ADVERTISEMENT

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ‍കാരുടെ ബയോമെട്രിക് മസ്റ്ററിങ് അനിവാര്യതയാണെന്നു സർക്കാർ കരുതുന്നുണ്ടെങ്കിൽ അതിനുവേണ്ടിയുള്ള നടപടിക്രമങ്ങളിൽ മുതിർന്ന പൗരന്മാരോടുള്ള കരുതൽ തെളിയേണ്ടതുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് അതല്ല ഇപ്പോൾ സംസ്ഥാനത്തു നടക്കുന്നത്. 

ഇതിനായി മുതിർന്ന പൗരന്മാർ നേരിടേണ്ടിവരുന്ന ക്ലേശങ്ങളും സാങ്കേതിക ബുദ്ധിമുട്ടുകളും കഠിനമാണെന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണു സർക്കാർ മസ്റ്ററിങ്ങിന് ഒരുങ്ങിപ്പുറപ്പെട്ടതെന്ന കാര്യം ശരിവയ്ക്കുന്നു. തൃശൂർ ചാഴൂരിൽ, സാമൂഹികക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനായി, താൻ ജീവിച്ചിരിപ്പുണ്ടെന്നു സാക്ഷ്യപ്പെടുത്താൻ പുലർച്ചെ അഞ്ചിനു വീട്ടിൽനിന്നു പുറപ്പെട്ട വയോധികൻ തളർന്നുവീണു മരിച്ചത് സർക്കാരിനെ ആത്മപരിശോധനയിലേക്കു നയിക്കേണ്ടതുതന്നെ. 

സംസ്ഥാനത്തു സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കു ബയോമെട്രിക് മസ്റ്ററിങ് ഏർപ്പെടുത്തിയത് ഇവരിൽ 2.34 ലക്ഷം പേർ അനർഹരാണെന്ന ധനവകുപ്പിന്റെ കണ്ടെത്തലിനെത്തുടർന്നാണെന്നാണു വിവരം. ജൂണിൽ തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ നടത്തിയ പൈലറ്റ് സർവേയിൽ, ഗുണഭോക്താവ് മരിച്ചശേഷവും അനന്തരാവകാശികളോ ബന്ധുക്കളോ ആയ 338 പേർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങിയതായി കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ ആകെ ഗുണഭോക്താക്കളുടെ 5 % വരുമിത്. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നത് 46,89,419 പേരാണ്. ഇതിന്റെ 5% കണക്കാക്കിയാൽ 2,34,470 പേരോളം വരുമെന്നും ഇവർക്കു പെൻഷനായി പ്രതിമാസം 29 കോടി രൂപ അനർഹമായി നൽകേണ്ടിവരുന്നതായും കണക്കാക്കിയിരുന്നു. 

പക്ഷേ, അനർഹരെ കണ്ടെത്തുന്നതിനായി സർക്കാർ തുടങ്ങിയ മസ്റ്ററിങ് മുതിർന്ന പൗരന്മാരെ ദുരിതത്തിലാക്കുന്നതായി. പ്രതിഷേധം ശക്തമായതോടെ മസ്റ്ററിങ്ങിനു സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഡിസംബർ 15 വരെ തീയതി നീട്ടുകയും ചെയ്തു. മസ്റ്ററിങ് കേന്ദ്രങ്ങളിലെ അനിയന്ത്രിതമായ തിരക്കു തന്നെയാണു മുതിർന്ന പൗരന്മാരെ വലയ്ക്കുന്നത്. രാവിലെ മുതൽ വൈകിട്ടുവരെ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. മിക്ക അക്ഷയ കേന്ദ്രങ്ങളിലും ഇരിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ലതാനും. 

പെൻഷൻ മസ്റ്ററിങ്ങിനു ടോക്കൺ എടുക്കാൻ അക്ഷയ കേന്ദ്രത്തിലേക്കു പോയ തൃശൂർ ചാഴൂരിലെ ദിനപാലൻ എന്ന എഴുപത്തിയൊൻപതുകാരന്റെ മരണം ഇപ്പോഴത്തെ ദുരവസ്ഥയെ കൃത്യമായി എടുത്തുകാണിക്കുന്നു. അതിരാവിലെ പോയാലേ ടോക്കൺ കിട്ടൂ എന്നതിനാലാണ് അഞ്ചിനുതന്നെ ദിനപാലൻ ഇറങ്ങിയത്. സൈക്കിളിൽ അക്ഷയ കേന്ദ്രത്തിലെത്തും മുൻപ് തളർച്ച അനുഭവപ്പെടുകയും തുടർന്നു മരിക്കുകയുമായിരുന്നു. 

പലയിടത്തും കെട്ടിടങ്ങളുടെ ഉയർന്ന നിലകളിലാണ് അക്ഷയ പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ എത്താൻ ബുദ്ധിമുട്ടുള്ളവർക്കായി താഴത്തെ നിലയിൽ സംവിധാനം ഒരുക്കണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും  അത് ഉറപ്പുവരുത്തേണ്ടതുണ്ട്. തിരക്കിന് ആനുപാതികമായി വയേ‍ാധികർ, ഭിന്നശേഷിക്കാർ, കിടപ്പുരേ‍ാഗികൾ എന്നിവർക്കായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഗുണഭേ‍ാക്താക്കൾക്കു കുടിക്കാനുള്ള വെള്ളം, ഇരിപ്പിടം എന്നീ സൗകര്യങ്ങൾ നൽകണമെന്നും നിർദേശമുണ്ടെങ്കിലും അതെത്രത്തോളം പാലിക്കപ്പെടുന്നുണ്ട് ? 

സാങ്കേതിക പ്രശ്നങ്ങളും വ്യാപകമാണ്. വിരലടയാളവും കണ്ണിലെ കൃഷ്ണമണിയും സ്കാൻ ചെയ്തെടുക്കാനാവാത്തതാണു മുഖ്യപ്രശ്നം. പ്രായമേറിയവരും കണ്ണിൽ ശസ്ത്രക്രിയ നടത്തിയവരുമാണ് ഈ പ്രശ്നം പ്രധാനമായും നേരിടുന്നത്. ഇവർക്കു മസ്റ്ററിങ് പൂർത്തീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഗസറ്റഡ് ഓഫിസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് വഴി തദ്ദേശസ്ഥാപന സെക്രട്ടറിക്കു മസ്റ്ററിങ് നടത്തിക്കൊടുക്കാമെന്ന സർക്കാർ നിർദേശം പാലിക്കപ്പെടണം. മസ്റ്ററിങ് കേന്ദ്രങ്ങളിലെ തിരക്കു കുറച്ച്, പെൻഷൻ ഗുണഭേ‍ാക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അക്ഷയയുടെ സഹായത്തേ‍ാടെ തദ്ദേശസ്ഥാപനങ്ങൾ ക്യാംപുകൾ സംഘടിപ്പിക്കുന്നതു വ്യാപകമാക്കുകയും പരാതിരഹിതമാക്കുകയും വേണം

ഇപ്പോഴത്തെ സാഹചര്യത്തിൽ, ഡിസംബർ പതിനഞ്ചിനുള്ളിൽ മുഴുവൻ പെൻഷൻകാരുടെയും മസ്റ്ററിങ് സുഗമമായി പൂർത്തിയാക്കാൻ കഴിയുമോ എന്നു സംശയമുണ്ട്. അതുകൊണ്ടുതന്നെ, മുതിർന്ന പൗരന്മാർക്കു സൗകര്യപ്രദമായി മസ്റ്ററിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീയതി ഇനിയും നീട്ടിക്കൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com