ADVERTISEMENT

ഞാനാദ്യം കണ്ട കവി അക്കിത്തമാണ്. എനിക്കേതാണ്ട് 12 വയസുള്ള കാലത്ത് അദ്ദേഹം വി.ടി.ഭട്ടതിരിപ്പാടിന്റെയും ടി. ഗോപാലക്കുറുപ്പിന്റെയും കൂടെ വീട്ടിൽ വന്നു. രണ്ടു പുസ്തകങ്ങൾ കൂടെക്കൊണ്ടുവന്നിരുന്നു. സി.ജെ. തോമസിന്റെ ധിക്കാരിയുടെ കാതലും അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും. അച്ഛൻ രണ്ടും വാങ്ങി എനിക്കു തന്നു. എന്നിട്ടു പറഞ്ഞു, ‘ഇതാണ് അക്കിത്തം അച്യുതൻ നമ്പൂതിരി, ഇതാണ് വി.ടി.ഭട്ടതിരിപ്പാട്, ഇതാണ് ടി. ഗോപാലക്കുറുപ്പ്.’ 

പിൽക്കാലത്ത് വിടി എനിക്കു ഗുരുനാഥനായി, ഞാൻ ഗോപാലക്കുറുപ്പിന്റെ ജാമാതാവായി, അക്കിത്തം എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിയുമായി. പിന്നീട് അദ്ദേഹത്തെ ഞാൻ കാണുന്നത് കോഴിക്കോട്ട് ആകാശവാണിയിലാണ്. ആർക്കെങ്കിലും അനിഷ്ടം തോന്നാവുന്ന എന്തെങ്കിലും പറയേണ്ടിവരുമ്പോൾ മുറുക്കുകയാണെന്ന വ്യാജേന ഒരു തുണ്ട് അടയ്ക്ക വായിലിട്ട് മൗനം പാലിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്. അന്നുതൊട്ടുള്ള സൗഹൃദം ഇക്കാലമത്രയും നിലനിൽക്കുന്നു. അതിന്റെ അടിത്തറ നിരുപാധികമായ സ്നേഹമാണ്. 

c-radhakrishnan
സി.രാധാകൃഷ്ണൻ

സരളമായ ശൈലിയിൽ ആഴമേറിയ കാര്യങ്ങൾ ലളിതമായി പറയുന്ന കവിത നമുക്കധികമില്ല. ചിരിച്ചുകൊണ്ടു കരയാനും കരഞ്ഞുകൊണ്ടു ചിരിക്കാനും ഒരു പിറുപിറുപ്പുകൊണ്ട് അട്ടഹാസത്തിന്റെ ഫലമുണ്ടാക്കാനും അക്കിത്തം കവിതയ്ക്കു കഴിഞ്ഞിട്ടുണ്ട്. 

കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയപ്പോൾ എന്റെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചത്. ഈ കൊട്ടാരത്തിൽ എങ്ങനെയാണ് സന്മനസ്സുള്ളവർക്കു കഴിയാനാവുക, ഈ വാഹനവഴികളിലൂടെ എങ്ങനെയാണ് നമുക്കു നടക്കാനാവുക... എന്നു തുടങ്ങി ഈ കുളിമുറിയിൽ എങ്ങനെയാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുക എന്നുവരെ അദ്ദേഹം അമ്പരക്കുകയ‍ുണ്ടായി. തന്റെ വലിയ കണ്ണുകളിൽ ആഴത്തിൽ വലിയ ആശങ്കകൾ പ്രതിഫലിപ്പിക്കുകയായിരുന്നു അദ്ദേഹം. 

ഉപനിഷദ് ദർശനത്തിന്റെ അടിവരെ മുങ്ങിയെത്തി മുത്തുവാരിക്കൊണ്ട് ‘ഇതു വേണമെങ്കിൽ എടുത്തോളൂ, എനിക്കൊന്നും തരേണ്ട’ എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. മുത്തുവാരിയെടുത്തു കൊണ്ടുപോയി ഒളിപ്പിക്കുന്ന ആളുകളെ നോക്കി ഊറിച്ചിരിയോടെ അദ്ദേഹം ഇപ്പോഴും നമ്മുടെ കൂടെയുള്ളത്, ഈശ്വരാ എന്തൊരാശ്വാസം. ദീർഘായുസ്സായിരിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com