ADVERTISEMENT

മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാനിലും ദക്ഷിണ കൊറിയയിലും കുടുംബസമേതം പോയതു ചിലർക്ക് അത്രയ്ക്കങ്ങു പിടിച്ചിട്ടില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഈ യാത്ര വേണ്ടിയിരുന്നോ എന്നാണ് അവരുടെ സംശയം. ചിലർ അങ്ങനെയാണ്. എന്തു കാര്യം വരുമ്പോഴും അവർ ഖജനാവിൽ എത്ര പണം നീക്കിയിരിപ്പുണ്ട് എന്ന അന്വേഷണവുമായി രംഗത്തിറങ്ങും. ഇവരുടെ ആരുടെയെങ്കിലും ഒരു അത്യാവശ്യം വന്നാൽ ബ്ലേഡ് പലിശയ്ക്കു വായ്പ വാങ്ങിയിട്ടാണെങ്കിലും അതു നടത്താറില്ലേ?

മുഖ്യമന്ത്രിയും സംഘവും ജപ്പാനിൽ നിന്നു കൊറിയയിൽ എത്തിയതല്ലേയുള്ളൂ. അപ്പോഴേക്കും സന്ദർശനം കൊണ്ട് എന്തു നേടിയെന്നു ചോദിക്കുന്നതു ശരിയല്ല. കേരളത്തെ എല്ലാ കാര്യങ്ങളിലും ലോകനിലവാരത്തിൽ എത്തിക്കുകയാണു പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. അതു നിറവേറ്റാൻ വേണ്ടി ഉത്തരധ്രുവത്തിൽ പോകണമെങ്കിൽ അദ്ദേഹവും മറ്റു മന്ത്രിമാരും തയാറാണ്. 

ലോകനിലവാരത്തിന്റെ കാര്യത്തിലേക്കു തന്നെ വരാം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ചില കാര്യങ്ങളിൽ മാത്രമേ കേരളം ലോകനിലവാരം കൈവരിച്ചിട്ടുള്ളൂ. ലോകനിലവാരമെന്നാൽ ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും നിലവാരമല്ല. അതൊക്കെ കേരളം ഇഎംഎസിന്റെ ആദ്യ സർക്കാരിന്റ കാലത്തേ മറികടന്നതാണ്. യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ നിലവാരമാണു യഥാർഥ ലോകനിലവാരം. 

അതിലേക്കു കേരളത്തെ കൈപിടിച്ചുയർത്തണമെങ്കിൽ അൽപസ്വൽപം പണമൊക്കെ ചെലവാക്കേണ്ടി വരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകളിലെ നിലവാരം മെച്ചപ്പെടുത്താനല്ലല്ലോ അവർ ഏറെ പ്രയാസപ്പെട്ടു യാത്ര ചെയ്യുന്നത്? അതുകൊണ്ടു തന്നെ വീട്ടുചെലവിൽ നിന്നു മിച്ചം പിടിച്ച് എയർ ടിക്കറ്റ് എടുക്കേണ്ട കാര്യമൊന്നുമില്ല. മുഖ്യമന്ത്രിക്കു ജപ്പാനിലേക്കു കള്ളവണ്ടി കയറി പോകാൻ പറ്റുമോ എന്ന സുധാകരൻ മന്ത്രിയുടെ ചോദ്യം തികച്ചും ന്യായം. തിരുവനന്തപുരം–ടോക്കിയോ റെയിൽപാത ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയും കൂട്ടരും കള്ളവണ്ടി കയറിയില്ലെങ്കിലും ഏതെങ്കിലും പാസഞ്ചർ വണ്ടിയിലേ പോകുമായിരുന്നുള്ളൂ എന്നതു തീർച്ചയാണ്. 

ജപ്പാൻ സന്ദർശനം കൊണ്ട് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്നു ചോദിച്ചാൽ സമുറായ് യോദ്ധാക്കളെ പരിശീലിപ്പിക്കാൻ ജപ്പാൻ സർക്കാരിന്റെ സഹായത്തോടെ കേരളത്തിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. പിണറായി സഖാവിന്റെ കൈവശം പറ്റിയ പേനയില്ലാത്തതു കൊണ്ടാണു ധാരണാപത്രം ഒപ്പുവയ്ക്കാതിരുന്നത്. സമുറായ് യോദ്ധാക്കൾക്കു കേരളത്തിൽ നല്ല തൊഴിൽ സാധ്യതയുണ്ട്. കണ്ണൂരിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുമൊക്കെ തരംപോലെ വിന്യസിക്കാം.

കേരളത്തിൽ എന്തുകൊണ്ട് സുമോ ഗുസ്തി കോച്ചിങ് അക്കാദമി തുടങ്ങിക്കൂടാ എന്നാണു ജപ്പാനിലെ കായികമന്ത്രി ചോദിച്ചത്. ഇപിക്ക് ബോക്സിങ്ങും മുഹമ്മദലിയും മാത്രമേ പരിചയമുള്ളൂ. സുമോ ഗുസ്തി കാണിച്ചു കൊടുത്തതോടെ നമ്മക്കും വേണം സുമോ അക്കാദമി എന്നു പറയാൻ സഖാവ് ഒരു നിമിഷം പോലും മടിച്ചു നിന്നില്ല. സെൻ ധ്യാനം പഠിപ്പിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചതാണ് ഏറ്റവും വലിയ നേട്ടം. കൊറിയൻ സന്ദർശനത്തിന്റെ ഭാഗമായി അത്ഭുത ഔഷധമായ ജിൻസെങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യാൻ സോൾ കാർഷിക സർവകലാശാലയുമായി ധാരണാപത്രം ഇന്നോ നാളെയോ ഒപ്പുവയ്ക്കും. 11 ദിവസത്തെ സന്ദർശനം കൊണ്ട് ഇത്രയൊക്കെ പോരേ? 

വേണ്ടിവന്നാൽ കൗണ്ടർ

മന്ത്രിമാർ കൂട്ടത്തോടെ ഊരുചുറ്റാൻ പോയതു കൊണ്ട് സെക്രട്ടേറിയറ്റിൽ ഭരണസ്തംഭനമാണെന്നാണു വേറൊരു കൂട്ടരുടെ പരാതി. കേട്ടാൽ സംഗതി ന്യായമാണെന്നു തോന്നും. മന്ത്രിമാർ സ്ഥിരമായി സെക്രട്ടേറിയറ്റിൽ ഇരുന്നാൽ ബിന്ദു അമ്മിണിയെപ്പോലെ ചില ആക്ടിവിസ്റ്റുകൾ ഓഫിസിൽ ഇടിച്ചുകയറി വരും. പിന്നെ അവരെ കണ്ടില്ലെന്നു തെളിയിക്കാൻ ശുചീന്ദ്രത്തു പോയി തിളച്ച നെയ്യിൽ കൈമുക്കി മന്ത്രിമാർ പെടാപ്പാടു പെടേണ്ടി വരും. 

മന്ത്രിമാർ രാവിലെ 10 മുതൽ 5 വരെ സെക്രട്ടേറിയറ്റിൽ ഉണ്ടാകണമെന്നു വാശിയുള്ളവർക്കായി ഒരു കാര്യം പരീക്ഷിക്കാവുന്നതാണ്. പ്രധാനപ്പെട്ട ലോകരാജ്യ തലസ്ഥാനങ്ങളിൽ സെക്രട്ടേറിയറ്റിന്റെ എക്സ്റ്റൻഷൻ കൗണ്ടറുകൾ തുടങ്ങിയാൽ ഇക്കൂട്ടരുടെ പരാതിക്ക് ഒരു പരിധി വരെ പരിഹാരമാകും. മന്ത്രിമാർ വിദേശത്തു പോകുമ്പോൾ രാവിലെ 10 മുതൽ 5 വരെ അവിടെപ്പോയി ഇരുന്നാൽ അവർ സെക്രട്ടേറിയറ്റിൽ ഇല്ലെന്ന് ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ല. മന്ത്രി ഇരിക്കുന്നിടമാണു സെക്രട്ടേറിയറ്റ്. 

മന്ത്രിമാർ അതതു രാജ്യങ്ങളിൽ ഇല്ലാത്തപ്പോൾ എക്സ്റ്റൻഷൻ കൗണ്ടറുകൾ വാടകയ്ക്കു കൊടുക്കാം. ലോക കേരള സഭ ഈ കൗണ്ടറുകളിൽ നടത്താം. അങ്ങനെയാണെങ്കിൽ എക്സ്റ്റൻഷൻ കൗണ്ടറുകളിൽ നല്ല ബാങ്ക്വറ്റ് ഹാളുകൾ പണിയേണ്ടി വരും. സാരമില്ല, നമ്മുടെ ഊരാളുങ്കൽ സൊസൈറ്റിയുണ്ടല്ലോ? എല്ലാം അവർ നിഷ്പ്രയാസം ചെയ്തോളും. 

ഡച്ച് വിരട്ടൽ വേണ്ട

കേരളത്തിൽ വിദേശഭാഷകൾ പഠിക്കാൻ ജനം ഇരമ്പിക്കയറാൻ പോകുകയാണ്. ഇതിനുള്ള സൗകര്യം സംസ്ഥാന സർക്കാർ തന്നെ ചെയ്തു കൊടുക്കും. ആദ്യ ഘട്ടത്തിൽ ഡച്ച് ഭാഷ പഠിപ്പിക്കാനാണു സർക്കാർ സംവിധാനം ഏർപ്പെടുത്താൻ പോകുന്നത്. 

കേരളത്തിൽ നിന്ന് ആയിരക്കണക്കിനു നഴ്സുമാർക്കു നെതർലൻഡ്സിൽ ജോലി വാങ്ങിക്കൊടുക്കാനുള്ള എല്ലാ ഏർപ്പാടുകളും പിണറായി സഖാവ് അവിടെ പോയപ്പോൾ ചെയ്തതാണ്. എന്നാൽ ഡച്ച് സർക്കാർ ഇപ്പോൾ പറയുന്നതു ഡച്ച് ഭാഷ അറിയുന്നവർക്കേ അവിടെ ജോലി നൽകൂ എന്നാണ്. ഇതുകേട്ടു പേടിച്ചു പിൻവാങ്ങുന്ന കൂട്ടത്തിലല്ല സഖാവ്.

സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഒരു ഡച്ച് സാക്ഷരതാ മിഷൻ സ്ഥാപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കേരളത്തിലെ എല്ലാ നഴ്സുമാരെയും ഈ സർക്കാരിന്റെ കാലത്തു തന്നെ ഡച്ച് ഭാഷ പഠിപ്പിച്ചിരിക്കും. 

ജാപ്പനീസ്, കൊറിയൻ സർക്കാരുകളും ഇത്തരം കന്നംതിരിവു കാണിച്ചാലും ആ വെല്ലുവിളി കേരള സർക്കാൻ ഏറ്റെടുക്കും. ജാപ്പനീസ്, കൊറിയൻ ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപകരെ വൈകാതെ റിക്രൂട് ചെയ്യും. അങ്ങനെ അവിടങ്ങളിലേക്കും മലയാളികളെ കയറ്റുമതി ചെയ്യും. 

സ്റ്റോപ് പ്രസ്: രണ്ടു പാലങ്ങളിൽ ഉപയോഗിക്കുന്ന മക്അലോയ് ബാറുകളുടെ ഗുണനിലവാരം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിലെ 5 എൻജിനീയർമാർ ലണ്ടനിലേക്ക്.

കൊമ്പൻ പോയ വഴിയേ തന്നെ വേണമല്ലോ മോഴയും പോകാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com