ADVERTISEMENT

യുക്രൈനിലെ ആയുധനിർമാണശാലയിൽ കാർഷികോപകരണങ്ങളുടെ നിർമാണം തുടങ്ങിയ വാർത്ത പുറത്തുവന്നതു സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷമാണ്. ഈ വാർത്ത വായിച്ചു ചെന്നൈയിൽനിന്ന് ഒരു പത്രപ്രവർത്തകൻ അക്കിത്തത്തെ വിളിച്ചു. തുടങ്ങിയതു നാലുവരി കവിതയിൽ: 

‘തോക്കിനും വാളിനും വേണ്ടി

ചെലവിട്ടോരിരുമ്പുകൾ 

ഉരുക്കി വാർത്തെടുക്കാവൂ

ബലമുള്ള കലപ്പകൾ’.

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കാവ്യത്തിൽ പതിറ്റാണ്ടുകൾക്കു മുൻപെഴുതിയ വരികൾ വീണ്ടും കേട്ടപ്പോൾ അക്കിത്തം ചിരിച്ചു. തുടർന്നാണ് ആയുധങ്ങളുടെ നിർമാണത്തിനു ചെലവിട്ട ലോഹം ഉരുക്കി യുക്രെയിനിൽ കാർഷികോപകരണങ്ങളുണ്ടാക്കാൻ തുടങ്ങിയ വിവരം പത്രപ്രവർത്തകൻ കവിയെ ധരിപ്പിക്കുന്നത്. ‘ഉവ്വോ’ എന്നൊരദ്ഭുതം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഇതാണു ക്രാന്തദർശിത്വം. ഋഷിതുല്യനായ കവിയെ വണങ്ങാൻ നേരിട്ടെത്താമെന്നു പറഞ്ഞ ആരാധകനോടു വിനയാന്വിതനായി നന്ദി പറഞ്ഞു അക്കിത്തം. 

 രവിവർമയെപ്പോലെ കരിക്കട്ടയിൽ

രാജാരവിവർമ ചിത്രംവര പഠിച്ചത് കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരിലായിരുന്നെങ്കിൽ അക്കിത്തം ചിത്രമെഴുതിയതും ആദ്യ കവിത കുറിച്ചതും ഹരിമംഗലം ക്ഷേത്രഭിത്തിയിലായിരുന്നു. രണ്ടു പേരുടെയും തൂലിക കരിക്കട്ട. 

അരയിൽ കറുത്ത ചരടും വെളുത്ത കോണകവും ഉടുത്ത പെണ്ണിന്റെ ചിത്രം കണ്ട്, കുളിക്കാൻ വന്ന പെണ്ണുങ്ങൾ ചിരിച്ചപ്പോൾ സ്വന്തം ചിത്രമാണെന്നു ധരിച്ച് എമ്പ്രാന്തിരിയമ്മ തേങ്ങിക്കരഞ്ഞു. ഇതു കണ്ട് അക്കിത്തത്തു മനയ്‌ക്കൽ അച്യുതനുണ്ണിക്കും സങ്കടം വന്നു. അതോടെ ചിത്രം വരയ്ക്കൽ നിർത്തി. 

പിന്നീട് വികൃതിക്കുട്ടികൾ അമ്പലഭിത്തിയിൽ കുത്തിവരച്ചതു കണ്ടപ്പോൾ  അതിനെതിരായ രോഷം ആദ്യ കവിതയായി ചുമരിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ശ്രദ്ധ വാങ്മയ ചിത്രങ്ങളിൽ മാത്രമായി. അനുജൻ അക്കിത്തം നാരായണൻ വരയുടെ ലോകത്ത് വിളങ്ങുകയും ചെയ്തു.   

 അക്കിത്തം ‘സരോജിനി’

തേഡ് ഫോറത്തിൽ പഠിക്കുന്ന കാലത്ത് കുട്ടിക്കൃഷ്ണമാരാർക്ക് അക്കിത്തം കവിത അയച്ചുകൊടുത്തു. ഒരെണ്ണം പ്രസിദ്ധപ്പെടുത്തിയെങ്കിലും പിന്നീട് അയച്ചതൊന്നും വെളിച്ചം കണ്ടില്ല. അപ്പോഴാണ് ഒരു സുഹൃത്തിന്റെ ഉപദേശം: ‘പെണ്ണുങ്ങളുടെ പേരുവച്ച് അയയ്ക്കൂ. നല്ല പ്രോത്സാഹനം കിട്ടും.’ സംസ്കൃതത്തിൽനിന്ന് ഒരു കവിത തർജമ ചെയ്തു കെ.എസ്.സരോജിനി എന്ന പേരിൽ അക്കിത്തം മാരാർക്കയച്ചു. താനൊരു ദരിദ്ര വിദ്യാർഥിനിയാണെന്നും ദയവായി കവിത പ്രസിദ്ധീകരിക്കണമെന്നുമുള്ള അഭ്യർഥനയും ആമുഖമായുണ്ടായിരുന്നു.

സൂത്രം ഫലിച്ചു. കവിത പ്രസിദ്ധീകരിക്കപ്പെട്ടു. കെ.എസ്.സരോജിനി ആരാണെന്നു ശൂലപാണി വാരിയരോടും മറ്റും മാരാർ തിരക്കിയിരുന്നതായി പിന്നീട് അക്കിത്തം അറിഞ്ഞു. സത്യം വെളിപ്പെടുത്തണമെന്നു പലകുറി ചിന്തിച്ചെങ്കിലും അതിനു ധൈര്യം കിട്ടിയില്ല. മാരാരുടെ മരണശേഷമാണ് ഇക്കാര്യം കവി വെളിപ്പെടുത്തിയത്. അക്കിത്തത്തിന്റെ ഇരുപത്തിരണ്ട് ശ്ലോകം വായിച്ച് ഒരു ശ്ലോകത്തിൽ കവിതയുണ്ട് എന്നു പിശുക്കി പ്രശംസിച്ചയാളാണല്ലോ മാരാർ. 

പേരിട്ടത് ചങ്ങമ്പുഴ

അക്കിത്തത്തിന്റെ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയ കഥ രസകരമാണ്. 1944ലാണു സംഭവം. പേരൊന്നുമിടാതെ പത്തു കവിതകൾ തുന്നിക്കെട്ടി തൃശൂരിലെ മംഗളോദയം പ്രസിലേക്ക് അയയ്ക്കുകയായിരുന്നു. ഏറെ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. ഇക്കഥയൊക്കെ മറന്നു യോഗക്ഷേമസഭ വാർഷികത്തിനു തൃശൂരിൽ ചെല്ലുമ്പോൾ ബുക്ക് സ്റ്റാളിൽ ഒരു കവിതാസമാഹാരം. ‘വീരവാദം– അക്കിത്തം അച്യുതൻ നമ്പൂതിരി.’ അമ്പരപ്പോടെ പുസ്തകമെടുത്ത് എട്ടണ വില കൊടുത്തു വാങ്ങി. മംഗളോദയത്തിലുണ്ടായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയാണു പുസ്തകത്തിനു പേരിട്ടതെന്ന് പിന്നീടാണറിഞ്ഞത്. 

 മുറുക്കുന്ന കവിത 

സി.രാധാകൃഷ്ണന്റെ ‘പുഴ മുതൽ പുഴ വരെ’ എന്ന നോവലിൽ 29, 30 അധ്യായങ്ങളിൽ അക്കിത്തം, അക്കിത്തമായിട്ടുതന്നെ കഥാപാത്രമാണ്. ആകാശവാണി അനുഭവമാണു രചനയുടെ അടിസ്ഥാനം. ‘ഞാനാരാണെന്ന് എനിക്കുതന്നെ അറിയില്ല. പേര് അക്കിത്തം അച്യുതൻ നമ്പൂതിരി’യെന്നാണു നോവലിൽ അക്കിത്തം പരിചയപ്പെടുത്തുന്നത്. 

വെറ്റിലമുറുക്കുശീലം കവിതയെഴുത്തുമായി ബന്ധപ്പെടുത്തുന്നുണ്ട് കവി. വരികൾ മനസ്സിൽ വഴിമുട്ടുമ്പോൾ, എഴുതിയും മാറ്റിയെഴുതിയും മുഷിയുമ്പോൾ ഒന്നു മുറുക്കും. ഒരുനാൾ, അക്കിത്തത്തിന്റെ വെറ്റിലമുറുക്കുശീലത്തെക്കുറിച്ച് ആരോ എന്തോ പറഞ്ഞപ്പോൾ വൈലോപ്പിള്ളി ചിരിച്ചുകൊണ്ടു പറഞ്ഞു: ‘മുറുക്കിക്കോട്ടെ.... അക്കിത്തത്തിനു മാത്രമല്ല, ആ കവിതകൾക്കുമുണ്ട് മുറുക്കും തുടുപ്പും.’

 നൂറു മേനിക്കവിത

തൃശൂർ ആകാശവാണിയിൽ ‘വയലും വീടും’ പരിപാടിയുടെ എഡിറ്ററായിരുന്നു അക്കിത്തം. ‘വയലും വീടും’ എഡിറ്റർ ജോലിയും കവിമനസ്സുമായി വലിയ ബന്ധമില്ലായിരുന്നു. ഡൈമക്രോൺ, നുവാക്രോൺ തുടങ്ങിയ കീടനാശിനികൾ പത്തു ലീറ്റർ കവിതയിൽ കലർത്തി ചെള്ളിന്റെ ബാധയുള്ള തെങ്ങിൻമണ്ടകളിൽ തളിക്കുകയായിരുന്നു അക്കിത്തം ചെയ്തിരുന്നതെന്നു സഹപ്രവർത്തകനും കവിയുമായ എസ്.രമേശൻ നായർ അനുസ്മരിക്കുന്നുണ്ട്.

ആകാശവാണിക്കു വേണ്ടി ഗാന്ധിമാർഗം പരിപാടി ഒരുക്കിയ അക്കിത്തം അതിനായി ഗാന്ധിസാഹിത്യം മുഴുവൻ വായിച്ചു. ഗാന്ധിയുടെ അന്ത്യനിമിഷങ്ങളെ അവലംബിച്ച് ‘ധർമസൂര്യൻ’ എന്ന രാഷ്ട്രീയമാനമുള്ള കാവ്യവും രചിച്ചു.

ഓരോമാതിരി ചായംമുക്കിയ

കീറത്തുണിയുടെ വേദാന്തം

കുത്തിനിറുത്തിയ മൈക്കിനു മുന്നിൽ

കെട്ടിയുയർത്തിയ മഞ്ചത്തിൽ

നിന്നു ഞെളിഞ്ഞുരുവിട്ടീടുന്നു

തങ്ങടെ കൊടിയുടെ മാഹാത്മ്യം.

എന്നെഴുതിയ കവി ആരുടെ പക്ഷത്താണെന്ന ചർച്ച ഇനിയും അവസാനിച്ചിട്ടില്ല. ചോദിച്ചാൽ ‘ഞാനൊരു രാജ്യസ്‌നേഹിയായ ഭാരതീയനാണ്’ എന്നായിരിക്കും രാഷ്‌ട്രീയ നിലപാടിനെക്കുറിച്ച് അക്കിത്തത്തിന്റെ മറുപടി. 

 അമേറ്റിക്കര മുതൽ അമേരിക്ക വരെ

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഒറ്റക്കവിതയോടെയാണു പുരോഗമനവാദികൾ കവിക്കു നേരെ നെറ്റിചുളിച്ചത്. ഒരു കാലത്ത് നാസ്തികനും വിപ്ലവകാരിയുമായിരുന്ന അക്കിത്തം തർജമ ചെയ്ത ശ്രീമഹാഭാഗവതം ക്ഷേത്രങ്ങളിലിപ്പോൾ സപ്താഹഗ്രന്ഥമാണ്. 

ഭാഗവതത്തെപ്പറ്റി അക്കിത്തത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ഭാഗവതം ഭക്‌തികാവ്യമല്ല. കാലമാണ് ഏറ്റവും വലിയ പ്രപഞ്ചസത്യം. അതാണ് ഈശ്വരൻ. ഭൗതികവാദവും ആത്മീയവാദവും ഒന്നാണ് എന്ന തത്ത്വവും ഭാഗവതത്തിലുണ്ട്. ഭാഗവതവ്യാഖ്യാനത്തിനു ശേഷം പണ്ഡിറ്റ് കൊല്ലങ്കോട് ഗോപാലൻനായരും മഹാഭാരതം വിവർത്തനത്തിനു ശേഷം കുഞ്ഞുക്കുട്ടൻ തമ്പുരാനും ഒന്നും എഴുതിയിട്ടില്ല. എഴുതാനുള്ള ഊർജത്തിനായിട്ടാണ് ഇപ്പോൾ വായിക്കുന്നത്.’ 

ആത്മകഥയെഴുതിക്കൂടേ എന്ന ചോദ്യത്തിന് ‘കവിതകൾ ഗദ്യത്തിലാക്കിയാൽ എന്റെ ജീവചരിത്രം കിട്ടും’ എന്നായിരുന്നു അക്കിത്തത്തിന്റെ മറുപടി.

അമേറ്റിക്കരയിൽനിന്ന് അമേരിക്കയിൽ ചെന്ന് നാസ സന്ദർശിച്ചു തിരികെയെത്തിയ ശേഷം കവി പറഞ്ഞതു കേൾക്കുക. ‘ആറ്റംബോംബും അണുബോംബുമുണ്ടാക്കി വച്ചിട്ടുണ്ടെങ്കിലും അവ പൊട്ടിക്കാതിരിക്കാൻ ആയിരക്കണക്കിനു പേരെ അവിടെ ശമ്പളം കൊടുത്ത് ഇരുത്തിയിട്ടുണ്ട്. അണുബോംബുള്ള എല്ലാ രാജ്യങ്ങളിലും ഇങ്ങനെയാണ്.’ മനുഷ്യസ്നേഹത്തിന്റെ കവിയാണ് അക്കിത്തം. മറ്റുള്ളവർക്കായ് കണ്ണീർക്കണം പൊഴിക്കുമ്പോൾ ഉള്ളിൽ ആയിരം സൗരമണ്ഡലമുദിക്കുന്ന കവി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com