ADVERTISEMENT

ബാൽ താക്കറെ മുംബൈ വിറപ്പിച്ചിരുന്ന കാലത്ത് ഒപ്പം വെള്ളിവെളിച്ചത്തിൽ നിന്നതു മകൻ ഉദ്ധവ് ആയിരുന്നില്ല, സഹോദര പുത്രൻ രാജ് ആയിരുന്നു. എന്നാൽ, പാർട്ടിയുടെ കടിഞ്ഞാൺ രാജിനെ മറികടന്ന് ഉദ്ധവിലേക്കെത്തി. ശിവസേനയുടെ വന്യമായ കരുത്തിന്റെ പ്രതീകമായ കടുവയെ അദ്ദേഹം മെരുക്കിയെടുത്തു. രാജ് താക്കറെയുടെ കഴിവിന്റെ ഏഴിലൊന്നുപോലും ഇല്ലെന്നു പരിഹസിച്ചവർക്കു മുന്നിൽ മുഖ്യമന്ത്രിയായി ഇതാ ഉദ്ധവ് തന്റെ ശൈലിയുടെ ബലം തെളിയിച്ചിരിക്കുന്നു. 

വീട്ടിലെ ഇളയ മകനാണെങ്കിലും വാശിയോ വഴക്കുകളോ ഇല്ലായിരുന്നു ഉദ്ധവ് താക്കറെയ്ക്ക്. അന്തർമുഖൻ, ശാന്തശീലൻ. ആരോടും ഒച്ചവയ്ക്കാറില്ല, അധികം കോലാഹലം ഇഷ്ടവുമല്ല. പടക്കങ്ങൾ പൊട്ടിക്കുന്നതിന്റെ വലിയ ശബ്ദം പോലും അലോസരമായിരുന്നു ചെറുപ്പക്കാരൻ ഉദ്ധവിന്.

ഒന്നാമനായ മൂന്നാമൻ

മൂത്ത സഹോദരൻ ബിന്ദുമാധവ് (ബിന്ദ) താക്കറെ കാറപകടത്തിൽ മരിച്ചു. രണ്ടാമത്തെ സഹോദരൻ ജയദേവ്, പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഒരുകാലത്ത് താക്കറെ കുടുംബത്തിലെ താരമായിരുന്നു ജയദേവിന്റെ ഭാര്യ സ്മിത താക്കറെ. ബാൽ താക്കറെയുടെ വലം കൈ എന്ന നിലയിൽ പോലും അവർ ഉയർന്നു വന്നിരുന്നു.

ജയദേവ് വീടുവിട്ടിറങ്ങിയിട്ടും സ്മിത ‘മാതോശ്രീ’യിൽ തന്നെ വർഷങ്ങളോളം താമസിച്ചു. അച്ഛന്റെ വിൽപത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജയദേവ്, പിന്നീട് കേസിൽ നിന്നു പിന്മാറിയെങ്കിലും ഇപ്പോഴും കുടുംബവുമായുള്ള ബന്ധം ഊഷ്മളമല്ല.

മുഖ്യ ഉപദേശക രശ്മി

സ്മിത താക്കറെയപ്പോലെ പൊതുവേദികളിലെ താരസാന്നിധ്യമല്ല, ഉദ്ധവിന്റെ ഭാര്യ രശ്മി. പക്ഷേ, ഉദ്ധവിന്റെ മുഖ്യഉപദേശകയും ശക്തിയും അവരാണ്. താക്കറെ കുടുംബത്തിലെ പതിവുതെറ്റിച്ച് മകൻ ആദിത്യയെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലും രശ്മി തന്നെ. ഇവർക്കു പുറമെ, 4 പേരാണ് ഉദ്ധവിന്റെ ഉപദേശക സംഘത്തിൽ. 

ചിലപ്പോൾ നെറ്റിയിൽ ചുവപ്പ് ഗോപിക്കുറിയണിയുന്ന ഉദ്ധവിന്റെ സ്ഥിരം വേഷം നീളൻ കാവി കുർത്തയും പൈജാമയും. എന്നാൽ, ഇടയ്ക്ക് കമ്പനി സിഇഒയുടെ ഗെറ്റപ്പിലാകും വരവ്. കഴിഞ്ഞദിവസം ശിവസേനാ, എൻസിപി, കോൺഗ്രസ് സഖ്യം അംഗബലം തെളിയിക്കാൻ അണിനിരന്നപ്പോൾ ഇൻ ചെയ്ത ഫുൾകൈ ഷർട്ടും പാന്റ്സും ധരിച്ച് എത്തിയതുപോലെ.

ശ്രീകാന്തിന്റെ സ്വന്തം

ദിങ്ക എന്നു വിളിച്ചു ലാളിച്ചിരുന്ന, പിതൃസഹോദരനും രാജിന്റെ അച്ഛനുമായ ശ്രീകാന്ത് താക്കറെയുടെ മാനസപുത്രൻ. ഇരുവർക്കും ഫൊട്ടോഗ്രഫിയെന്നാൽ ജീവൻ. ‘വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കാൻ എത്രയോ മണിക്കൂറുകൾ, ചിലപ്പോൾ ദിവസങ്ങൾ കാത്തിരിക്കണം. പണ്ടേയുള്ള ക്ഷമാശീലത്തിൽ നിന്നാകാം വന്യജീവി ഫൊട്ടോഗ്രഫിയിൽ അവൻ ഇത്ര മിടുക്കനായത്’ – ഒരിക്കൽ ശ്രീകാന്ത് പറഞ്ഞു. 

ഏറ്റവും നല്ല ഫ്രെയിം മുന്നിൽ കാണുന്ന ആ സെക്കൻഡിൽ ഫോട്ടോ എടുക്കണമെന്നാണു ഉദ്ധവ് പറയാറ്. അതാണു മിടുക്ക്. എത്രകാലം കഴിഞ്ഞാലും സമയം ആ ചിത്രത്തിൽ നിശ്ചലമായി നിൽക്കും. ഇപ്പോൾ ഉദ്ധവ് കൃത്യസമയത്ത് കൃത്യമായി ക്ലിക്ക് ചെയ്തിരിക്കുന്നു; മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയിൽ ഉദ്ധവ് ഇരിക്കുന്ന ഈ ചിത്രം ഒരു മാസ്റ്റർപീസ് തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com