ADVERTISEMENT

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പു ഫലം ‘അവിയൽ പരുവത്തിലാകുമോ’ എന്ന ആശങ്കയിലാണു ജനങ്ങൾ. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ ഭരണകക്ഷിയായ ബിജെപിക്ക് ആശങ്കയും മഹാസഖ്യത്തിനു പ്രതീക്ഷയും പകരുന്നുണ്ട്. ജാർഖണ്ഡിൽ ബിജെപിയുടെ ഏക സഖ്യകക്ഷിയായിരുന്ന ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) സഖ്യം വിട്ടതിനൊപ്പം, പ്രതിപക്ഷത്തു മഹാസഖ്യം രൂപമെടുത്തതും ബിജെപിക്കു ഭീഷണിയാണ്.

എജെഎസ്‌യുവിനു പുറമേ, ബാബുലാൽ മറാണ്ടിയുടെ ജാർഖണ്ഡ് വികാസ് മോർച്ചയും സഖ്യമില്ലാതെ മത്സരരംഗത്തുണ്ട്. ബിഹാർ നിയമസഭയിൽ അക്കൗണ്ട് തുറന്നതിന്റെ ആവേശത്തിൽ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം മുസ്‌ലിം വോട്ട് നിർണായകമായ 20 മണ്ഡലങ്ങളിൽ മത്സരിക്കുന്നതും ഫലത്തെ സ്വാധീനിച്ചേക്കാം. ജാർഖണ്ഡിലുണ്ടായ ആൾക്കൂട്ടക്കൊലകളിൽ മുഖ്യധാരാ പാർട്ടികളുടെ നിസ്സംഗത ചൂണ്ടിക്കാട്ടിയാണ് ഉവൈസിയുടെ പാർട്ടി ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത്. 

ബിജെപിക്കോ മഹാസഖ്യത്തിനോ കേവല ഭൂരിപക്ഷം തികയ്ക്കാനാകാത്ത സാഹചര്യമുണ്ടായാൽ എന്തും സംഭവിക്കാം. സ്വതന്ത്ര എംഎൽഎയായിരുന്ന മധു കോഡ വരെ മുഖ്യമന്ത്രിക്കസേരയിലിരുന്ന ചരിത്രം ജാർഖണ്ഡിനുണ്ട്. 

നേതാക്കൾക്ക് പിരിമുറുക്കം

തുടർഭരണം മോഹിക്കുന്ന ബിജെപി മുഖ്യമന്ത്രി ‍രഘുബർ ദാസും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ജെഎംഎം നേതാവ് ഹേമന്ത് സോറനും ആകെ പിരിമുറുക്കത്തിലാണ്. രഘുബർദാസിന്റെ സിറ്റിങ് സീറ്റായ ജംഷഡ്പുർ ഈസ്റ്റിൽ ബിജെപി വിമതനായി സരയൂ റായി മത്സരിക്കാനെത്തിയതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണു സരയൂ റായി മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർഥിയായത്.

രഘുബർദാസിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണത്തിനെത്തുന്നത് മത്സരച്ചൂടു വെളിവാക്കുന്നു. പ്രമുഖനായ വിമതൻ കളത്തിലിറങ്ങുമ്പോൾ ബിജെപി വോട്ടുകൾ വിഭജിക്കപ്പെടുമെന്നും നേട്ടം കൊയ്യാമെന്നുമാണ് മഹാസഖ്യത്തിന്റെ കണക്കുകൂട്ടൽ.

കോൺഗ്രസിലെ ഗൗരവ് വല്ലഭ് ആണ് അവരുടെ സ്ഥാനാർഥി.ഹേമന്ത് സോറൻ ഇക്കുറിയും രണ്ടു സീറ്റിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ധുംകയിലും ബാർഹെതിലും മത്സരിച്ച അദ്ദേഹം ധുംകയിൽ പരാജയപ്പെട്ടിരിരുന്നു. ഇത്തവണയും മണ്ഡലങ്ങളിൽ മാറ്റമില്ല.

അയോധ്യയും വിഷയം 

തിരഞ്ഞെടുപ്പു പോരു മുറുകിയതോടെ ബിജെപി വീണ്ടും അയോധ്യ പ്രചാരണ വിഷയമാക്കുന്നു. താരപ്രചാരകനായ യോഗി ആദിത്യനാഥ് രാമക്ഷേത്രനിർമാണത്തിനുള്ള സുപ്രീം കോടതി വിധി ബിജെപിയുടെ വിജയമായി അവതരിപ്പിച്ചാണു പ്രചാരണം നടത്തുന്നത്.

രാമക്ഷേത്ര നിർമാണം കാണാനായി ജനങ്ങളെ അയോധ്യയിലേക്കു ക്ഷണിച്ച് ഹിന്ദുത്വവികാരമുണർത്തിയാണ് യോഗിയുടെ പ്രസംഗങ്ങൾ. ബിജെപിയുടെ പ്രചാരണയോഗങ്ങളിൽ വീണ്ടും ജയ് ശ്രീറാം വിളികൾ ആവേശമുണർത്തുന്നുണ്ട്. രാമക്ഷേത്ര നിർമാണം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എത്രത്തോളം അനുകൂലമാകുമെന്നതിന്റെ ടെസ്റ്റ് ഡോസാകും ജാർഖണ്ഡ് ഫലം. 

ആദിവാസികൾ ആർക്കൊപ്പം? 

ജാർഖണ്ഡ് നിയമസഭയിലെ 81 സീറ്റുകളിൽ ആദിവാസിമേഖലയിലെ 28 സീറ്റുകളാകും നിർണായകം. ജനസംഖ്യയിൽ 27% വരുന്ന ആദിവാസിസമൂഹം ആർക്കൊപ്പമെന്നതു ഫലത്തെ സ്വാധീനിക്കും. കഴിഞ്ഞ തവണ ആദിവാസി മേഖലയിൽ ജെഎംഎമ്മിനു 13 സീറ്റും ബിജെപിക്ക് 11 സീറ്റുമാണു കിട്ടിയത്.

ഗോത്രവർഗക്കാരനല്ലാത്ത ബിജെപി മുഖ്യമന്ത്രി രഘുബർ ദാസിനോട് ആദിവാസികൾക്കു താൽപര്യക്കുറവുണ്ടെന്നാണു സൂചനകൾ. ഈയിടെ രഘുബർദാസിന്റെ പ്രസംഗത്തിലുണ്ടായ അമളി ഇതിന് ആക്കം കൂട്ടുന്നുമുണ്ട്. ജാർഖണ്ഡിനെ പ്ലാസ്റ്റിക് മുക്തമാക്കും എന്നതിനു പകരം, നാവു പിഴച്ച് ആദിവാസി മുക്തമാക്കുമെന്നു പറഞ്ഞത് എതിരാളികൾ ആയുധമാക്കിക്കഴിഞ്ഞു. ഗോത്രവർഗക്കാരനായ മുഖ്യമന്ത്രി വരട്ടെ എന്നതാണ് ആദിവാസിമേഖലയിൽ ജെഎംഎമ്മിന്റെ പ്രചാരണായുധം. 

മാവോയിസ്റ്റുകളുടെ മാറ്റം

പാർലമെന്ററി ജനാധിപത്യത്തോടുള്ള വിയോജിപ്പു കാരണം തിരഞ്ഞെടുപ്പു ബഹിഷ്കരണ ആഹ്വാനം  പതിവാക്കിയിരുന്ന സിപിഐ (മാവോയിസ്റ്റ്) ഇത്തവണ നിലപാടു മാറ്റിയതു ശ്രദ്ധേയമായി. മുഖ്യശത്രു ആർഎസ്എസും ബിജെപിയുമാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് തിരഞ്ഞെടുപ്പിൽ ബിജെപി ഇതര പാർട്ടികളെ സഹായിക്കാനുള്ള തീരുമാനം. രാജ്യം നേരിടുന്ന ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയും മത ഫാഷിസവും നേരിടാനാണ് നിലപാടു മാറ്റമെന്നാണു വിശദീകരണം. 

എന്തുകൊണ്ട് ഞങ്ങൾ? ബിജെപി പറയുന്നു:

∙ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരിക്കുന്നതിന്റെ ഡബിൾ എൻജിൻ ശക്തി.

∙ ജാർഖണ്ഡിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കു വിരാമമിട്ടു കാലാവധി തികച്ച സർക്കാർ

ഉറപ്പുനൽകുന്ന ഭരണസ്ഥിരത.

∙ അഴിമതി സംസ്ഥാനമെന്ന ദുഷ്പേര് മാറ്റി

∙ വികസന പദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു

∙ മാവോയിസ്റ്റ് ആക്രമണങ്ങൾ കുറച്ചു.

മഹാസഖ്യം പറയുന്നു

∙ 13,000 പ്രാഥമിക വിദ്യാലയങ്ങൾ അടച്ചു പൂട്ടിയും സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ചും സർക്കാർ വിദ്യാർഥികളെ ദ്രോഹിച്ചു.

∙ തദ്ദേശവാസികൾക്കു മാത്രം സർക്കാർ ജോലി ലഭിച്ചിരുന്ന നയം മാറ്റി; മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സർക്കാർ ജോലികളിലെത്തുന്നു.

∙ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 

∙ ഭൂമി ഏറ്റെടുക്കൽ നയത്തിൽ തദ്ദേശവാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ല.

∙ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് ആദിവാസികളെയും ഗ്രാമീണരെയും വ്യാജ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തുന്നു.ക്രമസമാധാന നില പരിതാപകരം. ആൾക്കൂട്ടക്കൊലകൾ വർധിക്കുന്നു.

നേതാക്കൾ കരുത്തളക്കുമ്പോൾ- മുഖ്യമന്ത്രി സ്ഥാനാർഥികളുടെ ശക്തിദൗർബല്യങ്ങൾ

രഘുബർ ദാസ് ‌(ബിജെപി) ശക്തി-

‌∙ജാർഖണ്ഡിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയെന്ന ഖ്യാതി.

∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും ഉറച്ച പിന്തുണ.

∙ പ്രചാരണത്തിനു കേന്ദ്ര നേതാക്കളുടെ വൻ പട.

∙ ബിജെപിയുടെ സംഘടനാ ശക്തി, ധനശേഷി.

∙ മുഴുവൻ സീറ്റുകളിലും ബിജെപി മത്സരിക്കുന്നതിനാൽ, കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും

ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യത.

ദൗർബല്യം

∙ ആദിവാസി സമൂഹത്തിന്റെ വിശ്വാസമാർജിക്കാനായില്ല.

∙ അഞ്ചു വർഷത്തെ ഭരണത്തിനു ശേഷവും ബിജെപി സംസ്ഥാന ഘടകത്തിൽ പിടിമുറുക്കാനായില്ല

ഹേമന്ത് സോറൻ (ജെഎംഎം) ശക്തി

‌∙ മുൻ മുഖ്യമന്ത്രിയെന്ന നിലയിലെ ഭരണപരിചയം.

∙ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ സ്വാധീനം.

∙ ഗോത്രവർഗ നേതാവ്, ആദിവാസി മേഖലകളിലെ സ്വാധീനം.

∙ പ്രതിപക്ഷത്തിരിക്കെ ജനകീയ വിഷയങ്ങൾ ഉയർത്തി ജനത്തിനൊപ്പം നിലയുറപ്പിച്ചതിന്റെ പിൻബലം.

∙ യുവാക്കൾക്കിടയിലെ സ്വീകാര്യത.

ദൗർബല്യം

∙ ജാർഖണ്ഡിലെ പാർട്ടികൾക്കുള്ളിലും ജനപ്രതിനിധികൾക്കിടയിലുമുള്ള കൂറുമാറ്റ പ്രവണത.

∙ മികച്ച ഭൂരിപക്ഷമില്ലാത്ത സർക്കാരുകൾ അട്ടിമറിക്കപ്പെട്ട ജാർഖണ്ഡിന്റെ രാഷ്ട്രീയ ചരിത്രം.

ആകെ സീറ്റ്: 81

ബിജെപി: 37

ജെഎംഎം: 19

ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് 

യൂണിയൻ (എജെഎസ്‌യു): 5

ജാർഖണ്ഡ് വികാസ് മോർച്ച – 

പ്രജാതന്ത്രിക് (ജെവിഎം –പി): 8

കോൺഗ്രസ്: 6

ബിഎസ്പി: 1

സിപിഐ (എംഎൽ) ലിബറേഷൻ: 1

ജയ് ഭാരത് സമതാ പാർട്ടി: 1

ജാർഖണ്ഡ് പാർട്ടി: 1

മാർക്‌സിസ്‌റ്റ് 

കോഓർഡിനേഷൻ കമ്മിറ്റി: 1

നവ്ജവാൻ സംഘർഷ് മോർച്ച: 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com