ADVERTISEMENT

ഉജാല, ബഗീര, സരൾ രാസ്ത... 10 മാസത്തിനിടെ സംസ്ഥാന വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ ചിലത്. പക്ഷേ, പേരുകൊണ്ടു മാത്രമായില്ലല്ലോ. വിജിലൻസ് പരിശോധന എന്നു കേട്ടാൽ സർക്കാർ ഉദ്യോഗസ്ഥർ ചിരിക്കുന്ന സ്ഥിതിയായി. മിന്നൽപരിശോധനകളുടെ റിപ്പോർട്ട് പല ജില്ലകളിൽനിന്നും വിജിലൻസ് ഡയറക്ടർക്ക് അയച്ചിട്ടില്ല. അയച്ചവയിൽ പലതും ക്രോഡീകരിച്ചു സർക്കാരിനു നൽകിയിട്ടില്ല. നൽകിയവയിൽ ഒന്നിൽപോലും സർക്കാർ നടപടി എടുത്തിട്ടുമില്ല.

ഓപ്പറേഷൻ ബഗീര (ഫെബ്രുവരി)

വനം വകുപ്പിന്റെ തടി – ചന്ദന ഡിപ്പോകളിൽ പരിശോധന. ഉദ്യോഗസ്ഥരുടെ ബെനാമികൾ കുറഞ്ഞ വിലയ്ക്കു തടി ലേലത്തിലെടുത്ത് ഉയർന്ന വിലയ്ക്കു മില്ലുകൾക്കു മറിച്ചുവിൽക്കുന്നതു കണ്ടെത്തി. തുടർനടപടിയില്ല.

ഹൈവേ പൊലീസ്  (മാർച്ച്)

47 ഹൈവേ പൊലീസ് വാഹനങ്ങളിൽ പുലർച്ചെ പരിശോധന. ചരക്കുവാഹനങ്ങൾ തടഞ്ഞുള്ള പണപ്പിരിവു കണ്ടെത്തി; ചില പൊലീസുകാരുടെ കയ്യിൽ കണക്കിൽപെടാത്ത പണവും. നടപടിയില്ല.

ബവ്കോ (ഏപ്രിൽ)

62 വിദേശമദ്യ വിൽപനകേന്ദ്രങ്ങളിൽ. മദ്യത്തിനു വിലയെക്കാൾ കൂടിയ നിരക്ക് ഈടാക്കുന്നതു കണ്ടെത്തി. കമ്മിഷൻ കുറഞ്ഞ ബ്രാൻഡ് മദ്യം സ്റ്റോക്കില്ലെന്നു പറയുന്നു. വില കൂടിയ മദ്യം ‘ഡാമേജ്ഡ്’ എന്നു പറഞ്ഞു കരിഞ്ചന്തയിലേക്ക്. കുറ്റക്കാരെല്ലാം ജോലിയിൽ തുടരുന്നു.

 ഓപ്പറേഷൻ ഈഗിൾ വാച്ച് (ജൂൺ)

45 എയ്ഡഡ് സ്കൂളുകളിലും 15 ഡിഇഒ, എഇഒ ഓഫിസുകളിലും. പിടിഎ, കെട്ടിട ഫണ്ടുകളുടെ പേരിൽ വ്യാപക പിരിവു കണ്ടെത്തി. അധ്യാപക, അനധ്യാപക തസ്തികകളിൽ ക്രമവിരുദ്ധ നിയമനം. നടപടിയില്ല.

ഓപ്പറേഷൻ ഉജാല (ജൂൺ)

66 ആർടിഒ, ജോ.ആർടിഒ ഓഫിസുകളിൽ. ഇടനിലക്കാരിലൂടെ വ്യാപക പണപ്പിരിവു കണ്ടെത്തി. അപേക്ഷകൾ തീർപ്പാക്കാൻ കൈക്കൂലി. നടപടിയില്ല.

ചെക് പോസ്റ്റ്  (ജൂലൈ)

ഓണത്തിനു മുന്നോടിയായി അതിർത്തികളിലെ എക്സൈസ്, മോട്ടർവാഹന ചെക് പോസ്റ്റുകളിൽ. അമിതഭാരം കയറ്റിയ വാഹനങ്ങൾ നികുതി കുറച്ചു നൽകി, കൈക്കൂലി വാങ്ങി കടത്തിവിടുന്നു. പല ഓഫിസുകളിലും കണക്കിൽപെടാത്ത പണം. നടപടിയില്ല.

ഓപ്പറേഷൻ സുരക്ഷ (ജൂലൈ)

സർക്കാർ അഗതിമന്ദിരങ്ങളിൽ. അന്തേവാസികൾക്കായുള്ള ഫണ്ട് ഉദ്യോഗസ്ഥർ വെട്ടിക്കുന്നു. നടപടിയില്ല.

ഓപ്പറേഷൻ പ്രവർത്തൻ (ജൂലൈ)

ലീഗൽ മെട്രോളജി ഓഫിസുകളിൽ. അളവുതൂക്ക ഉപകരണങ്ങൾ, ഓട്ടോറിക്ഷാ മീറ്റർ എന്നിവ പരിശോധിക്കുന്നതിന് ഉയർന്ന നിരക്ക് ഈടാക്കുന്നു. ഇടപാടുകൾ പുറത്തുള്ള ഏജൻസി വഴി. ഏജന്റുമാർ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് സർട്ടിഫിക്കറ്റ് നൽകുന്നു. നടപടിയില്ല.

ഓപ്പറേഷൻ ഹണ്ട്  (സെപ്റ്റംബർ)

മൈനിങ് ആൻഡ് ജിയോജളി ഓഫിസുകളിലും ക്വാറികളിലും. പല ക്വാറികളിലും അനുവദിച്ചതിൽ കൂടുതൽ ഖനനം. അളവു കുറച്ചുകാട്ടി സർക്കാർ ഫീസിൽ വെട്ടിപ്പ്്. നടപടിയില്ല.

ഓപ്പറേഷൻ  സരൾ രാസ്ത (സെപ്റ്റംബർ)

പൊതുമരാമത്തു വകുപ്പിന്റെ പൊട്ടിപ്പൊളിഞ്ഞ 40 റോഡുകളിൽ യന്ത്രസഹായത്തോടെ സാംപിൾ ശേഖരണം. ചില റോഡുകളിൽ സ്ഥിരമായി അറ്റകുറ്റപ്പണി നടത്തുന്നതും അവ വീണ്ടും തകരുന്നതും കണ്ടെത്തി. പല റോഡുകളും ഇന്നും അതേ നിലയിൽ.

ബ്ലോക്ക് റിസോഴ്സ് സെന്റർ (ഒക്ടോബർ)

വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ, നഗരസഭകളിലെ റവന്യു ഡിവിഷൻ എന്നിവിടങ്ങളിൽ. വിദ്യാഭ്യാസ നിലവാരം ഉയർത്താനും കെട്ടിട നിർമാണത്തിനുമുള്ള ലക്ഷങ്ങൾ കീശയിലാക്കുന്നു. ആരുടെയും നിലവാരം ഉയർന്നില്ല.

Businessman taking pile of money, Indian Rupee banknotes, on his desk in a dark office  - corruption concept (Businessman taking pile of money, Indian Rupee banknotes, on his desk in a dark office  - corruption concept, ASCII, 109 components, 109 byte
Businessman taking pile of money, Indian Rupee banknotes, on his desk in a dark office - corruption concept (Businessman taking pile of money, Indian Rupee banknotes, on his desk in a dark office - corruption concept, ASCII, 109 components, 109 byte

ഓപ്പറേഷൻ ക്ലീൻ കൃഷി (ഒക്ടോബർ)

കർഷക സമിതി രൂപീകരിച്ച പഞ്ചായത്തുകളിൽ. ഉപകരണങ്ങൾ അനധികൃതമായി വാടകയ്ക്കു നൽകി ഉദ്യോഗസ്ഥർ പണമുണ്ടാക്കുന്നു. കൃഷി കർമസേനയുടെ ഫണ്ടിലും വെട്ടിപ്പ്. ഒന്നും ക്ലീനായില്ല.

സിമന്റ് ലോറി (നവംബർ)

ചെക് പോസ്റ്റുകളിലൂടെ അമിതഭാരം കയറ്റി വന്ന സിമന്റ് ലോറികളിൽ. വ്യാപക നികുതിവെട്ടിപ്പ്. ഭാരം നോക്കാതെ ലോറികൾ കടത്തിവിടുന്നു. നടപടിയില്ല.

ഓപ്പറേഷൻ വെൽഫെയർ (നവംബർ)

അങ്കണവാടികൾക്കായുള്ള സംയോജിത ശിശുവികസന പദ്ധതി നടത്തിപ്പിൽ ക്രമക്കേടു കണ്ടെത്തി. ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേർന്നു വെട്ടിപ്പ്. നടപടിയില്ല.

ഫയൽ ‘മുങ്ങും’

ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദേശിച്ചു വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചാൽ എന്തു സംഭവിക്കും? റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ എത്തിയാൽ പിന്നെ വെളിച്ചം കാണില്ല! വിജിലൻസ് സമർപ്പിക്കുന്ന റിപ്പോർട്ടിനു വകുപ്പുകൾ രസീതു നൽകാറില്ല. നടപടി വിവരം വകുപ്പുകളോടു ചോദിച്ചാൽ റിപ്പോർട്ട് കിട്ടിയില്ലെന്നാകും മറുപടി.

റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്നു വിശദീകരിച്ചാൽ രസീത് ആവശ്യപ്പെടും. രസീത് കിട്ടിയില്ലെന്നറിയിച്ചാൽ വീണ്ടും റിപ്പോർട്ട് ചോദിക്കും. അങ്ങനെ ഒരേ റിപ്പോർട്ട് പലവട്ടം ഓഫിസുകൾ കയറിയിറങ്ങി നടപടിയാകുമ്പോഴേക്കും അഴിമതി കാട്ടിയവർ വിരമിച്ചിരിക്കാം.

‘റിപ്പോർ‌ട്ട് മുക്കലിൽ’ സഹികെട്ട് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഒടുവിൽ ഉത്തരവിറക്കി: ‘വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭിച്ച് 5 ദിവസത്തിനകം കൈപ്പറ്റ് രസീത് നൽകിയിരിക്കണം.’ ഇൗ ഉത്തരവിനും സെക്രട്ടേറിയറ്റിൽ പുല്ലുവിലതന്നെ.മിന്നൽപരിശോധനയെക്കാൾ അത്യാവശ്യം തുടർനടപടികളാണ്. അതിൽ വീഴ്ച വരുത്തുന്ന വിജിലൻസിനുതന്നെ വേണം ‘ഓപ്പറേഷൻ’.

∙ നിയമസഭയിൽ ചോദിച്ചാലും ‘സ്വന്ത’ക്കാരുടെ കാര്യത്തിൽ മൗനം- ചോദിച്ചോളൂ, ചോദിച്ചോളൂ... വിവരം ശേഖരിക്കട്ടെ

സാധാരണ പൗരന്റെ ചോദ്യത്തിനു സർക്കാർ ഉത്തരം തരുന്നില്ലെന്നതു പോകട്ടെ. എംഎൽഎമാർ നിയമസഭയിൽ ചോദിച്ചാലോ? സർക്കാരിനു വേണ്ടപ്പെട്ടവരെ സംബന്ധിച്ചെങ്കിൽ ഉത്തരമില്ല. കെ. മുരളീധരൻ ചോദിച്ച 4 ചോദ്യങ്ങൾക്ക് 2018 ഡിസംബർ 12നു മുഖ്യമന്ത്രി ഉത്തരം പറഞ്ഞു: വിവരം ശേഖരിച്ചുവരുന്നു.5 മാസം കഴിഞ്ഞ് പി.സി.ജോർജും മുഖ്യമന്ത്രിയോട് ഇതേ ചോദ്യങ്ങൾ ചോദിച്ചു. മേയ് 28നു മറുപടി: വിവരം ശേഖരിച്ചു വരുന്നു.

ഇത്ര സമയമെടുത്തു വിവരം ശേഖരിക്കുന്ന ചോദ്യങ്ങളിവ:

1. സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര പൊതുമേഖല / സ്വയംഭരണ സ്ഥാപന മേധാവികൾ, വകുപ്പ് അധ്യക്ഷർ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി? പേര്, സ്ഥാപനം, പ്രോസിക്യൂഷൻ അനുമതിയുടെ തീയതി വ്യക്തമാക്കുക.

2. ഇതിൽ എത്ര പേർ സർവീസിൽ തുടരുന്നു? ഏതെല്ലാം തസ്തികകളിൽ? സാമ്പത്തിക ക്രമക്കേടിനു പ്രോസിക്യൂഷൻ നടപടി നേരിടുന്ന എത്ര ഉദ്യോഗസ്ഥരുണ്ട്?

3. പ്രോസിക്യൂഷൻ അനുമതിക്കായി എത്ര ഫയലുകളാണു മുഖ്യമന്ത്രിയുടെ ഓഫിസിലും വിജിലൻസിലും ഉള്ളത്?

4. പ്രോസിക്യൂഷൻ നടപടി േനരിടുന്ന ഉദ്യോഗസ്ഥർക്കു സ്വകാര്യ / ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രാനുമതി നൽകാറുണ്ടോ? യാത്രാനുമതി ലഭിച്ച / നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ.

ഇൗ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെങ്കിൽ വേണ്ടപ്പെട്ട പല ഉന്നതരുടെയും പേരു പറയേണ്ടിവരും. മന്ത്രിമാരുടെ ഇഷ്ടക്കാർ, പാർട്ടിയുടെ ഇടപാടുകാർ, 5 ഐഎഎസുകാർ, 4 ഐപിഎസുകാർ ഒക്കെ പട്ടികയിലുണ്ട്.

വിഴുങ്ങി, കരിമണിമാല!

കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ ആയിരിക്കെ കെ.മോഹനൻ എന്നയാൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തളിപ്പറമ്പിലെ വീട്ടിൽ 2014 ജനുവരിയിൽ കോഴിക്കോട്ടെ വിജിലൻസ് സംഘത്തിന്റെ പരിശോധന. ഗൃഹനാഥയുടെ 178 ഗ്രാം സ്വർണവും വീട്ടിലുണ്ടായിരുന്ന 36,000 രൂപയും പരിശോധനയ്ക്കായി കൊണ്ടുപോയി; കൂട്ടത്തിൽ കരിമണിമാലയും. മാലയുടെ കാര്യം രേഖയിലാക്കിയില്ല, തിരിച്ചുകൊടുത്തുമില്ല.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മോഹനന്റെ ഭാര്യ കോടതിയിലും പിന്നീട് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിക്കും പരാതി നൽകി. പരിശോധനയുടെ വിഡിയോ ദൃശ്യം അതോറിറ്റി ആവശ്യപ്പെട്ടെങ്കിലും വിജിലൻസ് നൽകിയില്ല. എന്നാൽ, കരിമണിമാല കൂട്ടത്തിലുണ്ടായിരുന്നെന്നു വിജിലൻസ് സംഘത്തിന്റെ ഗോൾഡ് അപ്രൈസർ മൊഴി നൽകി.

ഉടമയ്ക്കു സർക്കാർ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം 3 മാസത്തിനകം നൽകണമെന്ന് 2017 മേയിൽ അതോറിറ്റി ഉത്തരവായി. ഇതുവരെ നടപടിയില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിലാകട്ടെ, 5 വർഷം കഴിഞ്ഞിട്ടും കുറ്റം കണ്ടെത്തിയില്ല. കേസ് തീരാത്തതിനാൽ പിടിച്ചെടുത്ത സ്വർണവും പണവും വിട്ടുകൊടുത്തിട്ടുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com