ADVERTISEMENT

മഹാകവി അക്കിത്തത്തിലേക്ക് അതിവിശിഷ്ടമായ ജ്ഞാനപീഠ പുരസ്കാരം വന്നണയുമ്പോൾ കാവ്യാഭമാകുന്നതും മഹനീയമാകുന്നതും മലയാളമാണ്. ആരവങ്ങൾക്കും ആർഭാടങ്ങൾക്കുമിടയിൽ, വേറിട്ടുനിൽക്കുന്നൊരു കാവ്യസംസ്കാരത്തിന്റെ പേരു കൂടിയാണല്ലോ അക്കിത്തം. 

ചുമരിന്റെ വെളുപ്പും കരിക്കട്ടക്കറുപ്പും വിരലുകൾക്കു ഹരമായിരുന്ന ബാല്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് ഏതോ വികൃതിക്കുട്ടികൾ നാട്ടിലെ അമ്പലച്ചുമരുകളിൽ കുത്തിവരച്ചിട്ടതു കണ്ടുണ്ടായ വ്യസനവുമരിശവും നുരഞ്ഞുയർന്നതു വരികളായിട്ടായിരുന്നു. ഏഴര വയസ്സിൽ, അമ്പലച്ചുമരിൽ അങ്ങനെ ജീവിതത്തിലാദ്യത്തെ നാലുവരിക്കവിത കോറിയിട്ടു: 

‘അമ്പലങ്ങളിലീവണ്ണം 

തുമ്പില്ലാതെ വരയ്‌ക്കുകിൽ 

വമ്പനാമീശ്വരൻ വന്നി– 

ട്ടെമ്പാടും നാശമാക്കിടും’ 

ഒരു ബാലനിൽനിന്നു പ്രതീക്ഷിക്കാത്ത കവിത്വത്തിന്റെ ലക്ഷണങ്ങൾ അന്നേ പ്രകാശിപ്പിച്ച കവിക്ക് കവിത പിന്നീടെന്നുമുള്ള സഹയാത്രികനായി. ഇപ്പോഴിതാ, ജ്ഞാനപീഠവുമായി അദ്ദേഹം രാജ്യത്തോളമുയർന്നിരിക്കുന്നു. 

നിളച്ചന്തവും കടൽനീലിമയുമുള്ള പൊന്നാനിക്കവിത ശ്വസിച്ചെഴുതിയവരിലൊരാളായിരുന്നു അക്കിത്തവും. ആ കാവ്യനിക്ഷേപം അദ്ദേഹത്തിന്റെ കവിതകൾക്ക് അനന്യമായൊരു ആഴവും പരപ്പും നൽകി; സൗമ്യസുന്ദരമായൊരു ലാളിത്യവും. പൊന്നാനിക്കളരിയിലെ എഴുത്തിന്റെ കൂട്ടായ്മ അക്കിത്തത്തിലെ കവിത്വത്തെ ഉണർത്തുകയായിരുന്നു. എഴുത്തിന്റെ ആരംഭകാലത്താണ് ഒരുകെട്ടു കവിതയുമായി പൊന്നാനിയിൽ കവി ഇടശേരിയുടെ മുന്നിലെത്തിയത്. കവിതകൾ വായിച്ച് ഇടശേരി പറഞ്ഞു:‘‘തനിക്കു ചിരിക്കാനറിയാം; അതുകൊണ്ടുതന്നെ കരയാനും. കരയാനറിയുന്നവനേ കവിയാകാനാകൂ. തനിക്കതിനാകും...’’. കരച്ചിലിന്റെ അപാരമായ ആ കാവ്യദർശനം നേരത്തേ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്ന അക്കിത്തം അതുകേട്ടു തലകുലുക്കിയിരിക്കണം.  കണ്ണീരിനോടുള്ള അതേ ദർശനവായ്പോടെ  പിൽക്കാലത്ത് അദ്ദേഹം ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിൽ, മലയാളമുള്ള കാലത്തോളം മായാത്ത ആ വരികളെഴുതി: 

‘ഒരു കണ്ണീർക്കണം മറ്റു- 

ള്ളവർക്കായ് ഞാൻ പൊഴിക്കവേ 

ഉദിക്കയാണെന്നാത്മാവി- 

ലായിരം സൗരമണ്ഡലം’.

അദ്ദേഹത്തിന്റെ മാസ്റ്റർ പീസെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പിറന്നത് 1952ൽ; പുസ്‌തകമായത് 58ലും. മലയാള കവിതയിൽ ആധുനികതയുടെ വരവുകുറിക്കലാണ് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യസ്‌നേഹത്തിലധിഷ്‌ഠിതമായ സാമൂഹിക ജീവിതദർശനത്തിന്റെ ഉദാത്തഭാവങ്ങളാണ് ലളിതവും അഗാധവുമായ ഈ ഇതിഹാസം പ്രസരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെക്കുറിച്ച് അക്കിത്തം പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്: ‘ഇതെഴുതിയത് ഞാനല്ല, എന്നിലെ മറ്റൊരാളാണ്’. 

കുമരനല്ലൂർ അക്കിത്തത്ത് മനയുടെ വിശാലമായ പിന്നാമ്പുറത്തൊടിയിൽ കൂട്ടുകാർ കളിച്ചുതിമർക്കേ ഉള്ളിലുറഞ്ഞുകൂടിയ കവിതയുടെ കനവുമായൊറ്റയ്ക്കിരുന്നൊരു ബാലനിലേക്ക്, കവിജീവിതത്തിന്റെ ഈ സുന്ദരസന്ധ്യയിൽ കാവ്യാദരങ്ങളോടെ രാജ്യംതന്നെ എത്തുകയാണിപ്പോൾ. ഒരിക്കൽ വിശപ്പാണ് തന്നെക്കൊണ്ടു കവിതയെഴുതിച്ചതെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്. യാതനകൾ നിഴലായി കൂടെയുണ്ടായിരുന്ന ‌ആ കാലത്തും കൈപിടിക്കാൻ കൂടെയുണ്ടായി കവിത. ഏകാന്തമായ നാട്ടുവഴികളിൽ കവിതയോടു മിണ്ടിയും മിണ്ടാതെയും, ഇരുട്ടിനോടു ചങ്ങാത്തംകൂടിയും വെളിച്ചത്തോടു കലഹിച്ചുമൊക്കെ നടന്നൊരു ചെറുപ്പക്കാരനെ സങ്കൽപിക്കാം. 

‘വെളിച്ചം ദുഃഖമാണുണ്ണീ 

തമസ്സല്ലോ സുഖപ്രദം’ 

എന്ന രണ്ടു വരിയിൽ മലയാള കവിത ഇതുവരെ നേടിയ കാവ്യപ്രഭയുടെ വെളിച്ചം കാണിക്കാൻ അതുകൊണ്ടുതന്നെയാണല്ലോ അക്കിത്തത്തിനു സാധിച്ചത്. 

ഋഷിതുല്യമായ നിർമമതയോടെ, കവിതയുടെ കരംപിടിച്ച് ജ്ഞാനപീഠം കയറുന്ന അദ്ദേഹത്തോടു കാവ്യാനുരാഗത്തോടെ, സ്നേഹാദരം നമുക്കു പറയാം: അഭിവാദ്യം, മഹാകവേ, മഹിതമാകുന്നതു മലയാളമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com