ADVERTISEMENT

എറണാകുളം കുന്നത്തുനാട്ടിൽ സിപിഎമ്മിന്റെ അടുപ്പക്കാരനായ വ്യവസായിയുടെ തമിഴ്നാട്ടിലെ വ്യാപാര പങ്കാളികളുടെ പേരിലുള്ള സ്പീക്സ് കമ്പനിയുടേതാണു വിവാദഭൂമി. നികത്തിയാൽ കോടികൾ വിലമതിക്കും. 15 ഏക്കർ നിലം നികത്താനായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനാണു റവന്യു അഡീഷനൽ സെക്രട്ടറിയെ നിരന്തരം വിളിച്ചു ക്രമവിരുദ്ധ ഉത്തരവു പുറപ്പെടുവിച്ചത്; എറണാകുളം കലക്ടറുടെ ഉത്തരവുപോലും റദ്ദാക്കി. വിവാദമായപ്പോൾ റവന്യു ഉത്തരവു റദ്ദാക്കി സർക്കാർ തടിയൂരി. ആർക്കെതിരെയും നടപടിയില്ല; വിജിലൻസ് അന്വേഷണവും.

‘ഉന്നത തലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉത്തരവിറക്കുക മാത്രമാണു ചെയ്തത്. വിഷയത്തിലെ ന്യായാന്യായങ്ങളിൽ പങ്കില്ല’ – ഉത്തരവിറക്കിയ ഉദ്യോഗസ്ഥൻ വിശദീകരണക്കുറിപ്പുകൂടി ഇറക്കിയതോടെ സർക്കാർ വെട്ടിലായി.

ആലുവ ചൂർണിക്കരയിൽ 25 സെന്റ് നിലം നികത്താൻ വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ ഒരാൾ യുഡിഎഫ് മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്നതും എൻജിഒ അസോസിയേഷൻ അംഗമായിരുന്നതും മാത്രമാണ് എൽഡിഎഫ് സർക്കാരിനു വിഷയത്തിൽ അമിത താൽപര്യമുണ്ടാക്കിയത്. മുഖ്യമന്ത്രി അടക്കം പ്രഖ്യാപനം നടത്തിയതിനാൽ മറ്റെല്ലാ കേസുകളും മാറ്റിവച്ച് വിജിലൻസ് ഇതിന്റെ പിന്നാലെ പായുകയാണ്. അന്വേഷണത്തിനു ചുക്കാൻ പിടിക്കുന്നത് ഡയറക്ടർ നേരിട്ട്.

എല്ലാം അന്വേഷിക്കണം; ഒന്നും അന്വേഷിക്കരുത്

കുന്നത്തുനാട്, ചൂർണിക്കര വിവാദങ്ങൾക്കു പിന്നാലെ സംസ്ഥാനത്തെ മുഴുവൻ നെൽവയൽ നികത്തലും കണ്ടെത്താൻ സർക്കാർ പ്രത്യേക വിജിലൻസ് സംഘത്തെ നിയോഗിച്ചു; സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2 എസ്പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിൽ. കഴിഞ്ഞ മേയിൽ രൂപീകരിച്ച സംഘത്തിൽ ആ യൂണിറ്റിലെ ഇൻസ്പെക്ടർമാരെയും ഡിവൈഎസ്പിമാരെയും ഉൾപ്പെടുത്തി.

സ്വന്തം യൂണിറ്റിലെ കേസുകൾക്കു പുറമേ ഓരോ ജില്ലയിലെയും നിലംനികത്തൽകൂടി എങ്ങനെ ഈ സംഘം അന്വേഷിക്കുമെന്നു വിജിലൻസ് ഡയറക്ടർ പോലും ചിന്തിച്ചില്ല. കുന്നത്തുനാട്ടിലെ തട്ടിപ്പു പിടിക്കപ്പെടുമെന്ന സ്ഥിതിയായപ്പോൾ, അതിൽനിന്നു ശ്രദ്ധ തിരിക്കാനായിരുന്നു പ്രത്യേക സംഘമെന്നു വ്യക്തം.

പാലാരിവട്ടം വേറെ; മുക്കുന്നിമല വേറെ

പാലാരിവട്ടം പാലം നിർമാണത്തിൽ 8.25 കോടി രൂപയുടെ അഴിമതി ആരോപണം. ഇതിൽ യുഡിഎഫ് നേതാക്കളുടെ അടക്കം പങ്ക് വിജിലൻസ് പരിശോധിക്കുന്നു.

redtape

പാലാരിവട്ടം കേസന്വേഷണത്തിലെ വേഗം അദ്ഭുതപ്പെടുത്തുന്നതാണ്. അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. എന്നാൽ  മുക്കുന്നിമലയിൽ അന്വേഷണത്തിനു തടയിടുന്നതെന്താണ്? മുക്കുന്നിമലയിൽ 300 കോടിയുടെ അഴിമതിയാണ്. പ്രതിസ്ഥാനത്തു സംസ്ഥാനത്തെ 35 വൻകിട ക്വാറി ഉടമകൾ. 2 കേസുകളും വിജിലൻസ് എങ്ങനെ കൈകാര്യം ചെയ്യുന്നു? 

മുക്കുന്നിമല‌ ഒച്ചിഴയുംപോലെ-അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റൽ, ഉദ്യോഗസ്ഥനു േനരെ വധശ്രമം, അന്വേഷിക്കാൻ ആളില്ല, പുരോഗതി വിലയിരുത്താൻ വിമുഖത!

തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്തിൽ മുക്കുന്നിമലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ടതു സംസ്ഥാനത്തെ ഏറ്റവും വലിയ ക്വാറി അഴിമതിക്കേസ്. 33 ക്വാറി ഉടമകളും പഞ്ചായത്ത് മുൻ പ്രസിഡന്റും പഞ്ചായത്ത്/‌വില്ലേജ് ഉദ്യോഗസ്‌ഥരും ഉൾപ്പെടെ 40 പ്രതികൾ. 

ക്രമക്കേടിൽ 2 മുൻ ജില്ലാ കലക്ടർമാരുടെ പങ്കും വിജിലൻസ് കണ്ടെത്തി. 2014 ഡിസംബറിലാണു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2 കേസ് റജിസ്റ്റർ ചെയ്തത്. 

മുക്കുന്നിമലയിൽ 2010–14ൽ സർക്കാരിന് 298.5 കോടിയുടെ നഷ്ടം ഉണ്ടായെന്നും 156 ഏക്കർ സർക്കാർ ഭൂമി കയ്യേറി ഖനനം ചെയ്തെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. വ്യാജരേഖ ചമച്ചു സർക്കാർ ഭൂമി തട്ടിയെടുത്ത 76 ഇടപാടുകളും വേറെ.

രണ്ടര വർഷം കേസ് അന്വേഷിച്ച ഇൻസ്പെക്ടർ ആർ. റാബിയത്തിനെ 2017 മേയിൽ സ്ഥലംമാറ്റി. പിന്നീട് ഈ ഉദ്യോഗസ്ഥനെ ചിലർ വധിക്കാൻ ശ്രമിച്ചു. ശേഷം അന്വേഷണത്തിന് ആരെയും ചുമതലപ്പെടുത്തിയില്ല. തെളിവില്ലെന്ന പേരിൽ കേസ് എഴുതിത്തള്ളാനാണ് നീക്കം.

പാലാരിവട്ടം ശരവേഗത്തിൽ-ഉടനടി വിജിലൻസ് അന്വേഷണം, 3 ആഴ്ചയ്ക്കുള്ളിൽ കേസെടുക്കാൻ ശുപാർശ, അറസ്റ്റ്, റെയ്ഡ്, മന്ത്രിയുടെ പങ്ക് അന്വേഷണം!

പാലാരിവട്ടം മേൽപാലത്തിൽ അപാകത കണ്ടു മന്ത്രി ജി.സുധാകരൻ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തത് കഴിഞ്ഞ മേയിൽ. 

പ്രാഥമിക അന്വേഷണം ഉടൻ തുടങ്ങി. ഡയറക്ടർ അനിൽ കാന്തിന്റെ നേതൃത്വത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തൽ. കേസ് എടുക്കാൻ 3 ആഴ്ചയ്ക്കുള്ളിൽ ശുപാർശ.

ജൂൺ ആദ്യ വാരം ഉദ്യോഗസ്ഥരെയും കരാറുകാരെയും ഉൾപ്പെടെ പ്രതികളാക്കി കേസ് എടുത്തു. പിന്നാലെ കരാറുകാരുടെ ഓഫിസുകളിൽ റെയ്ഡ്. ഓഗസ്റ്റിൽ പൊതുമരാമത്തു വകുപ്പു മുൻ സെക്രട്ടറി അടക്കം 4 പേർ അറസ്റ്റിൽ. 

editorial

കസ്റ്റഡിയിൽ വാങ്ങി പ്രതികളെ ചോദ്യം ചെയ്യൽ. ക്രമക്കേടിൽ രാഷ്ട്രീയക്കാർക്കും പങ്കെന്നു വിജിലൻസ് കണ്ടെത്തൽ. ആരോപണവിധേയർക്കു വിവരം ചോർത്തിയെന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. 

മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കാൻ സർക്കാരിന്റെയും ഗവർണറുടെയും അനുമതി തേടി കാത്തിരിക്കുകയാണ് വിജിലൻസ്.

സ്വന്തക്കാരെങ്കിൽ ക്ലീൻ ചിറ്റ്

സർക്കാർ കണക്കിൽ സെന്റിന് പരമാവധി 20,000 രൂപ; സർക്കാരിനു വിറ്റത് സെന്റിന് 2 ലക്ഷം രൂപയ്ക്ക്.‘സ്വന്തം’ ആൾക്കെതിരെയെങ്കിൽ അന്വേഷണം ഒന്നോ രണ്ടോ മാസം കൊണ്ടു തീർത്ത് പ്രതിയെ രക്ഷിക്കാൻ അറിയുന്നതാണ് ഇപ്പോഴത്തെ വിജിലൻസ് സംവിധാനം. 

ആലപ്പുഴ അരൂർ മണ്ഡലത്തിലെ എരമല്ലൂരിൽ 110 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനു സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടു സിപിഎം ജനപ്രതിനിധി, വൈദ്യുതി മന്ത്രി, കെഎസ്ഇബി മാനേജിങ് ഡയറക്ടർ, എക്സിക്യൂട്ടീവ് എൻജിനീയർ, ഭൂമി‌വിൽപന നടത്തിയ 3 പേർ എന്നിവരെ പ്രതി ചേർത്തു പ്രദേശവാസി 2018 മാർച്ചിൽ പരാതി നൽകി. 

തുച്ഛമായ വിലയ്ക്കെടുത്ത 1.17 ഏക്കർ വസ്തു 6 മാസം കഴിഞ്ഞപ്പോൾ കെഎസ്ഇബിക്കു വൻതുകയ്ക്കു മറിച്ചുകൊടുത്തെന്നായിരുന്നു പരാതി. ഇടപാടിൽ കെഎസ്ഇബിക്ക് 2 കോടി രൂപയോളം നഷ്ടം വന്നുവെന്നും സിപിഎം ജനപ്രതിനിധിയുടെ ബെനാമി പണമുണ്ടാക്കിയെന്നും പരാതിയിലുണ്ടായിരുന്നു.

അന്വേഷിക്കും, കണ്ടെത്തില്ല

ഇൗ വസ്തുവിന്റെ ആദ്യ ഉടമകൾ കേരളത്തിനു പുറത്തുള്ള കമ്പനിയായിരുന്നു. വസ്തു കെഎസ്ഇബി വാങ്ങുന്നതുമായി ബന്ധപ്പെട്ടു ജില്ലാ കലക്ടർ അധ്യക്ഷനായ പർച്ചേസ് കമ്മിറ്റി ചേർന്നപ്പോൾ അരൂരിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി പവർ ഓഫ് അറ്റോണിയുമായി പങ്കെടുത്തു. സർക്കാർ കണക്കിൽ സെന്റിന് 6000 – 20,000 രൂപ വിലയുള്ള വസ്തുവിന്റെ കച്ചവടം സെന്റിന് 1,99,936 രൂപയ്ക്ക് ഉറപ്പിച്ചു.

പവർ ഓഫ് അറ്റോണിയുമായി എത്തിയ ആൾ ഒരു മാസം കഴിഞ്ഞപ്പോൾ ഭൂമിയുടെ ഉടമ തന്നെയായി. കമ്പനിയിൽനിന്നു സെന്റിന് ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് അദ്ദേഹം സ്ഥലം വാങ്ങിയത്. 6 മാസവും 2 ദിവസവും കഴിഞ്ഞപ്പോൾ ഇതേ വസ്തു സർക്കാരിനു വിൽക്കുന്നത് സെന്റിന് 1,99,936 രൂപയ്ക്ക്. 6 മാസത്തിനുള്ളിലായാൽ മുൻപ്രമാണത്തിലെ വിലയുടെ ഇരട്ടി നൽകുന്നതിനു പുതിയ നിയമത്തിലെ സാങ്കേതിക തടസ്സം ഒഴിവാക്കാനാണ് 2 ദിവസം കൂടി കാത്തുനിന്നത്.

പരാതിയിൽ ത്വരിതാന്വേഷണം പ്രഖ്യാപിച്ച വിജിലൻസ് 2 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകി ഫയൽ ക്ലോസ് ചെയ്തു. ഗൂഢാലോചന കണ്ടുപിടിക്കാനായില്ലെന്നും ക്രമക്കേട് ഇല്ലെന്നുമായിരുന്നു റിപ്പോർട്ട്. കച്ചവടത്തിലെ നിഗൂഢത ഇനിയും ചുരുളഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com