ADVERTISEMENT

അഴിമതി തുടച്ചുനീക്കാനുള്ള നിയമത്തിലെ ഭേദഗതി വളംവയ്ക്കുന്നത് അഴിമതിക്കാർക്കുതന്നെ. ഒപ്പം, അന്വേഷണം ചൊൽപടിക്കു നിർത്തുന്ന  ഭരണകൂടത്തിന്റെ കളികൾ കൂടിയാകുമ്പോൾ വിജിലൻസ് നോക്കുകുത്തിയാകുന്നു...

കേന്ദ്രസർക്കാർ സഹായത്തോടെ സംസ്ഥാനത്തു നടപ്പാക്കുന്ന അമൃത് (അടൽ മിഷൻ ഫോർ റിജ്യുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) പദ്ധതിയിൽ കൺസൽറ്റൻസി അനുവദിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ വിദ്യ ബാലകൃഷ്ണൻ സംസ്ഥാന വിജിലൻ‍സിനു പരാതി നൽകി.

ഒരു മാസത്തിനു ശേഷം വിദ്യയ്ക്ക് ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ മറുപടി: പരാതി വിജിലൻസ് വകുപ്പിലെ 9‌–2017 ഉത്തരവു പ്രകാരം തദ്ദേശഭരണ വകുപ്പിന് അയച്ചു കൊടുത്തു. പ്രാഥമിക അന്വേഷണം നടത്തി അവർ വിവരമറിയിക്കും; വിജിലൻസ് അന്വേഷണം വേണമെങ്കിൽ ശുപാർശയും.

ആരോപണം നേരിടുന്ന തദ്ദേശഭരണ വകുപ്പുതന്നെയാണ് അവർക്കെതിരെ അന്വേഷണം വേണ്ടതുണ്ടോ എന്നു തീരുമാനിക്കേണ്ടത്. കുറ്റം ചെയ്തോ എന്നു പരിശോധിക്കാൻ കുറ്റാരോപിതനെത്തന്നെ ചുമതലപ്പെടുത്തൽ!

 പഴുതു കണ്ടെത്തലിൽ കേന്ദ്രത്തിനും മു‍ൻപേ

കേന്ദ്ര സർക്കാരിന്റെ നയംമാറ്റത്തിനു വളരെ മുൻപേ, അന്വേഷണങ്ങൾ ഒതുക്കാനുള്ള സാധ്യത കേരളം കണ്ടെത്തിയിരുന്നു. പരാതികളിൽ അന്വേഷണത്തിനും കേസെടുക്കാനും വിജിലൻസ് യൂണിറ്റ് ഓഫിസർമാരെ അധികാരപ്പെടുത്തി മുൻ ഡയറക്ടർ ജേക്കബ് തോമസ് നൽകിയ നിർദേശങ്ങൾ അഴിച്ചുപണിതുള്ള ഉത്തരവിലാണു പഴുതുകൾ തുറന്നിട്ടത്. കേസെടുക്കാനുള്ള അധികാരം വീണ്ടും വിജിലൻസ് ഡയറക്ടർക്കു മാത്രമാക്കുന്ന ഉത്തരവിൽ, 1988ലെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം കൃത്യമായി രേഖപ്പെടുത്താത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പു മേധാവികൾക്ക് അയച്ചുകൊടുക്കണം എന്നുണ്ട്. അവർ വേണം തുടർനടപടികൾ സ്വീകരിക്കാൻ.

അനാവശ്യമായ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കലായിരുന്നു നയംമാറ്റത്തിന്റെ ലക്ഷ്യമെങ്കിലും പല തട്ടിപ്പും മൂടിവയ്ക്കാനുള്ള പഴുതു ചിലർക്കു തുറന്നുകൊടുക്കുകയായിരുന്നു. അന്വേഷണം പോലും ഭയക്കാതെ ഉദ്യോഗസ്ഥർക്കു ജനത്തിന്റെ പണം കൊള്ളയടിക്കാനാണ് ഇതു വഴിതുറന്നത്.

ട്രെൻഡ് മാറും; റിപ്പോർട്ടും

കണ്ണൂരിൽ സിപിഎം നേതൃത്വത്തിലുള്ള തൊഴിലാളി സഹകരണ സംഘം കെട്ടിടനിർമാണച്ചട്ടം ലംഘിച്ചു പണിത ഓഡിറ്റോറിയത്തിനെതിരെ 2015 അവസാനം വിജിലൻസ് അന്വേഷണം തുടങ്ങി. രാഷ്ട്രീയസ്വാധീനത്തിലൂടെ നിയമലംഘനം നടത്തിയെന്നായിരുന്നു കണ്ടെത്തൽ.

files

2016ലെ നിയമസഭാ തിരഞ്ഞെടുപ്പു സമയമായി. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ മുതിർന്ന സിപിഎം നേതാവ് ഉയർന്ന വിജിലൻസ് ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും സുഹൃത്തുക്കളും. ട്രെൻഡ് ഇടതുമുന്നണിക്ക് അനുകൂലമായിരിക്കെ, തിരഞ്ഞെടുപ്പു സമയത്തു ചതിക്കരുതെന്നു നിർദേശം. അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

 ഫയൽ ഒളിവിൽ;  വർഷം 35

തലശ്ശേരി വിജിലൻസ് കോടതിയിലുള്ളതിൽ ഏറ്റവും പഴയ കേസിനു പ്രായം 35 ആകുന്നു. 1985 ജൂലൈയിലാണ് വിജിലൻസ് എഫ്ഐആർ ഇട്ടത്. 3 വർഷം കൊണ്ട് അന്വേഷണം പൂർത്തിയായി. അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുമതി തേടി വിജിലൻസ് ആസ്ഥാനത്തേക്ക് അയച്ചതാണ്. പിന്നീടൊരു വിവരവുമില്ല.

അന്തിമ റിപ്പോർട്ട് ചോദിച്ചു കോടതി ഇടയ്ക്കിടെ കത്തയയ്ക്കും; കണ്ണൂരിലെ വിജിലൻസ് ഈ വിവരം ചേർത്തു തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കും. ഒരു കത്തിനും മറുപടിയില്ല. ഫയൽ കാണാതായെന്നാണു വിവരം. പക്ഷേ, കോടതിയോട് ഇതു പറയാനാകില്ലല്ലോ.

കണ്ണൂർ ബോസ്റ്റൽ സ്കൂൾ അഴിമതിയുമായി ബന്ധപ്പെട്ട് 3 ഉദ്യോഗസ്ഥർ പ്രതികളായ കേസാണിത്. ബോസ്റ്റൽ സ്കൂൾ നിർത്തലാക്കി ഈ കെട്ടിടത്തിൽ ജില്ലാ ജയിൽ വന്നിട്ട് 10 വർഷത്തോളമായി. ഉദ്യോഗസ്ഥരെല്ലാം പെൻഷൻ പറ്റി. ഇവരിലാരൊക്കെ ജീവിച്ചിരിപ്പുണ്ടെന്ന് അന്വേഷിക്കലാണ് ഇപ്പോൾ വിജിലൻസിന്റെ പണി. പ്രതികളെല്ലാം മരിച്ചാൽ പിന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടല്ലോ. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കോടതിതന്നെ കേസ് അവസാനിപ്പിച്ചോളും.

കുറ്റം ചെയ്തതും നീയേ ഒതുക്കുന്നതും നീയേ...

ഉദ്യോഗസ്ഥനോ ജനപ്രതിനിധിയോ അഴിമതി നടത്തിയാൽ ചോദ്യം ചെയ്യാൻ പൗരനുള്ള അവകാശം കൂടിയാണ് അഴിമതി നിരോധന നിയമം (1988). ഇത്തരം പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനുള്ള അധികാരം വിജിലൻസിനുണ്ടായിരുന്നു; 2018 ജൂലൈ 26ലെ നിയമഭേദഗതി വരെ. ഭേദഗതിയോടെ വിജിലൻസ് അന്വേഷണത്തിന്റെ പൂർണ നിയന്ത്രണം ഭരണകൂടത്തിലായി. വിജിലൻസ് ശരിക്കും ‘കൂട്ടിലടച്ച തത്ത’യായി.

vigilance

ഭരണസംവിധാനത്തിലെ അഴിമതി മിക്കപ്പോഴും ഒരു വ്യക്തിയിൽ ഒതുങ്ങുന്നതല്ല. അഴിമതിക്കു പിന്നിലെ സംഘടിത നീക്കത്തെ ചെറുക്കാൻ കഴിയാത്തതാണ് ഈ നിയമഭേദഗതിയുടെ ബലഹീനത. മാത്രവുമല്ല, അധികാരത്തിലിരിക്കുന്നവരുടെ ആയുധമായി മാറി വിജിലൻസ് അന്വേഷണം പോലും. എതിർ‌ശബ്ദങ്ങളില്ലാതെ ഈ ഭേദഗതി കേന്ദ്ര സർക്കാർ പാസാക്കിയതും നിയമനിർമാണ ചരിത്രത്തിലെ അപൂർവതയാണ്.

മുൻപ്

1. ഉദ്യോഗസ്ഥനോ മന്ത്രിയോ വരവിൽകവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന സൂചന വിജിലൻസിനു ലഭിക്കുന്നു.

2. അവരുടെ പേരിലുള്ള സ്വത്തും സമ്പാദ്യവും അടക്കമുള്ളവയുടെ വിവരം രഹസ്യമായി ശേഖരിക്കുന്നു.

3. അനധികൃത സ്വത്തുസമ്പാദ്യമുണ്ടെന്ന് ഉറപ്പിച്ചാൽ, കേസ് റജിസ്റ്റർ ചെയ്ത് ഒൗദ്യോഗിക അന്വേഷണം. ആരോപണ വിധേയന്റെയും ബന്ധുക്കളുടെയും വീട്ടിലുൾപ്പെടെ റെയ്ഡ് നടത്തി രേഖകളും മറ്റു തെളിവുകളും പിടിച്ചെടുക്കുന്നു.

4. പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി വാങ്ങുന്നു.

5. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. വിചാരണയ്ക്കുശേഷം കോടതി ശിക്ഷിക്കുകയോ തെളിവില്ലെന്നു കണ്ടാൽ വിട്ടയയ്ക്കുകയോ ചെയ്യുന്നു.

ഇപ്പോൾ

1. ഉദ്യോഗസ്ഥനോ മന്ത്രിയോ അനധികൃത സ്വത്തു സമ്പാദിച്ചെന്നു സൂചന കിട്ടിയാൽ വിജിലൻസ് രഹസ്യ അന്വേഷണം ആരംഭിക്കുന്നു.

2. അഴിമതി ബോധ്യപ്പെട്ടാൽ ഔദ്യോഗിക അന്വേഷണത്തിന് അനുമതി തേടി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു കത്തയയ്ക്കുന്നു.

3. ആഭ്യന്തര സെക്രട്ടറി കത്ത്, ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട വകുപ്പിന്റെ സെക്രട്ടറിക്ക് അയയ്ക്കുന്നു. മന്ത്രിയാണു പ്രതിയെങ്കിൽ അനുമതി തേടി ഗവർണർക്കു കത്തു നൽകുന്നു.

4. കത്ത് വകുപ്പിൽ എത്തിയാലുടൻ വിവരം ചോരുന്നു. ആരോപണവിധേയൻ ഉന്നതനെങ്കിൽ ഫയൽ ഉൾപ്പെടെ കയ്യിലെത്തും. തെളിവു നശിപ്പിക്കാനുള്ള വഴികൾ തേടുന്നതിനൊപ്പം അന്വേഷണ ഫയൽ പൂഴ്ത്തുകയും ചെയ്യാം. മന്ത്രിക്ക് എതിരായ അന്വേഷണങ്ങളിൽ ഗവർണറുടെ അനുമതി എളുപ്പമല്ല.

5. ഇനി ഏറെ വൈകി മറുപടി കിട്ടിയാലാകട്ടെ, ഫലപ്രദമായി അന്വേഷിക്കാൻ വിജിലൻസിനു കഴിയുകയുമില്ല.

കേസുകൾ കുത്തനെ താഴേക്ക്

2016ൽ സംസ്ഥാനത്തു വിജിലൻസ് റജിസ്റ്റർ ചെയ്ത അഴിമതിക്കേസുകൾ 336; ഇൗ വർഷം സെപ്റ്റംബർ വരെയാകട്ടെ 58 മാത്രം. അതിവേഗത്തിൽ അന്വേഷിക്കുന്ന കേസുകൾ 2016ലെ 896ൽനിന്ന് 7 ആയി കുറഞ്ഞു. എല്ലാ ജില്ലകളിലും യൂണിറ്റുകളുള്ള, അഞ്ഞൂറോളം അന്വേഷണ ഉദ്യോഗസ്ഥരുള്ള സംസ്ഥാനത്ത ഏറ്റവും വലിയ അഴിമതി അന്വേഷണ ഏജൻസി ശരിക്കും നിസ്സഹായാവസ്ഥയിലാണ്.

നേരറിയേണ്ടെന്ന് സിബിഐ

അഴിമതിക്കേസ് അന്വേഷണത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിയമഭേദഗതിക്കു ശേഷം എത്ര കേസുകളിൽ അന്വേഷണം തുടങ്ങാനായെന്ന ചോദ്യത്തിനു മറുപടി നൽകില്ലെന്നു സിബിഐ. മനോരമ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ സിബിഐ പറയുന്നു: ‘വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല. ഉത്തരത്തിനുവേണ്ടി അവ ക്രോഡീകരിക്കുന്നത് ഉദ്യോഗസ്ഥരുടെ മറ്റു ജോലികൾക്കു തടസ്സമാകും.’

നിയമഭേദഗതിക്കു ശേഷം സംസ്ഥാനത്ത് ഒരു അഴിമതിക്കേസ് പോലും റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണു രഹസ്യവിവരം. എന്നിട്ടും സിബിഐ പറയുന്നു: ജോലിത്തിരക്കാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com