ADVERTISEMENT

ഓണം കഴിഞ്ഞ് മഹാബലിത്തമ്പുരാൻ പാതാളത്തിലേക്കു പോകാൻ തുരങ്കമായി ഉപയോഗിച്ചതിനാൽ തോരണം ചാർത്തി അലങ്കരിച്ചു സൂക്ഷിച്ചിട്ടുള്ള മരാമത്തു കുഴിക്കരികിൽ നിൽക്കുമ്പോൾ അപ്പുക്കുട്ടന്റെ ഹൃദയത്തിൽ സന്തോഷം നാലുവരിപ്പാതയിലോടുകയാണ്.

കവികൾ പ്രവാചകരാണെന്ന് ആരോ പറഞ്ഞതു വിശ്വസിച്ചാൽ, പ്രവാചക ശ്രേഷ്ഠനായ മന്ത്രി സുധാകരൻജി നിയമസഭയിൽ നടത്തിയ പ്രസ്താവന അപ്പുക്കുട്ടൻ പത്രത്തിൽ വായിച്ചത് മാവേലിക്കുഴിക്കരികിൽനിന്നാണ്: കേരളത്തിലെ പ്രധാന റോഡുകളെല്ലാം അഞ്ചു വർഷത്തിനുള്ളിൽ ഡിജിറ്റൈസ് ചെയ്യും!

റോഡുകളുടെ അവസ്ഥ, വാഹനസാന്ദ്രത, ഗുണനിലവാരം എന്നിത്യാദികളെല്ലാം കംപ്യൂട്ടർ പൂമുഖത്തു തെളിയിക്കുന്നതാണ് ഡിജിറ്റൈസേഷൻ എന്നു സാമാന്യമായി മനസ്സിലാക്കാം.

മെറ്റലിട്ട്, റോളർ പലവട്ടമുരുട്ടി, ടാർ ചെയ്തു കഴിഞ്ഞാണോ റോഡ് ഡിജിറ്റൈസ് ചെയ്യുന്നതെന്ന് ഒരു പെരുവഴി സഞ്ചാരി പ്രിയ സുഹൃത്ത് കഷ്ടകാൽജിയോടു ചോദിച്ചത്രെ.

ഒരു ദേശീയ പാർട്ടിയുടെ ലോക്കൽ പ്രസിഡന്റ് പ്രാദേശിക ലേഖകനു സമർപ്പിച്ച പ്രസ്താവന ഇങ്ങനെയാണ്:മാൻപേടക്കുന്നിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറേയായി. ആ റോഡ് എത്രയും വേഗം ഡിജിറ്റൈസ് ചെയ്തു സഞ്ചാരയോഗ്യമാക്കണം.

എല്ലാ നല്ല ആശയങ്ങളും സ്വീകരിക്കപ്പെടാൻ സമയമെടുക്കും എന്നതിനാൽ മന്ത്രിജി നിരാശപ്പെടേണ്ടതില്ല. വാസ്തവത്തിൽ മന്ത്രിജി നിയമസഭയിൽത്തന്നെ അടുത്ത പ്രസ്താവന നടത്തുകയാണു വേണ്ടത്: മരാമത്തു റോഡുകളിലെ കുഴികളെല്ലാം ഡിജിറ്റൈസ് ചെയ്യും!

റോഡുകൾ നിർമിച്ചും കുഴികളടച്ചും ടാർ ചെയ്തും സഞ്ചാരയോഗ്യമായി സൂക്ഷിക്കുക എന്ന ഏർപ്പാട് പഴഞ്ചനായിക്കഴിഞ്ഞല്ലോ.

അടിച്ചവഴിയേ പോയില്ലെങ്കിൽ പോയവഴിയേ അടിക്കണം എന്ന സിദ്ധാന്തപ്രകാരം, കുഴി നികത്താൻ നമുക്കാവുന്നില്ലെങ്കിൽ അവ ഡിജിറ്റൈസ് ചെയ്യുകതന്നെയാണു നല്ലത്.

കവിയായ മന്ത്രിക്ക് കുഴികളായ കുഴികളെല്ലാം വൃത്തത്തിൽതന്നെ ഡിജിറ്റൈസ് ചെയ്യാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com