ADVERTISEMENT

രാജാവിനെ കാണാൻ ഗുരു എത്തി. രാജാവ് നടുത്തളത്തിൽ ഇറങ്ങിച്ചെന്ന് ഗുരുവിനെ വണങ്ങുമ്പോൾ ഒരു കാഴ്‌ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഗുരു തലയിൽ ചെരുപ്പ് എടുത്തുവച്ചിരിക്കുന്നു. രാജാവ് ചോദിച്ചു: അങ്ങ് എന്തിനാണ് കാലിൽ ഇടേണ്ട ചെരുപ്പ് തലയിൽ വച്ചിരിക്കുന്നത്? ഗുരു തിരിച്ചു ചോദിച്ചു: താങ്കൾ എന്തിനാണ് ഈ കിരീടം തലയിൽ വച്ചിരിക്കുന്നത്. രാജാവ് ശാന്തനായി പ്രതികരിച്ചു: ഞാൻ അധികാരി ആയതുകൊണ്ടും മറ്റുള്ളവരേക്കാൾ മുകളിലായതുകൊണ്ടുമാണ് ഈ കിരീടം. ഗുരു പറഞ്ഞു: ഞാൻ എല്ലാവരിലും താഴെയായതുകൊണ്ടാണ് എന്റെ തലയിൽ ഈ ചെരുപ്പുകൾ. 

തനിയ്‌ക്ക് സ്ഥാനമുണ്ട് എന്നു മറ്റുള്ളവർക്കു മനസ്സിലാകത്തക്ക രീതിയിൽ അവയെ പ്രദർശിപ്പിക്കാനാണ് എല്ലാവർക്കുമിഷ്‌ടം. സ്ഥാനപ്പേരുകളും അകമ്പടി സേവകരും വാഹനവ്യൂഹങ്ങളുമെല്ലാം ചേർന്നുള്ള ഒരു പ്രകടനമാകും സ്ഥാനത്തുള്ളവരുടെ എല്ലാ ഇടപാടുകളും. എല്ലാ സ്ഥാനങ്ങളുടെയും ആത്യന്തിക ലക്ഷ്യം സേവനമാണ്. സ്ഥാനത്തിരിക്കുന്നവർ തന്നെ സേവനത്തെക്കുറിച്ച് പ്രസംഗിക്കുകയും അതേ സന്നദ്ധസേവകർ അടയാളങ്ങളുടെയും വേഷങ്ങളുടെയും ആധികാരികതയിൽ മാത്രം വിശ്വസിക്കുകയും ചെയ്യുമ്പോൾ വാക്കിലും പ്രവർത്തിയിലും വൈരുധ്യം ഉണ്ടാകുന്നുണ്ട്. 

അധികാരവും സേവനവും രണ്ടു മനോഭാവങ്ങളാണ്. സേവനത്തിനുവേണ്ടി അധികാരത്തിൽ എത്തുന്നു എന്നത് ഒരു തന്ത്രം മാത്രമാണ്. സേവനത്തിന് സ്ഥാനം ആവശ്യമില്ല. സ്ഥാനത്ത് എത്തിയതുകൊണ്ടു മാത്രം സേവകരായ വ്യക്തികളുമില്ല. 

സേവനമുദ്ര ധരിക്കാനും സ്വയം താഴാനും കഴിയുന്ന അധികാരികൾ ഉണ്ടായിരുന്നെങ്കിൽ സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞതിനുശേഷവും അവർ ആദരിക്കപ്പെട്ടേനെ. സ്ഥാനത്ത് എത്താൻവേണ്ടി സേവകവേഷവും സ്ഥാനത്ത് എത്തിയശേഷം യജമാനവേഷവും അണിയുന്നവർ അൽപൻ‌മാരും അപകടകാരികളുമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com