ADVERTISEMENT

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാവിന്റെ മൂർച്ചയും ചൂടും അനുഭവിക്കാത്ത മൈക്കുകൾ കുറവാണ്. പക്ഷേ, മൈക്കുകളിൽനിന്ന് ഒരു ‘പ്രത്യാക്രമണം’ കാനം പ്രതീക്ഷിച്ചതല്ല. അതിൽ അദ്ദേഹം ശരിക്കും വീണുപോയി. കാനത്തിന്റെ അനുഭവമറിഞ്ഞ സിപിഐക്കാരും സുഹൃത്തുക്കളായ മറ്റു രാഷ്ട്രീയക്കാരും മുന്നിൽ മൈക്ക് കാണുമ്പോൾ ഇപ്പോൾ ജാഗരൂകരാണ്. സസ്പെൻസ് നീട്ടുന്നില്ല. കാനത്തിനു കുറച്ചുനാൾ മുൻപുണ്ടായ അണുബാധ, മൈക്കിൽ (മൈക്രോഫോൺ) നിന്ന് ഉണ്ടായതാണെന്നാണു ഡോക്ടർമാരുടെ നിഗമനം.‘‘അതിനാണു സാധ്യത കൂടുതൽ എന്നാണു ഡോക്ടർമാരുടെ സംഘത്തിന്റെ വിശകലനം. പെട്ടെന്ന് അത്രമാത്രം ശക്തമായ ഇൻഫെക്‌ഷനു മറ്റൊരു കാരണം കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല’’– കാനം വെളിപ്പെടുത്തി.

എല്ലാ വർഷവും മുടങ്ങാതെ നടത്താറുള്ള ചികിത്സയ്ക്കായി മുണ്ടൂരിലെ ആയുർവേദ കേന്ദ്രത്തിലെത്തിയ ദിവസം. അന്നു രാത്രി കാനത്തിനു കലശലായ ശ്വാസംമുട്ടലുണ്ടായി. പാലക്കാട് മഹിളാ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കാനായി അന്നു പകൽ യാത്ര ചെയ്യുമ്പോഴോ ഒരു മണിക്കൂറോളം അവിടെ സംസാരിക്കുമ്പോഴോ തിരിച്ചുള്ള യാത്രയിലോ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. പക്ഷേ, രാത്രി ശ്വാസംമുട്ടലോടെ ഉണർന്ന കാനത്തിന്റെ സ്ഥിതി കണ്ടുനിന്നവരിൽ ആശങ്കയുയർത്തി. ഹൃദയസംബന്ധമായ പ്രശ്നങ്ങളാണെന്നു കരുതി ഉടൻ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചു. തൊട്ടടുത്ത ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. 

ഹൃദ്രോഗമല്ലെന്നും ശ്വാസകോശ അണുബാധയാണെന്നും വിദഗ്ധപരിശോധനയിൽ തെളിഞ്ഞു. പത്തുദിവസം തീവ്രപരിചരണ വിഭാഗത്തിൽ. ശേഷം ഒരു മാസത്തോളം വിശ്രമം. അണുബാധയുടെ ലക്ഷണങ്ങളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മൈക്കിൽ നിന്നാകാമെന്ന വിശകലനത്തിൽ ഡോക്ടർമാരെത്തിയത്. പാർട്ടിയിലും രാഷ്ട്രീയത്തിലെ സൗഹൃദവലയത്തിലും കാനം ഇക്കാര്യം പങ്കുവച്ചതോടെ മൈക്ക് കണ്ടാൽ ‘എല്ലാം മറക്കരുതെന്ന്’ അവരെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു.

ഡോക്ടർക്ക് പറയാനുള്ളത്

മൈക്കിലൂടെ അണുബാധയുണ്ടാകാനുള്ള സാധ്യത തള്ളാൻ കഴിയില്ലെന്ന് കോട്ടയം മെഡിക്കൽ കോളജിലെ പൾമനോളജി വിഭാഗം മുൻ മേധാവി ഡോ. പി.സുകുമാരൻ അഭിപ്രായപ്പെട്ടു: ‘‘ദീർഘനേരം മൈക്കിനു മുന്നിൽ ഒരാൾ സംസാരിക്കുമ്പോൾ ഉമിനീർ തെറിക്കാനുള്ള സാധ്യതയുണ്ട്. പൊതുവിൽ ചൂടു കാലാവസ്ഥയുള്ള കേരളത്തിൽ ഇത് അണുബാധയായി മാറാൻ സാധ്യത കുറവാണെങ്കിലും, അങ്ങനെ സംഭവിക്കാം’’. 

മൈക്കിനോടു ചേർന്നുനിന്നു സംസാരിക്കുന്നത് ഒഴിവാക്കുക, കൈ അതിൽ പിടിക്കുന്ന ശീലം ഉപേക്ഷിക്കുക, സംസാരം ചുരുക്കുക എന്നിവയാണു രാഷ്ട്രീയക്കാർക്കു നൽകാനുള്ള ഉപദേശം. ഓരോ പരിപാടിക്കു ശേഷവും മൈക്ക് അണുമുക്തമാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുകയും വേണം.

ശരിയല്ലെന്ന് ലൈറ്റ് ആൻഡ് സൗണ്ട് സംഘടന

കാനം രാജേന്ദ്രന്റെ മൈക്ക് അണുബാധ കേട്ടുകേൾവിയില്ലാത്തതാണെന്ന് ‘ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരള’ സംസ്ഥാന ഓർഗനൈസർ തമ്പി നാഷനൽ ചൂണ്ടിക്കാട്ടി.‘‘ആറു പതിറ്റാണ്ടോളമായി കേരളത്തിൽ മൈക്കില്ലാതെ രാഷ്ട്രീയപ്രവർത്തനമില്ല. ഇതുവരെ ഇങ്ങനെയാർക്കും സംഭവിച്ചിട്ടില്ല. നല്ല പണം മുടക്കിയാണു മൈക്കും അനുബന്ധ സാധനങ്ങളും വാങ്ങുന്നത്. അതുകൊണ്ടുതന്നെ വേണ്ടവിധം സൂക്ഷിച്ചും ശ്രദ്ധിച്ചുമാണ് അവയെല്ലാം ഉപയോഗിക്കാറുള്ളത്’’.

ഉമ്മൻ ചാണ്ടിയും കോടിയേരിയും

ആരോഗ്യം വീണ്ടെടുത്തുവരുന്ന കാനത്തിന്റെ നാവിന് മൂർച്ച തെല്ലും കുറവില്ലെന്ന് യുഎപിഎ, മാവോയിസ്റ്റ് വിവാദങ്ങളിലൂടെ കേരളത്തിനു വീണ്ടും ബോധ്യമായി. പക്ഷേ, പ്രസംഗങ്ങൾ പരമാവധി അരമണിക്കൂറായി ചുരുക്കാൻ ശ്രമിക്കാറുണ്ട്. മുന്നിലെ മൈക്ക് കാര്യമായി ഇപ്പോൾ ശ്രദ്ധിക്കാറുമുണ്ട്. 

‘‘പ്രസംഗം നീണ്ടാൽ അതു തൊണ്ടയ്ക്കുണ്ടാക്കുന്ന കുഴപ്പമേ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ. കാനത്തിന്റെ അനുഭവത്തോടെ ഞങ്ങളെല്ലാം കൂടുതൽ ജാഗ്രതയുള്ളവരായി’’– സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു.

സിപിഐ ആസ്ഥാനത്തു സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ കാനം വീണ്ടും സജീവമായെങ്കിലും, ഇതിനിടെ ചികിത്സാർഥം യുഎസിൽ പോയി മടങ്ങിയെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അതിനു സാധിച്ചിട്ടില്ല. വിശ്രമവും ചികിത്സയും തുടരുന്ന കോടിയേരിക്ക് ഒരുപക്ഷേ, വീണ്ടും ചികിത്സയ്ക്കായി യുഎസിലേക്കു പോകേണ്ടിവന്നേക്കാം. ഡെങ്കിപ്പനി ബാധിതനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രോഗമുക്തി നേടുന്നതേയുള്ളൂ.

സമ്മർദങ്ങളും നിരന്തരമായ യാത്രയും വിദ്യാർഥി – യുവജനകാലത്തെ തീക്ഷ്ണസമരങ്ങളുടെ ശേഷിപ്പുകളും മുതൽ മുന്നിലെ മൈക്ക് സൃഷ്ടിക്കാവുന്ന അപകടം വരെയുള്ള കാര്യങ്ങൾ ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള പുതിയ അവബോധങ്ങൾ കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തിനു നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com