sections
MORE

തകർന്ന സാമൂഹികാവസ്ഥ; വൈകുന്ന സാമ്പത്തിക രക്ഷാദൗത്യം

manmohan
മൻമോഹൻ സിങ്, രാഹുൽ ബജാജ്, യശ്വന്ത് സിൻഹ
SHARE

തകർന്ന സാമൂഹികാവസ്ഥയാണ് സാമ്പത്തിക തളർച്ചയുടെ മുഖ്യകാരണം എന്ന് മൻമോഹൻ സിങ് പറയുമ്പോൾ, നിക്ഷേപകർക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നതായി വ്യവസായ പ്രമുഖൻ രാഹുൽ ബജാജ് ചൂണ്ടിക്കാട്ടുന്നു. മൂന്നോ നാലോ വർഷമെങ്കിലും കഴിയാതെ ഈ സ്ഥിതിയിൽനിന്നു കരകയറാൻകഴിയില്ലെന്നാണു മുൻധനമന്ത്രിയും മോദി വിമർശകനുമായ യശ്വന്ത് സിൻഹ അഭിപ്രായപ്പെടുന്നത്...

ഏതെങ്കിലും കാലികമായ വിഷയത്തിൽ മുഖ്യതീരുമാനം എടുക്കാൻ ഒരുങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനവ്രതത്തിലേക്കു പോകുമെന്ന് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നു. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് കേന്ദ്രമന്ത്രിമാർ ഉയർത്തുന്ന ശബ്ദഘോഷവുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രി പാലിക്കുന്ന മൗനം, അദ്ദേഹം ഒരു പ്രധാനതീരുമാനത്തിന്റെ വക്കിലാണെന്നതിന്റെ സൂചനയായി ചില മന്ത്രിമാരും ഉദ്യോഗസ്ഥരും വ്യാഖ്യാനിക്കുന്നു. 

പക്ഷേ, ജിഡിപി വളർച്ച താഴേക്കു പോകുമ്പോൾ സർക്കാരിന്റെയും വ്യവസായ മേഖലയുടെയും കൂട്ടായ രക്ഷാദൗത്യത്തിനു വേണ്ടി കൈകാലിട്ടടിക്കുകയാണ് അനുദിനം മുങ്ങുന്ന സമ്പദ്‌വ്യവസ്ഥ. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ കഴിഞ്ഞ മൂന്നുമാസത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച 36 തീരുമാനങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടില്ല. 

ബിബേക് ദേബ്‌റോയിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപദേശക സമിതി, ഉപാധ്യക്ഷൻ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള നിതി ആയോഗ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തന്നെ സാമ്പത്തിക ഉപദേശക സംഘം എന്നിവ സാമ്പത്തിക രംഗത്തു പുതുജീവൻ നൽകാനുള്ള ഒട്ടേറെ ശുപാർശകൾ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ബാങ്കുകളുടെയും കമ്പനികളുടെയും നിക്ഷേപവും ധനലഭ്യതയും ഉയർ‌ത്താൻ വേണ്ടിയുള്ള അടിയന്തര നടപടികൾക്ക് ആർബിഐയുടെയും സെബിയുടെയും സഹായങ്ങൾക്ക് നിരന്തരം അഭ്യർഥിക്കുകയാണു ധനമന്ത്രാലയം. 

എന്നാൽ ഈ രണ്ടു സ്ഥാപനങ്ങളും വിവിധ വെല്ലുവിളികൾക്കു നടുവിലാണ്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ–ഓപ്പറേറ്റീവ് ബാങ്കിന്റെ തകർച്ചയ്ക്കു ശേഷം ബാങ്കുകളുടെ സ്ഥിതി സംബന്ധിച്ചുള്ള ആശങ്കയിലാണ് ആർബിഐ. സ്വകാര്യ ബാങ്കുകൾ നേരിടുന്ന സമ്മർദങ്ങളും ആർബിഐക്ക് ഉത്കണ്ഠ സൃഷ്ടിക്കുന്നു. രാജ്യത്തെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളെ നിയന്ത്രിക്കുന്ന സെബിയാകട്ടെ, കമ്പനികളും സ്റ്റോക്ക് ബ്രോക്കിങ് ഏജൻസികളും നടത്തിയ തട്ടിപ്പുകൾ അന്വേഷിക്കുകയാണ്. 

ആഗോള വ്യാപാര രംഗത്തെ കുഴമറിച്ചിലും ഇന്ത്യയെ പ്രശ്നത്തിലാക്കുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം നടുവിൽ കടുത്ത വിമർശനമാണു ധനമന്ത്രി നിർമല സീതാരാമൻ നേരിടുന്നത്. മുതിർന്ന ബിജെപി നേതാവും ധനമന്ത്രിക്കസേര മോഹിയുമായ സുബ്രഹ്മണ്യൻ സ്വാമി പറയുന്നത്, സാമ്പത്തിക കാര്യങ്ങളിലുള്ള മോദിയുടെ അജ്ഞത അദ്ദേഹത്തിന്റെ മന്ത്രിമാർ ചൂഷണം ചെയ്യുന്നു എന്നാണ്. 

ഒന്നുകിൽ ഈ മന്ത്രിമാർ മാരകസത്യം തിരിച്ചറിയുന്നില്ല, അല്ലെങ്കിൽ അവർ പ്രധാനമന്ത്രിയോടു സത്യം തുറന്നുപറയാൻ ഭയപ്പെടുന്നു എന്നാണു സ്വാമിയുടെ വിമർശനം. 

കേന്ദ്ര സർക്കാരിലെ ഏറ്റവും പ്രധാനമായ സാമ്പത്തികകാര്യ സമിതി ഇതേവരെ മാന്ദ്യം സംബന്ധിച്ച പൂർണ ചർച്ച നടത്തിയിട്ടില്ല. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും അടക്കം അംഗങ്ങളായ സുപ്രധാന സമിതിയാണിത്. കേന്ദ്രസർക്കാരിനു പുറമേ സംസ്ഥാന സർക്കാരുകൾക്ക് ഈ പ്രതിസന്ധിയിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്നതും പരിഗണിക്കപ്പെട്ടിട്ടില്ല. ‘സഹകരണ ഫെഡറലിസം’ എന്നു ജിഎസ്ടി വിഷയത്തിലുണ്ടായ കേന്ദ്ര–സംസ്ഥാന ധാരണകളെ നരേന്ദ്ര മോദി വിശേഷിപ്പിച്ചുവെങ്കിലും മറ്റു സാമ്പത്തിക വിഷയങ്ങളിൽ കേന്ദ്ര–സംസ്ഥാന ചർച്ചകൾ ഫലപ്രദമായി മുന്നേറിയിട്ടില്ല.

പ്രധാനമന്ത്രി അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിമാർ അംഗങ്ങളുമായ ദേശീയ വികസന കൗൺസിൽ സാമ്പത്തികമാന്ദ്യം നേരിടാനുള്ള ഒരു ദേശീയ പദ്ധതിക്ക് രൂപം കൊടുക്കാനുള്ള ചർച്ചയ്ക്കു പറ്റിയ വേദിയായേനെ. എന്നാൽ, പഞ്ചവത്സര പദ്ധതിക്ക് അന്തിമരൂപം നൽകാൻ 2012ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അധ്യക്ഷതയിലാണു കൗൺസിൽ ഒടുവിൽ യോഗം ചേർന്നത്! മോദി അധികാരത്തിലെത്തിയ ശേഷം അദ്ദേഹം ആസൂത്രണ കമ്മിഷനെ ഇല്ലായ്മ ചെയ്യുകയായിരുന്നു. സംസ്ഥാനങ്ങൾക്ക് പണം നൽകാനും സ്വയം ഭരണത്തിനും കൂടുതൽ അവസരം ഉണ്ടാകും എന്നു വാഗ്ദാനം ചെയ്തായിരുന്നു നടപടി. 

സാമ്പത്തികമായി ശക്തരായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന, ഡൽഹി എന്നീ സംസ്ഥാനങ്ങളാകട്ടെ മാന്ദ്യത്തെ ഗൗരവത്തിലെടുത്തു നയരൂപീകരണങ്ങൾ നടത്തിയതുമില്ല. ചെറുകിട, ഇടത്തര, വൻകിട വ്യവസായങ്ങൾ അടച്ചുപൂട്ടിയതോ ഭാഗികമായി പ്രവർത്തനം നിർത്തിയതോ ആയ സാഹചര്യങ്ങളിൽ മാത്രമേ ഈ സംസ്ഥാനങ്ങൾ മാന്ദ്യത്തിന്റെ ചൂട് അറിഞ്ഞിട്ടുള്ളൂ. 

ആഗോള സമ്പദ് വ്യവസ്ഥയുടെ നില ചർച്ച ചെയ്യുന്ന സാമ്പത്തിക ശക്തികളുടെ ഗ്രൂപ്പ് 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യക്കുള്ളിൽ ഒരു ജി 38 വിളിച്ചുകൂട്ടാൻ മുൻകൈ എടുക്കേണ്ടതാണ്. കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഉൾപ്പെടുന്ന ഒരു ഗ്രൂപ്പാണിത്. ദേശീയ തലത്തിൽ ശക്തമായ കൂടിയാലോചന സാമ്പത്തികത്തളർച്ച സംബന്ധിച്ച വിഷയങ്ങളിൽ അനിവാര്യമാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള ഉദ്യമങ്ങളിൽ രാഷ്ട്രീയ കക്ഷികൾ കൂടി പങ്കാളികളാകാതെ നിവൃത്തിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA