sections
MORE

കണ്ണുതുറന്നു കാണണം, ഇവരെ: കെ.ബി. വത്സലകുമാരി

nottam
SHARE

കേരളത്തിന്റെ മുഴുവൻ മനഃസാക്ഷിയെ പൊള്ളിച്ച വാർത്തയാണ് തിരുവനന്തപുരത്തെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ദുരിതജീവിതം.

വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന രീതിയിലേക്ക് ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നുവെന്ന് അഭിമാനിക്കുന്ന, അഹങ്കരിക്കുന്ന കേരളത്തിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നതു ലജ്ജിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യണം. ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടടുത്താണ് ഇതെല്ലാം നടന്നതെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം. 

പലതരത്തിലുള്ള ന്യായീകരണങ്ങളും വരുന്നുണ്ടെങ്കിലും ചില ചോദ്യങ്ങൾ ശേഷിക്കുന്നു: എന്തുകൊണ്ടാണ് അവരുടെ അടുപ്പിൽ തീ പുകയാതിരുന്നത്? എന്തുകൊണ്ടാണ് അവരുടെ ദുരിതം ആരും കാണാതിരുന്നത്? എന്തുകൊണ്ടാണ് അധികൃതരാരും അവരെ തേടിയെത്താതിരുന്നത്? എന്തുകൊണ്ടാണ് അധികൃതരെ അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നവർ മാറിനിന്നത്? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, ഉത്തരം തീർച്ചയായും കണ്ടുപിടിക്കേണ്ട ചോദ്യങ്ങൾ.

പക്ഷേ, ഇപ്പോൾ അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവർക്കു വേണ്ട സഹായങ്ങൾ സർക്കാരും നഗരസഭയും സന്നദ്ധ സംഘടനകളുമൊക്കെ നൽകുന്നുണ്ട്. അതോടൊപ്പം, ആ കുട്ടികൾക്ക് അടിയന്തരമായി വിദഗ്ധ വൈദ്യസഹായം നൽകണം. പോഷകാഹാരക്കുറവിന്റെ ലക്ഷണമാണ് മണ്ണുതിന്നൽ. അവർ തിന്നതു മാലിന്യം അടിഞ്ഞുകൂടിയ മണ്ണാണ്. വലിയ രോഗസാധ്യതകളുണ്ട്.

ആ അമ്മ കടന്നുപോയ വിഷമങ്ങളെക്കുറിച്ച് ഒരു അമ്മയെന്ന നിലയിൽ ഓർക്കാൻകൂടി വയ്യ. 6 പിഞ്ചുകുഞ്ഞുങ്ങളുള്ള ഒരമ്മയ്ക്ക് സർക്കാർ ആനുകൂല്യങ്ങൾക്കു വേണ്ടി ഓഫിസുകൾ കയറിയിറങ്ങാൻ കഴിഞ്ഞെന്നുവരില്ല.

താൽക്കാലിക റേഷൻ കാർഡെങ്കിലും ലഭിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടായിരുന്നു. അതുപോലും നിഷേധിക്കപ്പെട്ടു.

ഈ അമ്മയുടെയും കുട്ടികളുടെയും ദുരിതകഥ നമ്മുടെ കണ്ണുതുറപ്പിക്കണം. എല്ലാം ഭദ്രമെന്നു മേനി നടിക്കുമ്പോൾത്തന്നെ നമ്മുടെയിടയിൽ ഇങ്ങനെയുള്ള യാഥാർഥ്യം കൂടിയുണ്ടെന്ന് അംഗീകരിക്കാൻ തയാറാവണം. അയൽവീട്ടിൽ അടുപ്പു പുകയുന്നുണ്ടോ എന്നറിയാനുള്ള സാമൂഹികബോധം നമുക്കെല്ലാം വേണം.

അതു സർക്കാരിന്റെ ബാധ്യതയാണെ‌ന്നു പറഞ്ഞ് മാറിയിരിക്കാൻ പാടില്ല. നമുക്കിടയിലുള്ള ഇത്തരം കുടുംബങ്ങളെ കണ്ടെത്താൻ സർക്കാർ പ്രത്യേകമായി ഒരു സർവേ അടിയന്തരമായി നടത്തണം.

ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തി സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഇവർക്കു ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘ആശ്രയ’ പദ്ധതിക്കുവേണ്ടി നേരത്തേ ഒരു സർവേ നടത്തിയിരുന്നു. ഇത്തരം സർവേയിലൊന്നും ഉൾപ്പെടാത്തവർ ഉണ്ടെന്നാണ് തിരുവനന്തപുരത്തെ സംഭവം നമ്മെ ഓർമപ്പെടുത്തുന്നത്.

ദാരിദ്ര്യം മൂലം ദുരിതമനുഭവിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സർക്കാരിനെ അറിയിക്കാൻ പുതിയ സാങ്കേതികവിദ്യയുടെ സഹായം തേടണം.

ഒരു മൊബൈൽ ആപ്ലിക്കേഷൻ രൂപപ്പെടുത്തിയാൽ ആർക്കും ഇത്തരം വിവരങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ കഴിയും. ദാരിദ്ര്യനിർമാർജനത്തിനുള്ള വിവിധ സർക്കാർ പദ്ധതികൾ ഏകോപിപ്പിക്കേണ്ടതു തദ്ദേശസ്ഥാപനങ്ങളാണ്.

മെംബർമാർ \ കൗൺസിലർമാർ തങ്ങളുടെ പരിധിയിലുള്ള എല്ലാ കുടുംബങ്ങളുടെയും യഥാർഥ അവസ്ഥ അറിഞ്ഞിരിക്കണം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വാർഡ് സഭകൾ എന്നിവിടങ്ങളിലൊക്കെ ഈ കുടുംബങ്ങളുടെ ക്ഷേമം ചർച്ചയാകണം. അതിലൂടെ മാത്രമേ, ദാരിദ്ര്യനിർമാർജനം ഫലപ്രദമാകൂ; ‘കേരളം നമ്പർ വൺ’ എന്ന വിശേഷണം അന്വർഥമാകൂ.

(കുടുംബശ്രീ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA