sections
MORE

ടെലികോം നിരക്കുവർധനയെ പ്രതിരോധിക്കാം; ഉപയോക്താക്കൾ സ്മാർട്ടാകണം

Nottam sibi
SHARE

ഇന്ത്യയിലെ 117 കോടിയോളം വരുന്ന മൊബൈൽ വരിക്കാർക്ക് ഇനി അത്ര സുഖകരമല്ലാത്ത കാലം. ദിവസവും മണിക്കൂറുകളോളം മൊബൈലിൽ സംസാരിച്ചും കണക്കില്ലാതെ സന്ദേശങ്ങളയച്ചും ഒട്ടേറെ വിഡിയോകൾ കണ്ടും മൊബൈൽ വിപ്ലവം പരമാവധി ആഘോഷിച്ച ഇന്ത്യക്കാർ ഇനി കൂടിയ ചാർജ് കൊടുക്കാതെ വഴിയില്ല. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ ഇന്ത്യയിലാണുള്ളത്. ഇന്ത്യയിൽ മൊബൈൽ ബാങ്കിങ്ങും മൊബൈൽ - ആധാർ ലിങ്ക് ചെയ്തു മെച്ചപ്പെട്ട പൊതുവിതരണ പദ്ധതികളും വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതിനു കാരണം, ആർക്കും താങ്ങാൻ പറ്റുന്ന മൊബൈൽ, ഇന്റർനെറ്റ് നിരക്കുകളായിരുന്നു.

ഏറ്റവും കുറവ് മൊബൈൽ നിരക്കുകളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇതുവരെ ഇന്ത്യ. ഒരു ജിബി ഡേറ്റയ്ക്ക് യുഎസിൽ ശരാശരി 12.37 ഡോളറും യുകെയിൽ 6.66 ഡോളറും ചൈനയിൽ 9.89 ഡോളറും കൊടുക്കേണ്ടിവരുമ്പോൾ, നമ്മൾ കൊടുത്തിരുന്നത് വെറും കാൽ ഡോളർ (0.26) മാത്രം. ഇന്ത്യൻ രൂപയിൽ നോക്കുമ്പോൾ ലോക ശരാശരി 600 രൂപയും ഇന്ത്യയിലേത് 20 രൂപയ്ക്കു താഴെയും! ഇന്ത്യയിൽ 97% ഇന്റർനെറ്റ് ഉപയോഗവും സ്മാർട് ഫോണിലെ കോൾ - ഡേറ്റ പാക്കേജിലൂടെയാണ്.

ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) സമയോചിത ഇടപെടലും ടെലികോം കമ്പനികളുടെ മത്സരവും കൊണ്ടാണ് ഇത്രയും കുറഞ്ഞ നിരക്കുകൾ ഉപയോക്താക്കൾക്കു ലഭിച്ചത്. പക്ഷേ, ഇതിന്റെ ഒരു പരിണിത ഫലം കമ്പനികൾ കടക്കെണിയിലായി എന്നതാണ്. അതോടെ, മൊബൈൽ ടവർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും നൂതന സാങ്കേതിക സൗകര്യങ്ങൾ ഉപയോക്താക്കൾക്കു നൽകുന്നതിലും അവർ വീഴ്ച വരുത്തി. കുറെ നാളുകളായി നാം അനുഭവിക്കുന്ന കോൾ ഡ്രോപ്പുകളും (സംഭാഷണത്തിനിടെ കോൾ മുറിഞ്ഞു പോകുന്നത്) കോൾ കിട്ടാൻ പല തവണ വിളിക്കേണ്ടിവരുന്നതും ഇന്റർനെറ്റ് വേഗമില്ലായ്മയും ഇക്കാരണങ്ങൾ കൊണ്ടാണ്.

ഈ സാഹചര്യത്തിൽ ടെലികോം മേഖലയിൽ വൻ നിക്ഷേപങ്ങൾ വേണ്ടിവരുന്നു. അതിനുള്ള ഒരു പോംവഴി നിരക്കു വർധനയാണ്. അത് ഉപയോക്താക്കൾക്ക് അമിതഭാരം വരുത്താതിരിക്കാനും ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തിനു പ്രതികൂലമാകാതിരിക്കാനും സർക്കാരും ‘ട്രായി’യും നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കാം. ടെലികോം കമ്പനികളുടെ ഏകപക്ഷീയ തീരുമാനം നിരക്കുവർധനയിൽ വരാതിരിക്കാൻ കോംപറ്റീഷൻ കമ്മിഷൻ ശ്രദ്ധിക്കുമെന്നും പ്രത്യാശിക്കാം.

ഈ സന്ദർഭത്തിൽ ഉപയോക്താക്കൾ സ്വന്തം ടെലികോം – ഇന്റർനെറ്റ് ഉപയോഗം വിലയിരുത്തുന്നതു നന്നാവും. ഇക്കഴിഞ്ഞ മാർച്ചിലെ കണക്കു പ്രകാരം ഇന്ത്യയിൽ ഒരാളുടെ ഒരുമാസത്തെ ശരാശരി മൊബൈൽ വിളി 12 മണിക്കൂറാണ്. മിക്ക കമ്പനികളും പരിധിയില്ലാത്ത കോളുകൾ നൽകുന്നതു കൊണ്ടാണിത്. ഒരുമാസം ശരാശരി 9 ജിബി ഡേറ്റയും ഉപയോഗിക്കുന്നു. ഇതിൽ എത്രത്തോളം ആവശ്യത്തിനാണ്, എത്രത്തോളം പരിധിയില്ലാത്ത വിനോദത്തിനാണ്, എത്രത്തോളം അനാവശ്യത്തിനാണ് എന്നു പരിശോധിക്കണം.

വിവേകത്തോടെയുള്ള ഉപയോഗം ഒരു പരിധിവരെ ഡേറ്റാ ഉപയോഗം കുറയ്ക്കും. ഉദാഹരണമായി ഫോണിൽ ബാക്ക് ഗ്രൗണ്ട് ആപ്പായി സെറ്റ് ചെയ്താൽ ഫെയ്സ്ബുക് 73% ഡേറ്റയും വാട്സാപ് 54% ഡേറ്റയും ഉപയോഗിക്കുന്നു. ഫോൺ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ ആപ്പുകൾ ബാക്ക് ഗ്രൗണ്ടിൽ പ്രവർത്തിച്ചു ഡേറ്റ ഉപയോഗിക്കുന്നതു തടയാം. നിയന്ത്രണമില്ലാതെ, വിനോദത്തിനുള്ള സ്മാർട് ഫോൺ ഉപയോഗം നമ്മുടെ ഉൽപാദനക്ഷമത, യുവാക്കളുടെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ത്വര, കായികക്ഷമത, ആരോഗ്യപരമായ സൗഹൃദം എന്നിവയ്ക്കു മങ്ങലേൽപിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടിയ നിരക്കുകൾ ഒരുപക്ഷേ, നമ്മളെ കൂടുതൽ ഉത്തരവാദിത്തത്തോടെ സ്മാർട് ഫോൺ ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.

ടെലികോം കമ്പനികൾ നിരക്കുകൾ വിശദമായും സുതാര്യമായും ഉപയോക്താക്കൾക്കു മുന്നിൽ അവതരിപ്പിക്കാൻ ട്രായ് കർശന നിർദേശം നൽകണം. നിരക്കുവർധനയുടെ പേരിൽ ഉപയോക്താവിന്റെ കണ്ണിൽ മണ്ണിട്ട് സേവനമേന്മ ഉറപ്പാക്കാതിരിക്കുന്നത് സർക്കാരിന്റെയും ട്രായിയുടെയും ശ്രദ്ധയിൽ‌പെടുത്താൻ വരിക്കാരും ഉപയോക്താക്കളുടെ സംഘടനകളും ജാഗരൂകരായിരിക്കണം.

(ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനായ ലേഖകൻ, ടെലികോം റഗുലേറ്ററി അതോറിറ്റി മുൻ ഉപദേഷ്ടാവാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA