ADVERTISEMENT

എങ്ങനെ മരിച്ചു എന്നതിനെക്കാൾ എങ്ങനെ ജീവിച്ചു എന്നതാണു പ്രധാനം. മരണശേഷവും ‘ജീവിക്കുന്നവർ’ മരിച്ചതിലെ വ്യത്യസ്തത കൊണ്ടല്ല, ജീവിച്ചതിലെ വ്യത്യസ്തത കൊണ്ടാണ് ആ സ്ഥാനത്തിന് അർഹരായത്. ജീവിച്ചിരിക്കുമ്പോൾ കർമം കൊണ്ടു വ്യത്യസ്തരാകുന്നവർ മാത്രമേ, മരണശേഷവും മാതൃകയും പ്രചോദനവുമായിട്ടുള്ളൂ. 

ജന്മംകൊണ്ട് ആർക്കും വിഭിന്നരാകാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, ജീവിതം കൊണ്ട് അതിനു സാധിക്കണം. ജനനത്തിനും മരണത്തിനും ആരും സ്വയം ഉത്തരവാദികളല്ല. ആകസ്മികമായും അനുവാദം ചോദിക്കാതെയും നടക്കുന്ന സംഭവങ്ങളാണവ. പക്ഷേ, ജീവിതത്തിന് ഉത്തരവാദികൾ അവ ജീവിച്ചു തീർക്കുന്നവർ മാത്രമാണ്. 

ലക്ഷ്യമില്ലാത്ത പ്രവൃത്തികളാണ് കാര്യക്ഷമതയില്ലാത്ത പ്രവർത്തകർക്കും ഫലപ്രാപ്തിയില്ലാത്ത കർമങ്ങൾക്കും വഴിതെളിക്കുന്നത്. വ്യത്യസ്തത ഒരു ലക്ഷ്യമല്ല, മാർഗമാണ്. വ്യത്യസ്തമാകുന്നതിനെക്കാൾ അതുല്യമാകുന്നതിലാണ് ചെയ്തികളുടെ ശ്രേഷ്ഠത. 

ശ്രദ്ധിക്കപ്പെടാൻ വേണ്ടിയും പുതുമ ആവിഷ്കരിക്കാൻ വേണ്ടിയും മാത്രം നടത്തുന്ന പ്രകടനങ്ങൾ ഫലരഹിതവും അപമാനജനകവുമാകും. ആലോചിച്ചുണ്ടാക്കുന്ന വ്യത്യസ്തതയ്ക്ക് ആഴമോ ആയുസ്സോ ഉണ്ടാകില്ല. അസാധാരണമായ ലക്ഷ്യങ്ങളും അവിശ്വസനീയമായ പ്രവർത്തനശൈലിയും ഉണ്ടെങ്കിൽ വ്യത്യസ്തത താനേ രൂപപ്പെടും. 

അടവുകളും തന്ത്രങ്ങളുമല്ല, അപൂർവവും അനുകരണാർഹവുമായ പാഠങ്ങളാണ് വ്യത്യസ്തത. അത് അവനവനിലുള്ള വിശ്വാസത്തിന്റെയും സ്വന്തം സ്വപ്നങ്ങളോടുള്ള അഭിനിവേശത്തിന്റെയും അളവുകോലാണ്. 

മറ്റുള്ളവർ നടന്ന വഴികളിലൂടെ മാത്രം നടക്കുകയും അവർ കണ്ട കാഴ്ചകൾ മാത്രം കാണുകയും ചെയ്യുന്നവർ ഭയചകിതരും അന്തർമുഖരുമാണ്. കോപ്പിയടിച്ചു ശീലിച്ചവർക്ക് തനതായതൊന്നും സൃഷ്ടിക്കാനോ തന്റേതായ പാതകളിലൂടെ ചരിക്കാനോ കഴിയില്ല. പേരെടുക്കാൻ വേണ്ടി ചെയ്യുന്ന പ്രവൃത്തികളെക്കാൾ, ഉദ്ദേശ്യശുദ്ധിയോടെ ചെയ്യുന്ന പ്രവൃത്തികളാണ് പേരും പെരുമയും സമ്മാനിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com