ADVERTISEMENT

പ്രതിപക്ഷ പ്രവർത്തനം കാര്യക്ഷമവും ശക്തവുമാക്കാൻ ചില ഘടകങ്ങൾ അനിവാര്യമായി വിലയിരുത്താറുണ്ട്. പ്രതിപക്ഷത്തെ മുഖ്യകക്ഷിയുടെ സംഘടനാശേഷിയാണ് ആദ്യത്തേത്. യുവജന, വിദ്യാർഥി സംഘടനകളുടെ സമരശേഷിയാണു രണ്ടാമത്തേത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആവേശകരമായ പ്രകടനമായിരുന്നു പ്രതിപക്ഷത്തിന്റേത്. വട്ടിയൂർക്കാവ്, കോന്നി ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ ഞെട്ടിക്കാനായതിന്റെ ശൗര്യമൊന്നും ഭരണപക്ഷത്തിന് അവിടെ പ്രകടിപ്പിക്കാനായില്ല. അതു സഭയ്ക്കുള്ളിലെ കാര്യം, പുറത്തോ?

യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് ഒരു വർഷത്തോളമായി സംഘടനാപരമായി ‘വൺമാൻ ഷോ’ ആണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു സഹ ഭാരവാഹികളില്ല. പ്രതിപക്ഷത്തിന്റെ ഓജസ്സും വീര്യവുമെല്ലാം പ്രകടിപ്പിക്കേണ്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം ഏതാനും നാളായി മരവിച്ച മട്ടിലും.

കാലാവധി പിന്നിട്ടു വർഷങ്ങളായിട്ടും യൂത്ത് കോൺഗ്രസിനു പുതിയ നേതൃത്വത്തെ അവരോധിക്കാൻ കഴിയുന്നില്ല. അതിന്റെ പേരിലെ തർക്കം മുറുകിയപ്പോൾ യൂത്ത് കോൺഗ്രസ് കമ്മിറ്റികളാകെ ദേശീയ നേതൃത്വം പിരിച്ചുവിട്ടു. കെപിസിസിക്കു പ്രസിഡന്റും രണ്ടു വർക്കിങ് പ്രസിഡന്റുമാരുമുണ്ടെന്നു പറയാം, യൂത്ത് കോൺഗ്രസിനു ഘടകം പോലുമില്ല. ഇതാണു ‘മൂത്തതി’ന്റെയും ‘യൂത്തിന്റെ’യും അവസ്ഥ. പ്രസിഡന്റും കമ്മിറ്റിയുമെല്ലാമുള്ള കെഎസ്‌യു നാടുനീളെ ലാത്തിയടിയേറ്റു വശം കെട്ടിരിക്കുകയുമാണ്.

വരുന്നു, വൻ പോരാട്ടങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന സെപ്റ്റംബറിൽ നടക്കും. ഒക്ടോബറിൽ അവരുടെ സ്ഥാനാരോഹണം കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു കടക്കാൻ കഷ്ടിച്ചു നാലുമാസം. ഫെബ്രുവരിയോടെ തിരഞ്ഞെടുപ്പു വിജ്ഞാപനം വരികയും ഫൈനൽ മത്സരത്തിനു കളമൊരുങ്ങുകയും ചെയ്യും. രണ്ടു വലിയ രാഷ്ട്രീയ മത്സരങ്ങൾ‍ക്കും ഒരുമിച്ചു മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ട വെല്ലുവിളിയാണ് മുന്നണികൾക്കു മുന്നിൽ.

യുഡിഎഫിനും കോൺഗ്രസിനും അതിലേക്കു ഗൗരവത്തോടെ കടക്കാൻ സാധിക്കുന്നോയെന്ന ചോദ്യം മുന്നണിയിലും പാർട്ടിയിലും ശക്തമാണ്. വിളിക്കാൻ ഭാരവാഹികൾ ഇല്ലാത്തതിനാൽ ഡിസിസി പ്രസിഡന്റുമാരുടെ യോഗമാണ് ഈയിടെ കെപിസിസി പ്രസിഡന്റ് വിളിച്ചുചേർത്തത്. ക്രിയാത്മകമായ ചർച്ച അവിടെ നടന്നുവെന്ന വിലയിരുത്തലിൽ കൊച്ചിയിൽ ഈ 9നു വീണ്ടും അവരുടെ യോഗം ചേരുന്നു. മലപ്പുറം, വയനാട്, കാസർകോട് ഒഴികെ 11 ഡിസിസികളിലും ജംബോ സമിതികളായതിനാൽ നേതൃയോഗം വിളിച്ചു രാഷ്ട്രീയ സംഘടനാ തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും കഴിയാത്തതിലെ പ്രയാസങ്ങളാണ് ഭൂരിപക്ഷവും ആദ്യ യോഗത്തിൽ കെട്ടഴിച്ചത്. എംപിമാരായതോടെ ഡിസിസി പ്രസിഡന്റ് പദവിയിൽ സാങ്കേതികമായി മാത്രം തുടരുന്ന വി.കെ. ശ്രീകണ്ഠനും (പാലക്കാട്) ടി.എൻ.പ്രതാപനും (തൃശൂർ) പകരക്കാരെ കണ്ടെത്താനും സാധിച്ചിട്ടില്ല.

പരിമിതികൾക്കിടയിലും ജില്ലകളിൽ‍ മൂന്നു മാസത്തെ പരിപാടികളിട്ടു മുന്നോട്ടുപോകാനും പാർട്ടിക്കു പ്രവർത്തന ഫണ്ട് കണ്ടെത്താനും ഡിസിസികൾ തയാറായി. കൂട്ടത്തിൽ‍ ഒറ്റക്കെട്ടായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും അവർ പറഞ്ഞത് ഒറ്റക്കാര്യമാണ്: ‘ ജംബോസമിതി കൊണ്ടു ഞങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കെപിസിസിയിൽ കൂടി ആളെ കുത്തിനിറച്ചു കോൺഗ്രസിനോടുള്ള മതിപ്പും പാർട്ടിയുടെ സാധ്യതകളും ഇല്ലാതാക്കരുത്.’

വരുമോ, മികച്ച ടീം?

കെപിസിസിയുടെ പ്രധാന ഭാരവാഹിത്വത്തിലേക്ക് അറുപതോളം പേരുടെ പട്ടിക തയാറാക്കി ഒപ്പിട്ടു കോൺഗ്രസ് അധ്യക്ഷയ്ക്കു സമർപ്പിച്ച പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ആ പട്ടികയെ പരസ്യമായി തള്ളിപ്പറയുന്ന അസാധാരണ സാഹചര്യമാണുണ്ടായിരിക്കുന്നത്. തന്റെ വിയോജനക്കുറിപ്പും മുല്ലപ്പള്ളി ഹൈക്കമാൻഡിനു കൈമാറി എന്നാണു വിവരം. പട്ടികയിലെ ഓരോ പേരുകാരനെയും കുറിച്ചുള്ള അഭിപ്രായങ്ങൾ അതിലടങ്ങുന്നു. തയാറാക്കിയവർക്കു തന്നെ മതിപ്പില്ലാത്ത പട്ടികയ്ക്ക് എങ്ങനെ അംഗീകാരം നൽകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ചോദിക്കുന്നത്.

വലിയ രാഷ്ട്രീയപ്പോരാട്ടങ്ങൾക്കു തയാറെടുക്കുന്ന കോൺഗ്രസ്, ഗ്രൂപ്പ് പരിഗണനകളും വ്യക്തിതാൽപര്യങ്ങളുമെല്ലാം മാറ്റിവച്ച് പ്രതീക്ഷ പകരുന്ന മികവുറ്റ ടീമിനെ സജ്ജരാക്കുമോ എന്നു മുസ്‌ലിം ലീഗ് അടക്കം ശ്രദ്ധിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക സൃഷ്ടിച്ച ചലനങ്ങളാണ് അവർ ഓർമിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയടക്കം അതിൽ ഇടംപിടിച്ചതിന്റെ ഷോക്കിൽ നിന്നു കരകയറാൻ ഇടതുമുന്നണിക്കു കഴിഞ്ഞതേയില്ല. മികവും പ്രാപ്തിയും പൊതു അംഗീകാരവുമുള്ളവരെ മുന്നിൽ നിർത്തുമ്പോൾ ജനങ്ങൾ നൽകുന്ന മാർക്ക് മുഖ്യമെന്ന വാദം ശക്തമാകുന്നു.

ഇതൊക്കെയെങ്കിലും ഗ്രൂപ്പ് മത്സരം മാറ്റിവച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തെ തിരഞ്ഞെടുക്കാൻ ഒരുമിച്ചു നിൽക്കുന്നില്ലേയെന്ന് എ–ഐ ഗ്രൂപ്പുകൾ കൈകോർത്തു ചോദിക്കുന്നുണ്ട്. ‘എ’യുടെ ഷാഫി പറമ്പിലിനെ പ്രസിഡന്റാക്കുകയാണു പൊതുധാരണയും താൽപര്യവുമെങ്കിൽ എതിർക്കില്ലെന്നു രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസിന്റെ പേരിൽ കെ.കരുണാകരനും എ.കെ.ആന്റണിയും നയിച്ച ചേരികൾ തെരുവിൽ തമ്മിലടി നടത്തിയ നാളുകളിൽനിന്ന് ഇതൊരു വലിയ മാറ്റമല്ലേയെന്നു ചോദിക്കുന്നവരുമുണ്ട്. കോൺഗ്രസിനു ശുഭസൂചനകൾ ഇല്ലെന്നല്ല. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഗൗരവത്തോടെയും ഫലപ്രദമായും സമീപിക്കുന്നോ എന്നതാണു ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com