sections
MORE

ലോകകേരള മൊട്ടുസൂചി

tharangam
SHARE

ലോകകേരള സഭയുടെ ഇക്കാലത്ത്, ലോക വീക്ഷണമുണ്ടാകാൻവേണ്ടി കേരളത്തിൽനിന്ന് ആരു വിദേശയാത്ര നടത്തിയാലും പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായമാണ് അപ്പുക്കുട്ടന്. 

നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, മറ്റു രണ്ടു മന്ത്രിമാർ, ചില ഉന്നത ഉദ്യോഗസ്ഥന്മാർ, ഇതിൽ ചിലരുടെ ഭാര്യമാർ എന്നിങ്ങനെ വലിയൊരു സംഘം ഈയിടെ ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും പോയതിനെ ഈ ലോകകേരള വീക്ഷണകോണിൽകൂടി വേണം നോക്കാൻ. 

സംസ്ഥാനത്തിനു പണമില്ലാത്തതുകൊണ്ട് ട്രഷറി നിയന്ത്രണംപോലുള്ള കലാപരിപാടികൾ നടക്കുകയാണെങ്കിലും നാണമറ പുരപ്പുറത്തുതന്നെ കിടക്കണം എന്ന ലോകകേരള തത്വം നാം മറക്കാൻ പാടില്ല. 

ജനുവരി ആദ്യവാരം നടക്കുന്ന ലോകകേരള സഭയുടെ രണ്ടാം എപ്പിസോഡിന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളെപ്പറ്റി മലയാളം മിഷൻ പുറത്തിറക്കിയ അറിയിപ്പു വായിക്കുന്ന ഏതൊരാൾക്കും സർക്കാർ ചെലവിൽ വിദേശയാത്ര നടത്താതെതന്നെ ലോക വീക്ഷണമുണ്ടാകാവുന്നതേയുള്ളൂ. 

ചെറുകഥ, നാടകം, ലേഖനം, കവിത എന്നീ വിഭാഗങ്ങളിലായി പ്രവാസി വിദ്യാർഥികൾക്കായി ആഗോളാടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ഇപ്പറഞ്ഞ ആഗോളത്തെ ആറു മേഖലകളായി തിരിച്ചിരിക്കുന്നു. 

1.  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 

2.  പടിഞ്ഞാറൻ ഏഷ്യ

3.  ഏഷ്യയിലെ ഇതര രാജ്യങ്ങൾ 

4.  യൂറോപ്പും അമേരിക്കൻ വൻകരകളും 

5.  ഇതര ലോക രാജ്യങ്ങളും പ്രദേശങ്ങളും 

6. അകം കേരളം (പ്രവാസികൾ മാതാപിതാക്കളായ വിദ്യാർഥികൾക്ക്) 

ഓരോ ഇനത്തിലും ഒരാൾക്കു മേഖലാ സമ്മാനം നൽകുമെങ്കിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ആഗോളത്തിലേയുള്ളൂ.

അറിയിപ്പിൽ സമ്മാനത്തുകയുടെ ഭാഗം വായിച്ച് സന്തോഷാശ്രുക്കളാൽ കണ്ണു നിറഞ്ഞുപോയതുകൊണ്ട് മിക്കവർക്കും വായന പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. അതുകൊണ്ട് സമ്മാനത്തുക ഇവിടെ കുറിക്കുന്നു. 

ആഗോള ഒന്നാം സമ്മാനം – 3000 രൂപ 

രണ്ടാം സമ്മാനം – 2000 രൂപ 

മൂന്നാം സമ്മാനം – 1000 രൂപ 

എന്തിനുമേതിനും കിഫ്ബി കിലുക്കുന്ന ചങ്ങാതീ, ആഗോളത്തിൽ 3000 രൂപയൊരു വൻസമ്മാനം തന്നെയാണല്ലേ? 

അമേരിക്കയിലെ മലയാളി വിദ്യാർഥിക്കതു 42 ഡോളറാണ്; യുഎഇയിലാണെങ്കിൽ 150 ദിർഹം. നല്ല ഒരു ജോടി ഷൂസിനുപോലും തികയില്ല ഈ ഒന്നാം സമ്മാനമെന്ന് ജപ്പാനിലേക്കും കൊറിയയിലേക്കും പോകുന്നവർക്ക് അറിയാതിരിക്കില്ല. 

നമ്മുടെ വീക്ഷണം ആഗോളമാകുമ്പോഴും ഒന്നാം സമ്മാനം ഓമന മൊട്ടുസൂചി നിലവാരത്തിൽ പിടിച്ചുനിർത്താനുള്ള ശ്രമം അഭിനന്ദനീയം തന്നെ. 

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശയാത്രയുടെ ചെലവ് വിവരാവകാശ പ്രകാരം ചോദിച്ചിട്ടും അറിയാൻ കഴിയുന്നില്ല എന്നു പരാതിപ്പെടുന്നവർ ഓർക്കുക: ആ തുകയുടെ വലുപ്പം നമുക്കു താങ്ങാൻ കഴിഞ്ഞെന്നു വരില്ല. നമുക്കു പറ്റിയത് ലോകകേരള ആഗോള സമ്മാനങ്ങൾ പോലെയുള്ള ഇളംതുകകൾ മാത്രം. 

സമ്മാനച്ചടങ്ങിന് ഇതിലുമെത്രയോ കൂടുതൽ ചെലവാക്കേണ്ടി വന്നേക്കാം. അതുപക്ഷേ, ആദ്യം പറഞ്ഞ നാണമറ അക്കൗണ്ടിലാണല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA