റിയലല്ല, തിരയരുത്, ആ വിഡിയോ

vireal
SHARE

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം എല്ലാവരെയും ഞെട്ടിച്ചതാണ്. സംഭവം പുറത്തു വന്നതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന പല വിഡിയോകളും വാർത്തകളുമെത്തി. സംഭവത്തിന്റെ വിഡിയോ ഇന്റർനെറ്റിൽ ലഭ്യമാണോ എന്ന് ആയിരക്കണക്കിനു പേരാണ് സെർച് ചെയ്തതത്രേ. കിട്ടുന്ന ഏതെങ്കിലും വിഡിയോ വൈകാതെ പ്രചരിക്കാൻ തുടങ്ങും. അങ്ങനെ വിഡിയോകൾ ഫോണിൽ കിട്ടുകയാണെങ്കിൽ ആർക്കും ഫോർവേഡ് ചെയ്യരുത്. കയ്യോടെ ഡിലീറ്റ് ചെയ്തു കളയുക.

 കൊടുംക്രൂരതയാണ്, മതമില്ല

ഹൈദരാബാദ് കേസിലെ 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, പ്രതികൾ പ്രത്യേക മതത്തിൽപെട്ടവരാണെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ട്. ഈ 4 പ്രതികളിൽ പല സമുദായങ്ങളിൽപെട്ടവരുണ്ട് എന്നതാണു വാസ്തവം. സംഭവിച്ചതു കൊടുംക്രൂരതയാണ്. അതിനു ജാതിയും മതവുമൊന്നുമില്ല.

 ആ നമ്പർ നിലവിലില്ല

ഹൈദരാബാദ് സംഭവത്തിനു പിന്നാലെ വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ട ഒരു മെസേജാണ് ഇത്: ‘‘നിങ്ങൾക്കു പരിചയമുള്ള എല്ലാ സ്ത്രീകൾക്കും ഈ സന്ദേശം അയയ്ക്കൂ. അടിയന്തരഘട്ടങ്ങളിൽ അവർക്കു സഹായം തേടാനുള്ള പൊലീസിന്റെ ‘നിർഭയ’ നമ്പറാണിത് – 9833312222. ഈ നമ്പറിലേക്ക് മെസേജ് അയയ്ക്കുകയോ മിസ്ഡ് കോൾ അടിക്കുകയോ ചെയ്താൽ പൊലീസ് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്തി സഹായത്തിനെത്തും.’’

എന്നാൽ, ഈ നമ്പർ 2015ൽ മുംബൈയിൽ വനിതാ യാത്രക്കാർക്കായി റെയിൽവേ ആരംഭിച്ച നിർഭയ ഹെൽപ് ലൈൻ നമ്പറാണ്. 3 വർഷം കഴിഞ്ഞ് ഇതിന്റെ സേവനം അവസാനിപ്പിക്കുകയും ചെയ്തു. ഇതു ദേശവ്യാപക ഹെൽപ് ലൈൻ ആയിരുന്നില്ല. ഇതിൽ വിളിച്ചാൽ ഇപ്പോൾ കിട്ടുകയുമില്ല.

വിദ്യാർഥികളെ വെറുതേ വിടൂ!

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയിച്ച കുട്ടികളുടെ ആഘോഷം എന്ന പേരിൽ ഒരു വിഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്. യൂണിഫോമിലുള്ള കുറച്ചു പെൺകുട്ടികൾ ബീയർ കുപ്പിയിലുള്ള എന്തോ കുടിക്കുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്. ഈ വിഡിയോ വളരെ മുൻപു തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ്. സംസ്ഥാന സ്കൂൾ കലോത്സവവുമായി ഇതിന് ഒരു ബന്ധവുമില്ല. ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് ഫോർവേഡ് ചെയ്യും മുൻപ് ഓർത്തോളൂ.

ആ കുഞ്ഞിന് അപൂർവ രോഗമായിരുന്നു

കണ്ടാൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വിഡിയോയും ഒപ്പമൊരു ഓഡിയോയും വാട്സാപ്പിൽ പ്രചരിക്കുന്നത് നിങ്ങൾക്കും കിട്ടിയിട്ടുണ്ടാകുമല്ലോ. അസമിൽ ‘രാക്ഷസ ശിശു’ പിറന്നു, ജനിച്ചു മണിക്കൂറുകൾക്കുള്ളിൽ 14 കിലോ തൂക്കമായി, പ്രസവത്തിൽ അമ്മ മരിച്ചു, അമ്മയുടെ ശരീരഭാഗമൊക്കെ ഗർഭപാത്രത്തിൽ വച്ചു കുഞ്ഞ് തിന്നു, കുഞ്ഞിനെ പരിചരിച്ച നഴ്സ് മരിച്ചു... ഇങ്ങനെയൊക്കെയാണ് മലയാളത്തിലുള്ള ശബ്ദസന്ദേശത്തിൽ പറയുന്നത്. ഒടുവിൽ കുത്തിവയ്പുകൾ നൽകി കുഞ്ഞിനെ കൊന്നുവത്രേ! 

ഇൗ സന്ദേശം കിട്ടിയാൽ ചവറ്റുകൊട്ടയിലിടണം. പറയുന്നതെല്ലാം പരിപൂർണമായും അസംബന്ധമാണ്.ഹാർലിക്വിൻ ഇക്തിയോസിസ് (Harlequin ichthyosis) എന്ന ജനിതക പ്രശ്നത്തോടെ ജനിച്ച ഒരു കുഞ്ഞാണത്. അപൂർവങ്ങളിൽ അപൂർവമായൊരു രോഗാവസ്ഥയാണിത്. ലോകത്താകെ വളരെക്കുറച്ചു കേസുകളേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

 അധ്യാപകർ അറിയാൻ

അധ്യാപകർക്കായുള്ള ഒരു ലോഗോ സുപ്രീം കോടതി അംഗീകരിച്ചുവെന്നും അതിനി അധ്യാപകർക്കു വാഹനങ്ങളിലും മറ്റും പതിക്കാമെന്നും പറയുന്ന ഒരു സന്ദേശം ലോഗോ സഹിതം വീണ്ടും വാട്സാപ്പിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 2017 മുതൽ രംഗത്തുള്ളതാണ് ഈ വ്യാജസന്ദേശം. സംഗതി വാഹനത്തിൽ പതിക്കുന്നതു കൊണ്ടു കുഴപ്പമില്ല. പക്ഷേ, സുപ്രീം കോടതി ഇത്തരം ലോഗോകളൊന്നും അംഗീകരിച്ചിട്ടില്ല. 2017ലെ അധ്യാപകദിനത്തിൽ പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു അധ്യാപകൻ സ്വന്തം നിലയ്ക്കു ഡിസൈൻ ചെയ്ത ലോഗോയാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA