള്ളതു കൊണ്ടാണ് ഈ ഓർമപ്പെടുത്തൽ. ഭരണഘടനാ സ്ഥാപനങ്ങളിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടാൽ ഭരണഘടനയ്ക്കു പ്രസക്തിയില്ലാതാകും. ഈ ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം ജനവിശ്വാസം ഉറപ്പാക്കേണ്ട ഉയർന്ന ഉത്തരവാദിത്തം ഭരണഘടനാ കോടതികൾക്കുണ്ട്. അതുകൊണ്ടാണ് കോടതിയെ ഭരണഘടനയുടെ രക്ഷാകർത്താവ് എന്നു വിളിക്കുന്നത്. രക്ഷാകർതൃത്വത്തിലെ ജാഗ്രതക്കുറവും വീഴ്ചകളും ജനങ്ങൾക്കു ഭരണഘടനയിലുള്ള വിശ്വാസത്തിൽ ചിലപ്പോഴെല്ലാം ഇടിവു വരുത്തിയിട്ടുണ്ടെന്നു പറയാതെ വയ്യ. ‍

ഭരണഘടനയിലെ ആമുഖത്തിൽ നീതി എന്ന പദം ഉൾക്കൊണ്ടത് സോവിയറ്റ് യൂണിയന്റെ ഭരണഘടനയിൽ നിന്നാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഫ്രഞ്ച് ഭരണഘടനയിൽ നിന്നും. അടിയന്തരാവസ്ഥ, മൗലികാവകാശങ്ങൾ മരവിപ്പിക്കൽ എന്നിവ ജർമൻ ഭരണഘടനയിൽ നിന്നും എല്ലാം നിയമാനുസൃതമെന്നതു ജപ്പാൻ ഭരണഘടനയിൽ നിന്നും ഉൾക്കൊണ്ടു.

ഈ രാജ്യങ്ങളിലെല്ലാം നമ്മുടെ ഭരണഘടനയുടെ ചൈതന്യമെന്നു വിശേഷിപ്പിക്കുന്ന പല മൂല്യങ്ങൾക്കും മാറ്റു കൂടിവരുമ്പോൾ നമുക്കതു കൈമോശം വരുന്നുണ്ടോയെന്നതാണു മറ്റൊരു സന്ദേഹം. നല്ല നിയമങ്ങൾ, അതു നടപ്പാക്കുന്നതിലെ നിഷ്പക്ഷത, നിയമം വ്യാഖ്യാനിക്കുന്നതിലെ പക്ഷപാതരഹിതവും നിർഭയവുമായ സമീപനം ഇവ കൊണ്ടുമാത്രമേ നമുക്കു നഷ്ടപ്പെടുന്ന വിശ്വാസ്യതയും കുറഞ്ഞുകൊണ്ടിരിക്കുന്ന തിളക്കവും വീണ്ടെടുക്കാനാവൂ.

നഷ്ടമാകരുത് സൂക്ഷ്മത

ഭരണഘടനാ നിർമിതിക്കു പിന്നിലെ സൂക്ഷ്മതയെയും അധ്വാനത്തെയും കുറിച്ചു കൂടി ഓർക്കേണ്ടതുണ്ട്. 2 വർഷവും 11 മാസവും 17 ദിവസവും എടുത്താണ് ഭരണഘടനയുടെ കരടുനയം തയാറാക്കപ്പെട്ടത്. 165 ദിവസമെടുത്താണ് ഇതിൽ 2473 ഭേദഗതികൾ ചർച്ച ചെയ്തതും അവസാന കരടുരേഖയ്ക്കു രൂപം നൽകിയതും. ഇത്രമാത്രം സുദീർഘമായ ചർച്ചകളുടെയും സൂക്ഷ്മ പരിശോധനകളുടെയും അടിസ്ഥാനത്തിൽ രൂപംനൽകിയ ഭരണഘടന ലോകത്തെങ്ങും ഉണ്ടാവില്ല. പക്ഷേ, കഴിഞ്ഞ 70 വർഷത്തിനിടയിൽ ഭരണഘടനയിൽ കൊണ്ടുവന്ന നൂറിലേറെ ഭേദഗതികൾ വേണ്ടത്ര പഠന–മനനങ്ങൾക്കു ശേഷമായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഭരണഘടനാ ഭേദഗതി വളരെ ഗൗരവത്തോടെ കാണേണ്ട പ്രക്രിയയാണ്. അതിൽ സംഭവിച്ചിട്ടുള്ള ലാഘവത്വം നമ്മുടെ ഭരണഘടനയുടെ യശസ്സിനെ ബാധിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും ഭേദഗതികൾ മാറ്റിമറിച്ചേക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഭരണഘടനാ കോടതികൾ കേവലം ഒരു നിയമസ്ഥാപനം എന്ന തലത്തിൽനിന്ന് ഭരണഘടനയുടെ തന്നെ സംരക്ഷകരെന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA