sections
MORE

തിളങ്ങണം, ശോച്യാവസ്ഥയിലുള്ള സ്കൂളുകളും: എൻ. എസ്. മാധവൻ

thalsamayam
SHARE

പിണറായി സർക്കാർ തിളങ്ങുന്നത് രണ്ടു രംഗങ്ങളിലാണ് – വിദ്യാഭ്യാസവും ആരോഗ്യവും. ദേശീയതലത്തിൽ പോലും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ് ഈ മേഖലകളിലെ ഇടതു സർക്കാരിന്റെ പ്രവർത്തനം. ആദ്യം സ്കൂളുകളുടെ കാര്യമെടുക്കുക; അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അവ കുതിച്ചുചാട്ടം തന്നെ നടത്തി. 

4752 സർക്കാർ അഥവാ എയ്ഡഡ് സ്കൂളുകളിൽ 45,000 ഹൈടെക് ക്ലാസ്മുറികൾ നിർമിച്ചു. ഓരോ ക്ലാസ്മുറിയിലും ലാപ്ടോപ്, മൾട്ടി മീഡിയ പ്രൊജക്ടർ, ഹൈ സ്പീഡ് ഇന്റർനെറ്റ് തുടങ്ങിയവ സജ്ജീകരിച്ചു. ഇതുപോലെ തന്നെയാണ് ആരോഗ്യരംഗത്തും ഈ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ. ബജറ്റ് വിഹിതം നന്നായി വർധിപ്പിച്ചു. നിപ്പ വൈറസിനെ കേരളം നേരിട്ട രീതി ആഗോളതലത്തിൽത്തന്നെ പഠനവിധേയമാണ്. ഏറ്റവും ശ്ലാഘനീയം, സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ്. ആരോഗ്യരംഗത്ത് ഏറ്റവും ഉന്നത ഗുണനിലവാരം പുലർത്തുന്നതിനുള്ള എൻക്യുഎഎസ് അക്രഡിറ്റേഷൻ ലഭിച്ചത് 55 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കാണ്.

ഒറ്റ പാമ്പുകടിയിൽ ഈ തിളങ്ങുന്ന നേട്ടങ്ങൾക്കു മങ്ങലേറ്റിരിക്കുന്നു. കേരള നമ്പർ വൺ എന്നു പ്രചാരണം നടത്തിയ സർക്കാരിനെ ആരോഗ്യ – വിദ്യാഭ്യാസരംഗങ്ങളെക്കുറിച്ച് ഇതുവരെ നിശ്ശബ്ദരായിരുന്ന രാഷ്ട്രീയശത്രുക്കൾ തിരിഞ്ഞുകൊത്തുന്നു. വയനാട്ടിലെ ബത്തേരിയിലെ സർവജന സ്കൂളിലെ ഷെഹ്‌ലയുടെ ദാരുണമരണം, ഒറ്റ വാക്കിൽ പറഞ്ഞാൽ, ഒഴിവാക്കാവുന്നതായിരുന്നു. ഹൈടെക് ക്ലാസ് മുറികൾക്കൊപ്പം – പകരമായിട്ടല്ല – ഇത്തരം പാമ്പുകൾക്കു മാളമൊരുക്കുന്ന, ശോച്യാവസ്ഥയിൽ കിടക്കുന്ന സ്കൂളുകളിലേക്കും അടിയന്തരശ്രദ്ധ പതിയേണ്ടിയിരുന്നു. വിദ്യാഭ്യാസ വകുപ്പു തന്നെ ഇതിനു മുൻകയ്യെടുക്കേണ്ടിയിരുന്നു. കാരണം, സംഭവത്തിലേക്കു നയിച്ചത് ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ തുടങ്ങിയവരുടെ നിഷ്ക്രിയത്വമാണല്ലോ.

ഇതിലും ഗുരുതരമാണ് ഷെഹ്‌ലയ്ക്കു ചികിത്സ നിഷേധിക്കപ്പെട്ടത്. പാമ്പുകടിയാണെന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ഥിരീകരിച്ചിട്ടും അവിടെ ചികിത്സിക്കാതിരുന്നത് വെന്റിലേറ്ററിന്റെ അഭാവത്താലാണെന്നാണു വിശദീകരണം. ആരോഗ്യരംഗം പ്രവർത്തിക്കുന്നതുതന്നെ ശക്തമായ റഫറൽ വ്യവസ്ഥയിലൂടെയാണ്. താഴേക്കിടയിലെ ആശുപത്രികളിൽ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും കാണണമെന്നില്ല. എന്നാൽ, അവ വിദൂരമല്ലാത്ത സ്ഥലത്തു പ്രാപ്യമായിരിക്കണം. 

വയനാട്ടിലെ രോഗികൾക്ക്, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കും പിന്നിട്ട്, കോഴിക്കോട് മെഡിക്കൽ കോളജിലേക്കാണു ശീട്ട് എഴുതുന്നതെങ്കിൽ, ആ ശീട്ട് മരണവാറന്റാണ്. സൗകര്യങ്ങൾ ജില്ലാതലത്തിലെങ്കിലും ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതു ചെയ്യുന്നതുവരെ എയർ ആംബുലൻസ് പോലുള്ള ദ്രുതഗതാഗത മാർഗങ്ങളെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഓർക്കുക, കേരളത്തിന്റെ മൂന്നിലൊരു ഭാഗം പർവതപ്രദേശമാണ്.

മഹാരാഷ്ട്രയിലെ മുക്കൂട്ടു മുന്നണി 

ശിവസേന, എൻസിപിയും കോൺഗ്രസുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നതിന്റെ വൈരുധ്യത്തിനു ചരിത്രപരമായി വലിയ പുതുമയൊന്നും ഇല്ല. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ ആശയപരമായ കടുംപിടിത്തങ്ങൾ ഒരുകാലത്തും ഉണ്ടായിരുന്നില്ലെന്നു കാണാം. ഇതാദ്യമായി സംഭവിച്ചത് 1967ലെ പൊതുതിരഞ്ഞെടുപ്പിലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ആ തിരഞ്ഞെടുപ്പു വരെ കോൺഗ്രസ് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മൂടിചൂടാമന്നന്മാർ തന്നെയായിരുന്നു. ഈയിടെ പാതിരാ അട്ടിമറിയിലൂടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയ ബിജെപിയെക്കാൾ കൂടുതൽ അഹങ്കാരികളായിരുന്നു അന്നത്തെ കോൺഗ്രസുകാർ എന്നുവേണമെങ്കിൽ പറയാം. ഏതു ‘ലാംപ് പോസ്റ്റിനെ’ പിടിച്ചു കോൺഗ്രസ് സ്ഥാനാർഥിയാക്കിയാലും ജയിക്കും എന്നുവരെ വീമ്പടിച്ചവർ ഉണ്ടായിരുന്നു.

എന്നാൽ, 1967ലെ തിരഞ്ഞെടുപ്പ് മാറ്റത്തിന്റെ തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കുറവ് സീറ്റുകളോടെ (284) കോൺഗ്രസ് കേന്ദ്രത്തിൽ ഭരണം കയ്യാളിയെങ്കിലും ബിഹാർ, യുപി, രാജസ്ഥാൻ, പഞ്ചാബ്, ബംഗാൾ, ഒഡീഷ, മദ്രാസ് (തമിഴ്നാട്), കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർക്കു ഭരണം നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിൽ വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും വിമതശല്യം കാരണം അവർക്കു ഭരണം നഷ്ടപ്പെട്ടു. പല സംസ്ഥാനങ്ങളിലും സംയുക്ത വിധായക് ദൾ ഭരണത്തിലെത്തി. 

ആശയപരമായി ഏറെ വൈജാത്യമുള്ള ചരൺ സിങ്ങിന്റെ ബികെഡിയും ലോഹ്യ സോഷ്യലിസ്റ്റുകളുടെ എസ്എസ്പിയും വലതുപക്ഷ പാർട്ടിയായ സ്വതന്ത്ര പാർട്ടിയും ഹിന്ദുത്വത്തിൽ വിശ്വസിച്ചിരുന്ന ജനസംഘവും കോൺഗ്രസ് വിമതരും പ്രാദേശിക പാർട്ടികളുമായിരുന്നു സംയുക്ത വിധായക് ദൾ സർക്കാരുകളിലെ ഘടകകക്ഷികൾ. കോൺഗ്രസിനെ ഭരണത്തിൽനിന്നു മാറ്റിനിർത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കോൺഗ്രസിനു പകരം ബിജെപിയെ ഭരണത്തിൽനിന്നു മാറ്റിനിർത്തുക എന്നതാണ് മഹാരാഷ്ട്രയിലെ മുക്കൂട്ടു മുന്നണിയുടെ ലക്ഷ്യം. ആ രീതിയിൽ ശിവസേന, എൻസിപി, കോൺഗ്രസ് സർക്കാർ പഴയ സംയുക്ത വിധായക് ദളിനെ ഓർമിപ്പിക്കുന്നു. ആ സർക്കാരുകളൊന്നും ദീർഘകാലം നീണ്ടുനിന്നില്ല. യുപിയിൽ മുഖ്യമന്ത്രിയായ ചരൺസിങ്ങും ഭരണത്തിൽ പങ്കാളിയായിരുന്ന മുലായംസിങ് യാദവ് തുടങ്ങിയ ലോഹ്യ സോഷ്യലിസ്റ്റുകളും ആശയപരമായി അസംബ്ലിക്ക് അകത്തും പുറത്തും ഏറ്റുമുട്ടി. 

സംയുക്ത വിധായക് ദൾ സർക്കാരുകൾ അൽപായുസ്സുക്കളായിരുന്നെങ്കിലും അവയിൽനിന്നാണു കോൺഗ്രസിന്റെ ക്ഷയത്തിന്റെ തുടക്കം. ഇതു സത്യാനന്തരകാലമാണെന്നു പറയപ്പെടുന്നു. ഒപ്പം, ഈ കാലഘട്ടം പ്രത്യയശാസ്ത്രങ്ങൾക്ക് അപ്പുറമാണോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

 സൈബർ ശിലാലിഖിതങ്ങൾ

ശാന്തനും സൽസ്വഭാവിയെന്നും കരുതുന്ന അയൽക്കാരനെപ്പറ്റി, നിങ്ങൾ ഗൂഗിളിൽ തപ്പാനിടയായി എന്നു കരുതുക. അധികം അന്വേഷണ ഫലങ്ങളൊന്നും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും കിട്ടിയ ഫലങ്ങളുടെ കൂട്ടത്തിലൊന്നിൽ നിങ്ങളുടെ കണ്ണുടക്കുന്നു. നിങ്ങൾ അന്ധാളിക്കുന്നു: അയൽക്കാരൻ മൂന്നര പതിറ്റാണ്ടു മുൻപ് കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിരുന്നു! നിങ്ങൾ മറ്റുള്ളവരുമായി ആ വിവരം പങ്കുവയ്ക്കുന്നു. അയൽക്കാരന്റെ സ്വൈരജീവിതം ദുസ്സഹമാകാൻ തുടങ്ങുന്നു...

‘മറക്കപ്പെടാനുള്ള അധികാര’ത്തെക്കുറിച്ചുള്ള ചർച്ച യൂറോപ്പിൽ സജീവമായി നടക്കുന്ന കാലമാണിത്. ഡിജിറ്റൽ യുഗത്തിൽ പല വിവരങ്ങളും കരിങ്കല്ലിൽ കൊത്തിവച്ച പോലെയാണ് ഇന്റർനെറ്റിൽ സൂക്ഷിക്കപ്പെടുന്നത്. ഈ സൈബർ ശിലാലിഖിതങ്ങൾ സ്മൃതിനാശം അനുവദിക്കുന്നില്ലെന്ന സത്യം പൊതുമണ്ഡലത്തിൽ ജീവിക്കുന്നവർക്കു താക്കീതായിരിക്കാം. എന്നാൽ, അതു സാധാരണക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു. യൂറോപ്യൻ യൂണിയനും ഗൂഗിളും തമ്മിൽ ഇക്കാര്യത്തിൽ തർക്കിക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി.

കഴിഞ്ഞ ബുധനാഴ്ച ജർമനിയിലെ പരമോന്നത ഭരണഘടനാ കോടതി ‘മറക്കപ്പെടാനുള്ള അധികാരത്തെ’ക്കുറിച്ചു ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചു. കേസിനാധാരമായ സംഭവം ഇങ്ങനെ: 1982ൽ കരീബിയൻ കടലിലൂടെ സഞ്ചരിച്ചിരുന്ന ഒരു നൗകയിൽ രണ്ടുപേരെ വെടിവച്ചു കൊല്ലുകയും ഒരാളെ പരുക്കേൽപിക്കുകയും ചെയ്ത കേസിൽ ഒരു വ്യക്തി തടവിനു ശിക്ഷിക്കപ്പെട്ടു. 1999ൽ ജർമനിയിലെ പ്രശസ്ത വാർത്താവാരികയായ ‘ദെർ സ്പൈഗെൽ’ കുറ്റവാളിയുടെ പേരും പൂർണവിവരങ്ങളും അടങ്ങുന്ന 3 റിപ്പോർട്ടുകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തു. ലളിതമായ ഒരു ഗൂഗിൾ സെർച്ചിൽ ഈ റിപ്പോർട്ടുകൾ വായനക്കാർക്കു ലഭിച്ചിരുന്നു.

2002ൽ ജയിൽവാസം കഴിഞ്ഞിറങ്ങിയ വ്യക്തി, ഈ റിപ്പോർട്ടുകളുടെ ലഭ്യത അയാളുടെ അധികാരങ്ങളെയും ‘വ്യക്തിത്വം വികസിപ്പിക്കാനുള്ള കഴിവിനെയും’ ഹനിക്കുന്നുവെന്നു പറഞ്ഞ് സംസ്ഥാന കോടതിയെ സമീപിച്ചു. സംസ്ഥാന കോടതി കേസ് തള്ളി. ആ കേസിന്റെ അപ്പീലിലാണു ഭരണഘടനാ കോടതി അയാൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. റിപ്പോർട്ടുകൾ ലഭിക്കാനുള്ള സാധ്യത വളരെ പരിമിതപ്പെടുത്താൻ കോടതി വാരികയോടു നിർദേശിച്ചു.

ഈ സൈബർ കാലഘട്ടത്തിന്റെ സങ്കീർണത മുഴുവനും ‘മറക്കപ്പെടാനുള്ള അധികാരത്തെ’ സംബന്ധിച്ചു നടക്കുന്ന വിവാദങ്ങളിൽ അനാവൃതമാകുന്നു. പൊതുതാൽപര്യവും വ്യക്തിയുടെ സ്വകാര്യതയും കെട്ടുമറിഞ്ഞു കിടക്കുന്ന ‘മറക്കപ്പെടാനുള്ള അധികാരം’ എന്ന വിഷയത്തിലെ അവസാന വാക്ക് കേൾക്കാനിരിക്കുന്നതേയുള്ളൂ.

സ്കോർപ്പിയൺ കിക്ക്: മഹാരാഷ്ട്ര ‌സർക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ ആദ്യത്തെ ഇനം: മതനിരപേക്ഷത. 

ശിവസേനാ കടുവയുടെ വരകൾ മായുന്നു?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA