ADVERTISEMENT

മഹാരാഷ്ട്രയിലെ അധികാരത്തിനു വേണ്ടിയുള്ള 

അപഹാസ്യനാടകം, 80 മണിക്കൂർ മാത്രം നീണ്ട മന്ത്രിസഭയ്ക്കു നാണംകെട്ട് രാജിവയ്ക്കേണ്ടി വന്നതോടെ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. സുപ്രീം കോടതിയുടെ നിർണായക

മായ ഇടപെടൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും 

ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും രാജിയിലെത്തിച്ചത്, 

ഭരണഘടനാദിനത്തിൽ ജനാധിപത്യം നേടിയ വിജയമെന്നു 

വിശേഷിപ്പിക്കുന്നവരുണ്ട്. 

അധികാരമെന്ന ഏക ലക്ഷ്യം രാഷ്ട്രീയ പാർട്ടികളെ എത്ര

ത്തോളം വിലകുറഞ്ഞ കളികളിലെത്തിക്കുന്നു എന്നതിന് ഇന്ത്യയ്ക്കുതന്നെ പുതിയ പാഠം തന്നിരിക്കുകയാണു മഹാരാഷ്ട്ര. 

നമ്മുടെ അധികാര രാഷ്ട്രീയത്തിന്റെ അധാർമിക പതനം നിർലജ്ജം വെളിപ്പെടുത്തുന്ന സംഭവങ്ങൾ ജനാധിപത്യത്തെത്തന്നെ കരിവാരിത്തേക്കുകയുണ്ടായി. രാഷ്ട്രീയത്തിന് ഉണ്ടാവണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്ത ആ നാടകങ്ങൾ എവിടെയും ഇനി ആവർത്തിക്കരുതാത്തതുമാണ്. 

തിരഞ്ഞെടുപ്പിനു മുൻപ് ഒരുമിച്ചു വോട്ടു ചോദിച്ച ബിജെപി – 

ശിവസേന സഖ്യം വേർപിരിയുന്നതും സർക്കാരുണ്ടാക്കാൻ അതുവരെയും ഒരു ചേർച്ചയുമില്ലാത്തവർ കൈകോർക്കാൻ തുടങ്ങുന്നതുമൊക്കെയാണു കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കണ്ടത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞ മഹാസഖ്യം അധികാരത്തിലെത്തുന്നതിനു തൊട്ടുമുൻപാണ് ഈ നാടകത്തിലെ ഏറ്റവും വിലകെട്ട രംഗമുണ്ടായത്. എൻസിപി നിയമസഭാകക്ഷി നേതാവ് അജിത് പവാർ മറുകണ്ടം ചാടുന്നതും ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുന്നതും ശനിയാഴ്ച നേരം പുലരുമ്പോൾ മഹാരാഷ്ട്രയും രാജ്യവും കണ്ടു. ഇതിനായി, രാഷ്ട്രപതിഭരണം പിൻവലിക്കുന്ന ഉത്തരവു പോലും പുലരും മുൻപ് ഇരുചെവിയറിയാതെ ഇറക്കുകയായിരുന്നു. 

ഇന്നു വൈകിട്ട് അഞ്ചു മണിക്കുള്ളിൽ നിയമസഭയിൽ വിശ്വാസ വോട്ട് തേടണമെന്നു സുപ്രീം കോടതി നിർദേശിച്ചതിനു പിന്നാലെ, ഗത്യന്തരമില്ലാതെയാണ് ആദ്യം ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും തുടർന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും രാജി. നിയമസഭയിൽ പരസ്യ വോട്ടിലൂടെ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം കൂറുമാറ്റം അസാധ്യമാക്കിയതിനു പിന്നാലെയാണ് ഇരുവരുടെയും പടിയിറക്കം. രാഷ്ട്രപതിഭരണം പിൻവലിക്കാനും ഫഡ്നാവിസിനെ അധികാരത്തിലേറ്റാനും ഗവർണർ 

ഭഗത് സിങ് കോഷിയാരി കാട്ടിയ തിടുക്കവും അതിനു തിരഞ്ഞെടുത്ത സമയത്തിലെ അനൗചിത്യവും നിശിത വിമർശനത്തിനു

കാരണമാകുകയും ചെയ്തു. 

മഹാരാഷ്ട്രയിൽ അജിത് പവാർ ഉൾപ്പെടെ ആരോപണത്തിന്റെ നിഴലിലായ 70,000 കോടിയുടെ ജലസേചന അഴിമതിക്കേസുകളിൽ ഒൻപതെണ്ണത്തിൽ അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണം അവസാനിപ്പിച്ചത് അധികാരപിന്തുണയ്ക്കായുള്ള  പ്രത്യുപകാര

മായി കാണുന്നവരുണ്ട്. രാഷ്ട്രീയകക്ഷികൾ അഴിമതിക്കെതിരെ നടത്താറുള്ള പ്രഘോഷണങ്ങൾ ആദർശപ്രേരിതമാണോ, അതോ തികച്ചും അവസരവാദപരമാണോ എന്നതാണു ജനമനസ്സുകളിലെ  ചോദ്യം. ദേവേന്ദ്ര ഫഡ്നാവിസ് 2014ൽ മുഖ്യമന്ത്രിയായതിനു 

പിന്നാലെ റജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം 

അവസാനിപ്പിച്ചിരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയം. 

ആശയപരമായി എതിർധ്രുവത്തിൽ നിൽക്കുന്ന ശിവസേനയു

മായി ചേർന്ന് കോൺഗ്രസും എൻസിപിയും  പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ, സാധ്യമാക്കുന്ന അധികാരസഖ്യം  എത്രത്തോളം സുസ്ഥിരമായിരിക്കുമെന്ന ചോദ്യത്തിന് ഇനിയുള്ള ദിവസങ്ങളിലാണു നമുക്ക് ഉത്തരം ലഭിക്കേണ്ടത്. ഭരണഘടനയുടെ എഴുപതാം വാർഷിക ദിനത്തിലെ നിർണായക സുപ്രീം 

കോടതി വിധിയും തുടർന്നു ഗത്യന്തരമില്ലാതെ സംഭവിച്ച രാജികളും 

നൽകുന്ന സന്ദേശം അത്ര വേഗം മറക്കാനുള്ളതല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com